'എന്‍സിപി എല്‍ഡിഎഫ് വിടില്ല'; കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമെന്ന് എ വിജയരാഘവന്
തിരുവനന്തപുരം: എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ തുടരുമെന്ന എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്. എന്‍സിപി മുന്നണി വിടുമെന്നുള്ള വാര്‍ത്തകളെ വിജരാഘവന് തള്ളിക്കളഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ വലിയ ആശയക്കുഴപ്പമാണ് നടക്കുന്നതെന്ന് വിജയരാഘവന് ആരോപിച്ചു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസാരിക്കുന്നത് പരസ്പര വിരുദ്ധമായാണ്. കോണ്‍ഗ്രസ് വര്‍ഗീയ ബന്ധങ്ങള്‍ തുടരുകയാണ്. മുസ്ലിം ലീഗും വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ട്. ബന്ധം തുടരുമെന്നതാണ് ലീഗ് പറയുന്നത്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് വ്യകതമാക്കാന് തയാറാവണമെന്നും എ വിജയരാഘവന് വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വര്‍ഗീയ നിലപാടിനെ ന്യായീകരിക്കാന്‍ പ്രതിപക്ഷം മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയാണ്. മുഖ്യമന്ത്രിയുടേത് ശരിയായ രാഷ്ട്രീയ സമീപനവും നിലപാടുമാണ്. തെറ്റായ പ്രചരണം ജനം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം മനസിലാക്കണം. ലീഗിന്റെ കൊലപാതക രാഷ്ട്രീയത്തെ വിമര്‍ശിക്കാന്‍ രമേശ് ചെന്നിത്തല തയാറാവുന്നില്ല, ബിജെപിക്ക് വളരാന്‍ യുഡിഎഫ് അവസരമുണ്ടാക്കുകയാണ്. പ്രതിപക്ഷം ഉയര്‍ത്തിയ തെറ്റായ വിമര്‍ശനങ്ങളെ ജനങ്ങള്‍ നിരാകരിച്ചു. കേരളത്തിന്റെ പൊതുവളര്ച്ചയാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നതെന്നും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ട് എല്‍ഡിഎഫിന്റെ ഭാഗമായതോടെയാണ് എന്‍സിപിക്ക് എല്‍ഡിഎഫില്‍ അതൃപ്തി ആരംഭിച്ചത്. കെഎം മാണിയുടെ മണ്ഡലമായ പാല സീറ്റ് നിലവില്‍ എന്‍സിപിയുടെ കയ്യിലാണ്. പാല എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന് പാല സീറ്റ് ആര്‍ക്കും വിട്ട് നല്‍കില്ലെന്ന് ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫ് വിടാന്‍ എന്‍സിപിക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസം മാണി സി കാപ്പന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാകും എന്‍സിപി അന്തിമ തീരുമാനത്തിലേക്കെത്തുകയെന്നാണ് സൂചന