എറണാകുളത്ത് മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കും.. ഒപ്പം നെടുമ്പാശ്ശേരിയില്‍ പുതിയ സ്റ്റേഷനും
കൊച്ചി: രാജ്യത്തെ റെയില്‍വേ സ്റ്റേഷനകളുടെ വികസനത്തില്‍ ഇടംപിടിച്ച് കൊച്ചിയും. കേന്ദ്ര റെയില്‍വേ മന്ത്രാലയം നവീകരിക്കാന്‍ ലിസ്റ്റ് ചെയ്ത 48 റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയില്‍ എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളും തൃപ്പൂണിത്തുറ സ്റ്റേഷനും ഇടം പിടിച്ചിട്ടുണ്ട്. ദക്ഷിണ റെയില്‍വേയാണ് കൊച്ചിയിലെ മൂന്ന് സ്റ്റേഷനുകളേയും തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത അഞ്ച് കൊല്ലത്തിനിടയില്‍ റെയില്‍വേ നടത്തുന്ന വികസന പദ്ധതികളുടെ കേന്ദ്രമാകും ഈ സ്റ്റേഷനുകള്‍.
ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ മൂന്ന് സ്റ്റേഷനുകള്‍ വീതവും ദക്ഷിണ റെയില്‍വേ തിരഞ്ഞെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കുന്നതില്‍ കൊച്ചി നിര്‍ണായക പങ്കു വഹിക്കുന്നതിനാലാണ് ഈ സ്റ്റേഷനുകള്‍ തിരഞ്ഞെടുത്തത്. എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളും തൃപ്പൂണിത്തുറ സ്റ്റേഷനും ദീര്‍ഘദൂര, ഇന്റര്‍സിറ്റി, പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ കടന്നു പോകുന്ന പ്രധാന സ്റ്റേഷനുകളാണ്.

2030 ന് മുമ്പ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് നിലവിലുള്ള ട്രെയിനുകളുടെ ