എകെ ശശീന്ദ്രനെ ന്യായീകരിച്ച് പിസി ചാക്കോ; മന്ത്രി ഇടപെട്ടത് പാര്‍ട്ടിയിലെ പ്രശ്‌നം പരിഹരിക്കാന്‍
കൊല്ലം: കുണ്ടറയിലെ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച മന്ത്രി എകെ ശശീന്ദ്രന്റെ നടപടിയെ ന്യായീകരിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ രംഗത്ത്. പെണ്‍കുട്ടിയുടെ അച്ഛനെ മന്ത്രി ഫോണ്‍ ചെയ്തത് പാര്‍ട്ടിയിലെ പ്രശ്‌നം പരിഹരിക്കാനാണെന്ന് പിസി ചാക്കോ പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് മന്ത്രി ഈ പ്രശ്‌നത്തില്‍ ഇടപെട്ടത്. ശശീന്ദ്രന്‍ ഇടപെട്ടാല്‍ പ്രശ്‌നം തീരുമാന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്. കേസ് ഒത്തുതീര്‍ക്കണമെന്ന് ശശീന്ദ്രന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെടില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്റെ ചോദ്യങ്ങളില്‍ സംശയമുണ്ടെന്നും മന്ത്രിയെ കുടുക്കാനാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിവാദം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ട് വിശദീകരണം നല്‍കി. ക്ലിഫ് ഹൗസില്‍ നേരിട്ട് എത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് വിശദീകരണം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് നേരിട്ട് കാണാന്‍ എത്തിയത്.

എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും അത് ബോധ്യപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് പാര്‍ട്ടിയുടെ നേതാക്കള്‍ തമ്മിലുള്ള വിഷയമായത് കൊണ്ട് മാത്രമാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചത്. അതേസമയം, സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരിലെ ഒരു മന്ത്രിക്ക് നേരെ ഇത്തരത്തിലുള്ള ആരോപണം നേരിട്ടതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടപെടല്‍ നടത്തിയ മന്ത്രി എകെ ശശീന്ദ്രനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്നും ഒത്തുതീര്‍ക്കാന്‍ ഇത് പാര്‍ട്ടി വിഷയമല്ലെന്നും യുവതിയുടെ പിതാവ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല. അന്വേഷണം നടന്നാല്‍ മാത്രമേ തൃപ്തിയുണ്ടോ എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. ശശീന്ദ്രനെതിരെ എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മിഷനെ കുറിച്ച് അറിയില്ല. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കമ്മിഷന്‍ ഉണ്ടെങ്കില്‍ സഹകരിക്കുമെന്നും യുവതിയുടെ അച്ഛന്‍ അറിയിച്ചിരുന്നു.
സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications