നസ്രിയയെ ഇനി ഒടിടിയില്‍ കാണാം; അതും മലയാളത്തില്‍ അല്ല; വെബ് സീരിസില്‍ വമ്പന്‍ താരനിര
എത്ര പ്രായം ഏറിയാലും മലയാളി സിനിമാ പ്രേക്ഷകരുടെ വീട്ടിലെ കുട്ടിയാണ് നസ്രിയ നസീം. കൊച്ചു പ്രായത്തില്‍ ടെലിവിഷന്‍ അവതാരികയായി എത്തി പിന്നീട് മലയാളം, തമിഴ് സിനിമാ മേഖലയില്‍ തന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ നസ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പളുങ്ക് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് അരങ്ങേറ്റം കുറിച്ചത്.
മാഡ് ഡാഡി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. പിന്നീട് നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേക്ക് അനായാസം കയറാന്‍ നസ്രിയയ്ക്ക് കഴിഞ്ഞു. അതിനിടെ തമിഴിലും അഭിനയിച്ച് അവിടുത്തെ ആരാധകരുടെ ഹൃദയത്തിലും ഇടം നേടി.
ഫഹദുമായുള്ള വിവാഹവും വലിയ ആഘോഷമായി നടന്നു. എന്നാല്‍ വിവാഹ ശേഷം സിനിമ കരിയറില്‍ വലിയ ഇടവളകളും നസ്രിയ എടുത്തു. സൂക്ഷ്മദര്‍ശിനി എന്ന മലയാള ചിത്രത്തിലാണ് നസ്രിയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും ലഭിച്ചിരുന്നു.

സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു എങ്കിലും പൊതു വേദികളിലും സമൂഹ മാധ്യമങ്ങളിലും നസ്രിയ വളരെ സജീവമായിരുന്നു. എന്നാല്‍ അടുത്തിടെ പൊതുവേദികളില്‍ നിന്ന് നസ്രിയ അകന്നു നിന്നത് വലിയ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കി. ഫഹദുമായി പിരിയുകയാണെന്ന് വരെ വാര്‍ത്തകള്‍ പരന്നു. വ്യക്തിപരമായ പ്രയാസങ്ങളും വെല്ലുവിളികളും കാരണം ഞാന്‍ എന്നില്‍ തന്നെ ചുരുങ്ങുകയായിരുന്നു എന്ന നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വലിയ ചര്‍ച്ചയാവുകയും ചെയ്തു.
ഇക്കഴിഞ്ഞ ഓണക്കാലത്ത് ഫഹദും നസ്രിയയും ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ ഇരുവരും പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമായി. നസ്രിയയുടെ ഈ ചിത്രങ്ങള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.
ഇപ്പോഴിതാ നീണ്ട ഇടവേയ്ക്ക് ശേഷം ഒരു തമിഴ് വെബ് സീരിസില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നസ്രിയ നസീം. സോണി ലിവ് ഒരുക്കുന്ന ദ് മദ്രാസ് മിസ്റ്ററി: ഫാള്‍ ഓഫ് എ സൂപ്പര്‍ സ്റ്റാര്‍ എന്ന സീരിസിലൂടെയാണ് വെബ് സീരിസില്‍ അരങ്ങേറുന്നത്. സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന സീരിസില്‍ നാട്ടി സുബ്രഹ്‌മണ്യം, ശാന്തനു ഭാഗ്യരാജ്, നാസര്‍, വൈജി മഹേന്ദ്രന്‍ എന്നിവരും അഭിനയിക്കുന്നു.
1940കളുടെ പശ്ചാത്തലത്തിലാണ് ഈ ത്രില്ലര്‍ വിഭാഗത്തിലുള്ള വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന കുപ്രസിദ്ധമായ ലക്ഷ്മീകാന്തന്‍ കൊലപാതക കേസിനെ അടിസ്ഥാനമാക്കിയുള്ള ത്രില്ലര്‍ ആണിത്. 11 വര്‍ഷത്തിനു ശേഷമാണ് നസ്രിയ വീണ്ടും തമിഴകത്തെത്തുന്നത്. 2014-ല്‍ റിലീസ് ചെയ്ത 'തിരുമനം എനും നിക്കാഹ്' ആണ് നസ്രിയ അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. പുതിയ സീരീസിലെ നസ്രിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോണി ലിവ് പുറത്തുവിട്ടു.












Click it and Unblock the Notifications