പ്രതിവർഷം ആറ് സൗജന്യ സിലിണ്ടർ, ക്ഷേമപെൻഷൻ 3500 രൂപയാക്കും; എൻഡിഎ പ്രകടന പത്രിക
ഒരു കുടുംബത്തിൽ ഒരാൾക്ക് വീതം ജോലി നൽകുമെന്നും പ്രകടന പത്രികയിൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ബിജെപിയും. ബിപിഎൽ കുടുംബങ്ങൾക്ക് വർഷം 6 സൗജന്യ പാചകവാതക സിലിണ്ടർ നൽകുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യവുമായി പ്രകടനപത്രിക പുറത്തിറക്കിയത്.

ശബരിമല, ലൗ ജിഹാദ് നിയമനിർമാണം
ശബരിമല ആചാരണ സംരക്ഷണത്തിന് നിയമം നിർമ്മിക്കുമെന്ന് വാഗ്ദാനം. ലൗ ജിഹാദിനെതിരേയും നിയമം കൊണ്ടുവരും. സ്വതന്ത്രവും ഭക്തജനനിയന്ത്രിതവും കക്ഷിരാഷ്ട്രീയ വിമുക്തവുമായ ക്ഷേത്ര ഭരണവ്യവസ്ഥയും പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ്.

ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും തൊഴിൽ
ഒരു കുടുംബത്തിലെ തൊഴില്‍രഹിതരില്‍ ഒരംഗത്തിനെങ്കിലും 20,000 രൂപ പ്രതിമാസ വേതനം ലഭിക്കുന്ന തൊഴില്‍ നൽകുമെന്നും പ്രകടന പത്രികയിൽ.ഒരു കുടുംബത്തിന്റെ വരുമാനമാർഗമായ വ്യക്തികൾ അസുഖബാധിതരായാൽ ആ കുടുംബത്തിന് പ്രതിമാസം 5000 രൂപ നൽകും. കുട്ടികളില്‍ തൊഴിലിന്റെ മഹത്ത്വം ബോധ്യപ്പെടുത്തുകയും പഠനത്തോടൊപ്പം വേതനം (ഏണ്‍ വൈല്‍ യു ലേണ്‍) പദ്ധതിയിലൂടെ പ്രതിവാരം 20 മണിക്കൂര്‍ വരെ വിവിധ സര്‍ക്കാര്‍/സ്വകാര്യ മേഖലകളില്‍ ജോലി എന്നിവയും പത്രികയിൽ.

എല്ലാവര്‍ക്കും വീട്, കുടിവെള്ളം, വൈദ്യുതി
ഭൂരഹിതരായ പട്ടികജാതി പട്ടിക വർഗ കുടുംബങ്ങൾക്ക് ഭൂമി നൽകും. കൃഷി ആവശ്യത്തിനായി അഞ്ച് ഏക്കർ ഭൂമി വരെയാണ് നൽകുക. എല്ലാവര്‍ക്കും വീട്, കുടിവെള്ളം, വൈദ്യുതി, മുഴുവന്‍ തൊഴില്‍മേഖലയിലും മിനിമം വേതനം.

സൂതാര്യമായ നിയമനം
പ്രത്യക്ഷമായോ പരോക്ഷമായോ സര്‍ക്കാരിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലെ നിയമനം പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന മാത്രം. നിയമനങ്ങളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ തടവ് ഉള്‍പ്പടെ ശക്തമായ ശിക്ഷാ നടപടി. ഒഴിവുകള്‍ യഥാസമയം സര്‍ക്കാരിനെ അറിയിക്കുന്നതിനും പിഎസ്‌സി മുഖേന നിയമനം നടത്തുന്നതിനുമുളള സുതാര്യവും അഴിമതിരഹിതവുമായ സംവിധാനം. പിന്‍വാതില്‍ നിയമനങ്ങള്‍ പൂര്‍ണ നിരോധനം. പിഎസ്‌സി മുഖ്യപരീക്ഷയ്ക്ക് മുന്‍പുള്ള യോഗ്യതാ പരീക്ഷ നിര്‍ത്തലാക്കും. പിഎസ്‌സി അംഗങ്ങളുടെ എണ്ണം 19 ല്‍ നിന്ന് പത്തായി കുറയ്ക്കും. പിഎസ്‌സി ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവര്‍ക്ക് അടിസ്ഥാനവിദ്യാഭ്യാസയോഗ്യത നിശ്ചയിക്കും.

തൊഴിലാളിസേന
നിക്ഷേപ കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിച്ച് സമവായത്തിലൂടെ തൊഴിലാളി യൂണിയനുകള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരും. നോക്കുകൂലി, അട്ടിമറികൂലി എന്നിവയ്ക്ക് കര്‍ശന നിരോധനം. പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന നൈപുണ്യ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി സ്ത്രീകളുടെ കൂട്ടായ്മയിലൂടെ ഓരോ ഗ്രാമത്തിലും സൗജന്യ പരിശീലനം സംഘടിപ്പിച്ച് പത്തുലക്ഷം പേരുടെ വിദഗ്ദ്ധ തൊഴിലാളിസേന രൂപീകരിക്കും.

ലേബര്‍ ഇന്നൊവേഷന്‍ മിഷന്‍
ചാരായനിരോധനം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസ പദ്ധതി. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി. പ്രാദേശിക, ദേശീയതലത്തില്‍ ആവശ്യാനുസരണം തൊഴിലാളികളെ നല്‍കാന്‍ ഉതകുന്ന തൊഴില്‍ സംഘങ്ങള്‍. ലേബര്‍ ഇന്നൊവേഷന്‍ മിഷന്‍.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം എന്നിവയും പത്രികയിൽ പറയുന്നു.
Recommended Video

ജനങ്ങൾ മറ്റൊരു പോംവഴിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങി
വികസോൻമുഖമായ ആശയങ്ങളാണ് എൻഡിഎ കേരളത്തിനായി മുന്നോട്ടുവെയ്ക്കുന്നതെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. ഇടതും വലതുമാണ് കാലങ്ങളായി കേരളം ഭരിക്കുന്നത്. ജനങ്ങൾ മറ്റൊരു പോംവഴിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ പേരുമാറ്റി കേരളത്തിൽ നടപ്പിലാക്കുകയാണ് അഞ്ച് വർഷം ഭരണത്തിലിരുന്ന പിണറായി സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications