'പിണറായിയോട് പറയണം.... മന്ത്രിക്കാര്യം ഞങ്ങള്‍ തീരുമാനിച്ചോളാം'; കാരാട്ടിനോട് പവാര്‍
ന്യൂഡല്‍ഹി: സംസ്ഥാനത്തെ എന്‍ സി പിയുടെ മന്ത്രി മാറ്റം സംഭവിച്ച് അനിശ്ചിതത്വം തുടരുന്നു. എ കെ ശശീന്ദ്രന് പകരം തോമസ് കെ തോമസ് തന്നെ മന്ത്രിയാക്കണം എന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടര വര്‍ഷം ശശീന്ദ്രനും രണ്ടര വര്‍ഷം താനും എന്നതായിരുന്നു പാര്‍ട്ടിക്കുള്ളിലെ ധാരണ എന്നാണ് തോമസ് കെ തോമസ് പറയുന്നത്. വിഷയത്തില്‍ ശരദ് പവാര്‍ ഇടപെട്ടിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരുന്നതാണ് താല്‍പര്യം. എന്നാല്‍ പാര്‍ട്ടിയുടെ മന്ത്രിക്കാര്യം തങ്ങള്‍ തീരുമാനിച്ചോളാം എന്നാണ് പവാറിന്റെ നിലപാട്. സി പി എമ്മിന്റെ ജനറല്‍ സെക്രട്ടറി ചുമതലയുള്ള ദേശീയ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ ശരദ് പവാറിന്റെയും പ്രകാശ് കാരാട്ടിന്റെയും സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നിരുന്നു.

തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ശരദ് പവാര്‍ കാരാട്ടിനോട് പറഞ്ഞിട്ടുണ്ട് എന്നാണ് വിവരം. എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയും തോമസ് കെ തോമസ് എം എല്‍ എയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. പിണറായിയോട് ഇക്കാര്യം സംസാരിക്കാം എന്ന് പ്രകാശ് കാരാട്ട് ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.
തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്നാണ് എന്‍ സി പി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാത്തതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം കടുത്ത അതൃപ്തിയിലാണ്. അതേസമയം മന്ത്രി സ്ഥാനത്തില്‍ ഡല്‍ഹിയില്‍ ഇന്നും ചര്‍ച്ച നടന്നേക്കും എന്നാണ് വിവരം. തോമസ് കെ തോമസ് ഇന്ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.
അതിനിടെ ഡല്‍ഹി ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കിയതില്‍ കടുത്ത അതൃപ്തിയിലാണ് ശശീന്ദ്രന്‍. നേതൃത്വത്തെ ശശീന്ദ്രന്‍ അതൃപ്തി അറിയിച്ചു എന്നാണ് വിവരം. അതേസമയം മന്ത്രിയെ മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്ന് ശശീന്ദ്രന്‍ പ്രതികരിച്ചു. അകവും പുറവും പരിശോധിച്ച ശേഷമേ മന്ത്രിയെ മാറ്റുന്നതില്‍ എന്‍ സി പി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മാറണം എന്ന് പറയേണ്ടത് വ്യക്തികള്‍ അല്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications