വയനാടിന് വേണ്ടത് വിസിറ്റിങ് ജനപ്രതിനിധിയല്ല; ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കും: നവ്യ ഹരിദാസ്
കല്‍പ്പറ്റ: വയനാട്ടില്‍ ഇത്തവണ എന്‍ ഡി എ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സ്ഥാനാർത്ഥി നവ്യ ഹരിദാസ്. മികച്ച രീതിയിലുള്ള പ്രചരണമാണ് നടക്കുന്നത്. ആളുകളില്‍ നന്നെല്ലാം നല്ല പ്രതികരണം ലഭിക്കുന്നു. വയനാട്ടിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. അത് ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നു. മാറി മാറിവരുന്ന എല്‍ ഡി എഫ്, യു ഡി എഫ് സർക്കാറുകളും മണ്ഡലത്തിലെ എംപി ആയാലും വയനാടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും എന്‍ ഡി എഫ് സ്ഥാനാർത്ഥി വണ്‍ഇന്ത്യ മലയാളത്തോടായി പറഞ്ഞു.
നിരവധി പ്രശ്നങ്ങള്‍ നേരിടുന്ന ജനതയാണ് വയനാട്ടിലേത്. എന്നാല്‍ വയനാട്ടിലെ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രത്യേകിച്ചൊരു പാക്കേജും അവർ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ആ വസ്തുത ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടെല്ലാം തന്നെ വയനാടിനൊരു മാറ്റം അനിവാര്യമാണ്. മോദി സർക്കാറിന് കീഴില്‍ മറ്റ് എല്ലാ ഭാഗങ്ങളിലുമുണ്ടാകുന്ന വികസനം വയനാട്ടില്‍ എത്താത്തിന് കാരണം ജനപ്രതിനിധികളുടെ വീഴ്ചയാണ്. അതിന് ഒരു മാറ്റം വരണമെങ്കില്‍ തീർച്ചയായും ഇവിടെ എന്‍ ഡി എയുടെ ഭാഗമായ ഒരു ജനപ്രതിനിധിയുണ്ടാകണം.

പ്രിയങ്ക ഗാന്ധിയെ വലിയൊരു എതിരാളിയായിട്ട് എന്‍ ഡി എ കാണുന്നില്ല. കുടുംബാധിപത്യത്തിന്റെ ഭാഗമായി വന്ന ഒരു സ്ഥാനാർത്ഥിയായിട്ടാണ് ഞങ്ങള്‍ അതിനെ കാണുന്നത്. കുടുംബപരമായി രാഷ്ട്രീയമുണ്ട് എന്നല്ലാതെ പ്രിയങ്ക വാദ്ര ഇന്നുവരെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടുള്ള വ്യക്തിയല്ല. അതെല്ലാം വെച്ചു നോക്കുമ്പോള്‍ വളരെ സോഷ്യലായി ഇടപഴകാനും വയനാടിന്റെ സ്പന്ദനം തിരിച്ചറിയാനും കഴിയുന്ന ഒരു ജനപ്രതിനിധിയെ അവർക്ക് വേണ്ടതുണ്ടെന്ന് ജനങ്ങള്‍ പറയുന്നുണ്ടെന്നും സ്ഥാനാർത്ഥി പറയുന്നു.
എന്‍ ഡി എ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് മുതല്‍ മണ്ഡലത്തില്‍ സജീവമായ വ്യക്തിയാണ് ഞാന്‍. കല്‍പ്പറ്റയില്‍ ഒരു വീടെടുത്ത് താമസിക്കുന്നു. വളരെ കുറച്ച് ദിവസം മാത്രമാണ് പ്രചരണത്തിനുള്ളതെങ്കിലും ആ സമയത്തിനുള്ളില്‍ പരമാവധി ആളുകളുടെ നേരിട്ട് കണ്ട് അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയാനാണ് ശ്രമിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ സ്ഥിതി നോക്കിയാല്‍ അവർ നോമിനേഷന്‍ സമർപ്പിക്കാനായി വരികയും അപ്പോള്‍ തന്നെ പോകുകയും ചെയ്തു. പിന്നീട് ഒരു രണ്ട് ദിവസത്തേക്ക് വീണ്ടും വിസിറ്റിങിനായി വന്നു. അതേ അവസ്ഥ തന്നെയായിരിക്കും അവർ തിരഞ്ഞെടുക്കപ്പെട്ടാലും ഉണ്ടാകുക. അത്തരമൊരു ജനപ്രതിനിധിയെയാണോ വേണ്ടതെന്ന് വയനാട്ടിലെ ജനങ്ങള്‍ ആലോചിക്കണമെന്നും നവ്യ ഹരിദാസ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications