നേതാക്കൾ പല വഴിക്ക്, ശശീന്ദ്രൻ മാറിനിൽക്കണമെന്ന് യുവനിര; എൻസിപിയുടെ ഒരു സീറ്റ് സിപിഎം ‘ഹൈജാക്ക്’ ചെയ്യുമോ?
കോട്ടയം: നേതാക്കൾ ഏത് വഴിക്കൊക്കെയാണ് പോകുന്നതെന്ന് അണികൾക്ക് തന്നെ അറിയില്ല. തങ്ങൾ നയിക്കുന്ന വഴിയേ അണികൾ വരുമോയെന്ന് നേതാക്കൾക്കും അറിയില്ല. ഏഴ് തവണ മത്സരിച്ചവരൊക്കെ, അത് മന്ത്രിയായാലും, ഒന്ന് മാറിത്തരാമോയെന്ന് യുവനിരയും ചോദിച്ചുതുടങ്ങി. പഴയ വിശ്വസ്തൻ തന്നെ പാളയത്തിൽ പടയൊരുക്കുന്ന വെല്ലുവിളി ഒരുവശത്ത്. മുന്നണിയിൽ നിന്ന് ആകെ കിട്ടുന്ന മൂന്ന് സീറ്റിലൊരെണ്ണം സിപിഎം 'ഹൈജാക്ക്'ചെയ്യുമോയെന്ന ഭീഷണി മറുവശത്തും. ഇതൊക്കെ പരിഹരിക്കേണ്ട സംസ്ഥാന പ്രസിഡന്റ് 'മൗനിബാബ' ആകുമ്പോൾ പാർട്ടിക്കുള്ളിൽ തന്നെ ഗ്രൂപ്പ് മൂന്നെണ്ണം.
സ്ഥാനാർഥി നിർണയം ചൂടുപിടിക്കുമ്പോൾ എൻസിപി (എസ്) നേരിടുന്ന വെല്ലുവിളികൾ ഇങ്ങനെ അനവധിയാണ്. സംസ്ഥാനത്തിന്റെ പലയിടങ്ങളിൽ, പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ, കൂട്ടക്കൊഴിഞ്ഞുപോക്കും ഗ്രൂപ്പിസവും എൻസിപി(എസ്) നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഘടകകക്ഷിയിലെ ഈ പ്രതിസന്ധി ഇടതുമുന്നണിക്ക് തലവേദനയാകുകയും ചെയ്യുന്നു.
എൻസിപി(എസ്)ക്ക് ശക്തമായ അടിവേരുണ്ടായിരുന്ന തെക്കൻ ജില്ലകളിൽ പലയിടത്തും ഇപ്പോൾ അടിയൊഴുക്ക് ശക്തമാണ്. നേതാക്കളും അണികളും മറുകണ്ടവും പലകണ്ടവും ചാടുന്നത് പതിവ് കാഴ്ചയായി. വടക്കൻ ജില്ലകളിലും ഇതിന്റെ തനിയാവർത്തനം തന്നെ. അവിടെയും ദിനേനയെന്നോണം പാർട്ടിമാറ്റം തുടർക്കഥയാകുന്നു. തിരുവനന്തപുരം, പത്തനംതിട്ട ജില്ല കമ്മിറ്റികൾ ഒന്നടങ്കം പാർട്ടി വിട്ടതിന്റെ നടുക്കം മാറുന്നതിന് മുമ്പ് തന്നെ കൂറുമാറ്റത്തിന്റെ ഘോഷയാത്രയായിരുന്നു.കോട്ടയത്ത് സംസ്ഥാന-ജില്ല നേതാക്കൾ പല വഴിക്കായി. കൊല്ലത്ത് ഭൂരിഭാഗവും കൈപ്പത്തി മുറുകെ പിടിച്ച് കോൺഗ്രസിൽ ചേക്കേറി.

ഇടുക്കിയിൽ നേതൃമാറ്റം ഗുണകരമായതുമില്ല. ജില്ല പ്രസിഡന്റ് കെ ടി മൈക്കിളിന് പകരം അനിൽ കൂവപ്ലാക്കൻ ചുമതലയേറ്റെങ്കിലും ഭൂരിഭാഗം പ്രവർത്തകരും പാർട്ടി വിടാനുള്ള തീരുമാനത്തിലാണെന്നാണ് സൂചന. തൃശൂരിലും വെല്ലുവിളികളേറെയുണ്ട്. ജില്ല പ്രസിഡന്റ് മോളി ഫ്രാൻസിസ് കോൺഗ്രസിലെത്തിയിട്ട് മാസങ്ങളായി. സീനിയർ സംസ്ഥാന ജനറൽ സെക്രട്ടറി എവി വല്ലഭൻ എത്തിപ്പെട്ടത് സിപിഎമ്മിലും.
