തിരുവനന്തപുരത്ത് നക്‌സലൈറ്റുകള്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരില്‍ ആറ് അന്യ സംസ്ഥാനക്കാരെ തോക്കുമായി പോലീസ് പിടികൂടി. ഇവര്‍ നക്‌സലൈറ്റുകളാണെന്നാണ് പോലീിന്റെ വിലയിരുത്തല്‍. തമ്പാനൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
ആന്ധ്ര സ്വദേശികളായ ആറ് പേരെയാണ് പിടികൂടിയത്. രണ്ട് ലോഡ്ജുകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ രണ്ട് പേര്‍ മുന്‍ നക്‌സലുകളാണ്. ഇവരില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തോക്കും മൂന്ന് വെടിയുണ്ടകളും ആണ് ആയുധമായി ഇവരുടെ പക്കലുണ്ടായിരുന്നത്.

രാമയ്യ, കുമാരസ്വാമി, ജതേഷ്, ജയേഷ് തുടങ്ങി ആറ് പേരാണ് പിടിയിലായിട്ടുള്ളത്. ആന്ധ്രയില്‍ കൊലപാതകം നടത്തി ഒളിവില്‍ താമസിക്കാനാണ് ഇവര്‍ കേരളത്തിലെത്തിയതെന്നാണ് പോലീസിന്റെ ഒരു നിരീക്ഷണം. പിടിയിലായവരെ കൂറിച്ച് ആന്ധ്ര പോലീസിന് വിവരം നല്‍കിയിട്ടുണ്ട്.
കേരളം കാണാനെത്തിയ സഞ്ചാരികളാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇക്കാര്യം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവര്‍ക്കെതിരെ നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിന് കേസെടുത്തിട്ടുണ്ട്.
മാവോയിസ്റ്റ് സംഘടനയുമായി ബന്ധമില്ലെന്നാണ് ഇവര്‍ പറയുന്നത്. സ്വയരക്ഷക്കാണ് തോക്ക് കൈവശം വച്ചിരിക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്.
മാവോയിസ്റ്റുകള്‍ കേരളത്തില്‍ തമ്പടിക്കുന്നതായി നേരത്തെ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ വനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം എന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
വയനാട്ടില്‍ മാവോവാദികള്‍ പരസ്യമായി രംഗത്ത് വരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. ഒരു പോലീസുകാരന്റെ വീട്ടിലെത്തി മാവോയിസ്റ്റുകള്‍ വധഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് പിടിയിലായവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയരാക്കേണ്ടിവരും എന്നാണ് പോലീസിന്റെ വിലയിരുത്തല്‍.












Click it and Unblock the Notifications