'അമ്മ' എന്നേയും വിലക്കി, പക്ഷേ സത്യം തെളിഞ്ഞു; നവ്യ നായർ.. ജാതി വാലിനെ കുറിച്ചും
കൊച്ചി: യുവ താരങ്ങളായ ശ്രീനാഥ് ഭാസിയേയും ഷെയിൻ നിഗത്തേയും സിനിമയിൽ നിന്ന് വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് നടി നവ്യ നായർ. സിനിമയാണ് നമ്മുടെ തൊഴിൽ എന്നിരിക്കെ അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. വളർന്ന് വരുന്ന തലമുറയിലെ പലരും ലഹരി ഉപയോഗിച്ചാലേ അഭിനയം വരൂവെന്ന് ചിന്തിക്കുന്നവരാണെന്നും നവ്യ പറഞ്ഞു. മനോരമ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നവ്യയുടെ പ്രതികരണം. വായിക്കാം
വിലക്ക് ഞാനും നേരിട്ടുണ്ട്. 'പട്ടണത്തിൽ സുന്ദരൻ' എന്ന സിനിമയുടെ സമയത്ത് ഞാൻ പ്രതിഫലം കൂട്ടി ചോദിച്ചു എന്ന പേരിൽ സിനിമയുടെ നിർമാതാവ് എനിക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് എനിക്കും വിലക്ക് വന്നു. ആ സമയത്ത് എന്നെ 'ബാൻഡ് ക്വീൻ' എന്നൊക്കെ വിളിച്ച് കളിയാക്കിയവരുണ്ട്. പിന്നീട് അത് സത്യമല്ല എന്ന് തെളിഞ്ഞു.

ഞാൻ അങ്ങനെ പൈസ കൂട്ടി ചോദിച്ചിട്ടില്ല. പക്ഷേ എനിക്ക് വിലക്ക് വന്നിരുന്നു. അമ്മ അസോസിയേഷനൊക്കെ ചേർന്ന് എന്നെ വിലക്കിയതിന് ശേഷമാണ് എന്റെ ഭാഗം എല്ലാവരും കേട്ടത്. എന്റെ ഭാഗത്ത് തെറ്റില്ല എന്ന് മനസ്സിലാക്കി ആ വിലക്ക് നീക്കുകയും ചെയ്തു. അങ്ങനെ എന്റെ ജീവിതത്തിലും ഒരു വിലക്ക് സംഭവിച്ചിട്ടുണ്ട്,'-നവ്യ നായര്‍ പറഞ്ഞു.
ഭാസിയേയും ഷെയ്നിനേയും വിലക്കിയിട്ടുണ്ട്. നമ്മുടെ ജോലിയാണിത്.ഇതുകൊണ്ടാണ് നമ്മൾ ഫെയ്മെസ് ആയത്. ആഡംബര ജീവിതം ജീവിക്കുന്നത്, പ്രശസ്തി കിട്ടിയത്.അതുകൊണ്ട് തന്നെ അച്ചടക്കം പാലിക്കേണ്ടതുണ്ട്. വലിയ താരങ്ങളെയൊക്കെ വെച്ച് നോക്കുമ്പോൾ മനസിലാകും അവരൊക്കെ അച്ചടക്കമുള്ളവരാണെന്ന്.
ഇപ്പോൾ താരങ്ങളെ വിലക്കിയ കാരണം അച്ചടക്ക വിഷയമാണെങ്കിൽ ഇത് അവർ മാറ്റിയാൽ നല്ലതായിരിക്കും. ലഹരി ഉപയോഗമൊക്കെ വ്യക്തിപരമായ കാര്യമാണെങ്കിലും എന്നോട് ചോദിച്ചാൽ തെറ്റാണെന്ന് തന്നെയാണ് അഭിപ്രായം. വളർന്ന് വരുന്ന തലമുറയിലെ പലരും ഇത് ഉപയോഗിച്ചാലേ അഭിനയം വരൂ എന്ന ചിന്തയൊക്കെ തെറ്റാണ്', താരം പറഞ്ഞു.
കലോത്സവ വേദിയിൽ വെച്ച് നവ്യ കരയുന്ന വീഡിയോ ഇപ്പോഴും ട്രോൾ ആവാറുണ്ട്. അത്തരം ട്രോളുകളെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് അതൊന്നും കുഴപ്പമല്ല, അതൊക്കെ നമ്മൾ ചെയ്തത് തന്നെ അല്ലേയെന്നായിരുന്നു നവ്യയുടെ പ്രതികരണം. 'അതായിരുന്നു ഇന്നത്തെ ശരി, എല്ലാ കാലത്തും എല്ലാം ശരിയാവണം എന്നില്ല, മനുഷ്യൻ എല്ലാകാലത്തും മാറികൊണ്ടിരിക്കുകയാണ്. നമ്മുടെ ചിന്തകളിലൊക്കെ മാറ്റം വരും. ഇന്നത്തെ എന്റെ ശരിയാകണമെന്നില്ല നാളത്തെ ശരി', നവ്യ പറഞ്ഞു.
പേരിലെ ജാതി പേര് മാറ്റുന്നതിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ-'കുട്ടികൾ പോലും എന്നെ നവ്യ നായരെ എന്നാണ് വിളിക്കുന്നത്. അതൊന്നും ജാതി വാല് മനസിലാക്കിയിട്ടല്ല. എന്റെ ശരിക്കുള്ള പേരിൽ ഒരു ജാതിവാലും ഇല്ല. എന്റെ പേര് ധന്യ വീണയാണ്. ജാതി പേര് മോശമായിട്ടല്ല പറയുന്നത്'

നാളെ ഞാൻ നവ്യ എന്ന് പറഞ്ഞാലും ആളുകൾ നവ്യ നായരെന്നെ പറയുള്ളൂ. ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ സിനിമയിലേക്ക് വരുമ്പോൾ സിനിമയിലെ സംവിധായകരൊക്കെ ചേർന്ന് തീരുമാനിച്ച പേരാണത്. നമ്മുക്ക് വലിയ വോയിസൊന്നും ഇല്ല', നവ്യ പറഞ്ഞു.
ബിജെപിയുടെ യുവം പരിപാടിയിൽ പങ്കെടുത്തതിന് കടുത്ത വിമർശനം നവ്യ കേട്ടിരുന്നു. എന്നാൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് അദ്ദേഹം എന്നും അദ്ദേഹത്തിനൊപ്പം ഒരു വേദി പങ്കിടാൻ സാധിച്ചതിൽ സന്തോഷമേ ഉള്ളൂവെന്നും നവ്യ പറഞ്ഞു. ആളുകൾക്ക് വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും താരം പറഞ്ഞു.












Click it and Unblock the Notifications