വടക്കും സ്ഥിതി വ്യത്യസ്തമല്ല. കണ്ണൂർ ജില്ല പ്രസിഡന്റ് സുരേശനും അനുയായികളും കോൺഗ്രസിൽ അണി ചേർന്നതിന്റെ ക്ഷീണം ഇനിയും മാറിയിട്ടില്ല. വയനാട്ടിൽ ജില്ല പ്രസിഡന്റ് പ്രേമാനന്ദനെ മാറ്റിയതോടെ പാർട്ടി നിർജീവമായ മട്ടാണ്.കോഴിക്കോട് എത്തുമ്പോൾ മന്ത്രി എ കെ ശശീന്ദ്രനെതിരെ പാളയത്തിൽ പടയുമുണ്ട്. അതിന് നേതൃത്വം നൽകുന്നതാകട്ടെ, പാർട്ടിയുടെ കോഴിക്കോട് ജില്ല പ്രസിഡന്റും എൽ ഡി എഫ് ജില്ല കൺവീനറുമായ മുക്കം മുഹമ്മദും.
ഒരുകാലത്ത് ശശീന്ദ്രന്റെ വിശ്വസ്തനായിരുന്ന മുഹമ്മദ് എതിർശബ്ദം മുഴക്കുന്നുണ്ടെങ്കിലും പഴയ പ്രവർത്തകരിൽ ഭൂരിഭാഗവും അദ്ദേഹത്തിന് അനുകൂലമാണ്. എന്നാൽ, എലത്തൂരിൽ വീണ്ടും മത്സരിക്കാനുള്ള ശശീന്ദ്ന്റെ നീക്കത്തിന് ശക്തമായ എതിർപ്പുണ്ട്. ഏഴ് തവണ മത്സരിച്ച ശശീന്ദ്രൻ മാറിനിൽക്കണമെന്നും പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നുമുള്ള ആവശ്യം യുവനിരയിൽ ശക്തമാണ്.
കുട്ടനാട് സീറ്റിൽ സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് മത്സരിക്കുന്നതിലും ശക്തമായ വിയോജിപ്പുണ്ട്. പി സി ചാക്കോ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞശേഷം ചുമതലയേറ്റ തോമസ് കെ. തോമസ് പാർട്ടിയിലെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്ന പരാതി നേതാക്കളും അണികളും പരസ്യമായി തന്നെ വ്യക്തമാക്കുന്നുണ്ട്. ചുരുക്കത്തിൽ, പാർട്ടിക്കുള്ളിൽ നിലവിലുള്ള മൂന്ന് ഗ്രൂപ്പ് ഇനി എത്രയാകുമെന്ന് ആർക്കും ഒരു തിട്ടവുമില്ലെന്ന മട്ടാണ്.
പാർട്ടിക്കുള്ളിലെ തർക്കം പരിഹരിക്കാൻ വിഷമിക്കുന്നതിനിടെ ഇടതുമുന്നണിയിൽ നിന്ന് നേരിട്ടേക്കാവുന്ന 'വെട്ടിനിരത്തൽ' ഭീഷണിയും കൂനിന്മേൽ കുരു പോലെയുണ്ട്. എൻസിപിയുടെ ഏതെങ്കിലും സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചർച്ച സിപിഎമ്മിൽ പുരോഗമിക്കുകയാണെന്നാണ് സൂചന. നിലവിൽ മൂന്ന് സീറ്റാണ് എൻസിപിക്ക് എൽഡിഎഫിലുള്ളത്. എലത്തൂരും കുട്ടനാടും കോട്ടക്കലും. ആദ്യത്തേത് രണ്ടും സിറ്റിങ് സീറ്റുകളാണ്. മൂന്നാമത്തേതാകട്ടെ, വിജയസാധ്യതയില്ലാത്തതും.
-
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ട്വന്റി-20 സ്ഥാനാര്ത്ഥിയായി മത്സരിക്കാന് ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications