'തോമസ് കെ തോമസ് തോമസിനെ മന്ത്രിയാക്കണം'; എകെ ശശീന്ദ്രനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന നേതൃത്വം
തോമസ് കെ തോമസിന് മന്ത്രി സ്ഥാനത്തിനായി വീണ്ടും ചരടുവലിച്ച് എൻസിപി സംസ്ഥാന നേതൃത്വം. തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ പാർട്ടിക്ക് മന്ത്രി സ്ഥാനം വേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇന്ന് ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ മന്ത്രിമാറ്റം വേണമെന്ന ഉറച്ച നിലപാടാണ് നേതാക്കൾ സ്വീകരിച്ചത്. ഇക്കാര്യത്തിൽ ഉടൻ തന്നെ ശരദ് പവാറുമായി ചർച്ച ചെയ്യാനാണ് തോമസ് കെ തോമസ് വിഭാഗത്തിന്റെ നിലപാട്.
അതേസമയം ദേശീയ നേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്ന് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. ദേശീയ നേതൃത്വം എന്ത് നിലപാടെടുക്കുന്നോ അത് അംഗീകരിക്കും. അകവും പുറവും പരിശോധിക്കാതെ നേതൃത്വം തീരുമാനം എടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'എന്ത് തീരുമാനം എടുക്കണമെന്ന് നിർദ്ദേശിക്കുന്നത് ദേശീയ നേതൃത്വമാണ്. ആ നേതൃത്വം ഇക്കാര്യം പരിശോധിക്കട്ടെ. എന്നാൽ ഒറ്റയടിക്ക് നമ്മൾ ഇക്കാര്യത്തിൽ ഒരു നിലപാട് പറയുന്നത് ശരിയല്ല. പാർട്ടിയാണ് എന്നെ മന്ത്രിയാക്കിയത്. മന്ത്രി സ്ഥാനത്ത് തുടരാൻ പറഞ്ഞതും മന്ത്രിയാണ്. മാറി നിൽക്കാൻ പറഞ്ഞാൽ മാറി നിൽക്കും, തുടരാൻ പറഞ്ഞാൽ തുടരും.

നല്ല നേതൃപാടവമുള്ള നേതാക്കൾ തന്നെയാണ് പാർട്ടിയിൽ ഉള്ളത്. അകവും പുറവും പരിശോധിക്കാതെ അഖിലേന്ത്യാ നേതൃത്വം എന്തെങ്കിലുമൊരു തീരുമാനം എടുക്കുമെന്ന് കരുതുന്നില്ല. മുഖ്യമന്ത്രിയോട് ഇത് സംബന്ധിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി നൽകിയ മറുപടി ഞങ്ങൾ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അക്കാര്യങ്ങളെല്ലാം ദേശീയ നേതൃത്വം പരിശോധിക്കുമെന്നാണ് ഞാൻ കരുതുന്നത്', അദ്ദേഹം പറഞ്ഞു.
തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതിനോട് എൻ സി പി ദേശീയ നേതൃത്വം അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ അപ്രതീക്ഷിത ഉടക്കിടുകയായിരുന്നു. എൽ ഡി എഫിലെ രണ്ട് എം എൽ എമാരെ കൂറുമാറ്റാൻ തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തിരുന്നുവെന്ന വിവാദത്തിലാണ് മുഖ്യമന്ത്രി തോമസ് കെ തോമസിൽ അതൃപ്തി പ്രകടിപ്പിച്ചതെന്നായിരുന്നു വാർത്തകൾ. എന്നാൽ കോഴനൽകിയെന്ന വാർത്ത തള്ളി തോമസ് കെ തോമസ് രംഗത്തെത്തി. ജനാധപത്യ കേരള കോൺഗ്രസ് എംഎൽഎ ആന്റണി രാജുവാണ് തനിക്കെതിരായ ആരോപണത്തിന് പിന്നിൽ എന്ന് തോമസ് കെ തോമസ് തുറന്നടിച്ചു. പിന്നീട് എൻ സി പി അന്വേഷണക്കമ്മീഷനും ആരോപണം തള്ളിയിരുന്നു.












Click it and Unblock the Notifications