എന്‍സിപി മന്ത്രിസ്ഥാനം പങ്കിടും; എകെ ശശീന്ദ്രനുശേഷം തോമസ് ചാണ്ടി
തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയിലേക്കുള്ള എന്‍സിപി മന്ത്രിയെ പാര്‍ട്ടി തീരുമാനിച്ചു. ആദ്യ രണ്ടരവര്‍ഷം എ കെ ശശീന്ദ്രനും പിന്നീട് തോമസ് ചാണ്ടിയുമാണ് മന്ത്രിയാകുക. എന്‍സിപിക്ക് ലഭിച്ച ഒരു മന്ത്രിസ്ഥാനത്തെചൊല്ലി തര്‍ക്കം ഉടലെടുത്തതോടെയാണ് കേന്ദ്രനേതൃത്വം ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കിയത്.
എലത്തൂര്‍ എംഎല്‍എ എ.കെ.ശശീന്ദ്രന് ആദ്യം ഊഴം നല്‍കാമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നിര്‍ദ്ദേശിച്ചു. രണ്ടര വര്‍ഷത്തിനുശേഷം കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി മന്ത്രിപദം കൈയാളും. ഇതോടെ ഇടതുപക്ഷ മന്ത്രിസഭയിലെ 18 അംഗങ്ങളുടെ കാര്യത്തിലും തീരുമാനം ആയിക്കഴിഞ്ഞു. 19 അംഗ മന്ത്രിസംഭ ബുധനാഴ്ച വൈകിട്ടാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

സിപിഎം 12, സിപിഐ 4, ജെഡി(എസ്), എന്‍സിപി, കോണ്‍ഗ്രസ് (എസ്) എന്നീ പാര്‍ട്ടികള്‍ക്ക് ഒന്നുവീതം എന്നിങ്ങനെയാണ് മന്ത്രിസഭയിലെ പ്രാതിനിധ്യം. സിപിഎം, സിപിഐ മന്ത്രിമാരെ നേരത്തെ നിശ്ചയിച്ചിരുന്നു. കടന്നപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് എസ് മന്ത്രിയാകുക.
ജനതാദളിന് (എസ്) ലഭിച്ച മന്ത്രിപദവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ തര്‍ക്കം നിലനില്‍ക്കുന്നത്. മാത്യു ടി തോമസ്, കൃഷ്ണന്‍ കുട്ടി ഇവരില്‍ ആരെങ്കിലുമാകും ജനതാദളിന്റെ മന്ത്രിയാകുക. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച അന്തിമ തീരുമാനം അറിയിക്കാമെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്. തീരുമാനം നീളുകയാണെങ്കില്‍ രണ്ട് എംഎല്‍എമാര്‍ക്കും രണ്ടരവര്‍ഷംവീതം മന്ത്രിസ്ഥാനം വീതിച്ചുനല്‍കും.












Click it and Unblock the Notifications