മുല്ലപ്പൂവ് കേസില്‍ ഫൈന്‍ അടച്ചോ? നവ്യയുടെ പ്രതികരണം; ഒന്നേകാല്‍ ലക്ഷത്തിനേക്കാള്‍ വിലയുള്ള കാര്യങ്ങളുണ്ട്
ഒരിടവേളയ്ക്കു ശേഷം സിനിമകളില്‍ സജീവമാകുന്നതിന്റെ തിരക്കിലാണ് മലയാളികളുടെ പ്രിയപ്പെട്ട നടി നവ്യാ നായര്‍. നൃത്തവും അഭിനയവും സ്റ്റേജ് പരിപാടികളും ടെലിവിഷന്‍ ഷോകളും അഭിമുഖങ്ങളും ഒക്കെയായി ഇപ്പോള്‍ എന്നും പ്രേക്ഷകരുടെ മുന്നില്‍ നവ്യ എത്താറുണ്ട്. കൊച്ചിയില്‍ നൃത്ത വിദ്യാലയം ആരംഭിച്ച നവ്യ ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം പങ്കുവെക്കാറുണ്ട്. ജീവിതത്തെക്കുറിച്ച് നവ്യ പങ്കുവെക്കുന്ന വീക്ഷണങ്ങളും ഏറെ ശ്രദ്ധേയമാണ്.
നവ്യയുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും വലിയ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ ഓസ്‌ട്രേലിയയില്‍ ഒരു പരിപാടിയുടെ ഭാഗമായി എത്തിയ നവ്യയ്ക്ക് മെല്‍ബണ്‍ വിമാനത്താവളത്തില്‍ നിന്ന് ഒന്നേകാല്‍ ലക്ഷത്തോളം രൂപ പിഴ ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. 15 സെന്റീമീറ്റര്‍ നീളമുള്ള മുല്ലപ്പൂവ് കൈവശം വെച്ചതിന്റെ പേരിലാണ് ഇത്രയും വലിയ തുക പിഴയായി ലഭിച്ചത്. മുല്ലപ്പൂവ് കൊണ്ടുപോകുന്നത് കൃത്യമായി രേഖപ്പെടുത്താതിരുന്നതിന്റെ പേരിലാണ് എയര്‍പോര്‍ട്ടില്‍ വച്ച് ഇത്രയും വലിയ പിഴ ചുമത്തിയത്.

ഓസ്‌ട്രേലിയയില്‍ വച്ച് തനിക്ക് നേരിട്ട അനുഭവം പിന്നീട് മാധ്യമങ്ങളിലൂടെ നവ്യ പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിന്റെ അപ്‌ഡേറ്റ് ആണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. നവ്യ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം പാതിരാത്രി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി തിയറ്ററില്‍ എത്തിയപ്പോഴാണ് നവ്യ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്.
മുല്ലപ്പൂവിന്റെ പിഴയായ ഒന്നേകാല്‍ ലക്ഷം രൂപ കൊടുത്തോ എന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യം. നവ്യയുടെ വാക്കുകള്‍: 'ഇതുവരെ ഫൈന്‍ അടച്ചിട്ടില്ല. പെറ്റീഷന്‍ സമര്‍പ്പിക്കാനായി അവിടുത്തെ ഉദ്യോഗസ്ഥര്‍ പറഞ്ഞത് അനുസരിച്ച് മെയില്‍ അയച്ചിട്ടുണ്ട്. അതില്‍ പിന്നീട് അനക്കമൊന്നും ഉണ്ടായിട്ടില്ല. പൈസ മിക്കവാറും കൊടുക്കേണ്ടി വരും.
ഇവിടെ പാതിരാത്രിയുടെ പ്രമോഷനാണ് നടക്കുന്നത്. എന്റെ കൈയിലെ പൈസ പോയാലും ഇതിന്റെ പ്രൊഡ്യൂസറുടെ കയ്യിലെ പൈസ പോകാതിരിക്കുക എന്നുള്ളതാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം. എന്റെ ഒന്നേകാല്‍ ലക്ഷത്തേക്കാള്‍ വലുത് എന്റെ പ്രൊഡ്യൂസറുടെ കോടികളാണ്' - നവ്യ കൂട്ടിച്ചേര്‍ത്തു. ഇനി മുല്ലപ്പൂവ് ചൂടുമോ എന്നുള്ള ചോദ്യത്തിന് മുല്ലപ്പൂവ് വിട്ടുള്ള കളിയില്ലെന്നും നവ്യ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യമാണ് നവ്യയ്ക്ക് പിഴ ലഭിച്ചത്. അന്ന് 28 ദിവസത്തിനകം പിഴ അടയ്ക്കണം എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ആ സമയപരിധി ഇപ്പോള്‍ കഴിഞ്ഞു. പിഴ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നവ്യ നടത്തിയിരുന്നു.












Click it and Unblock the Notifications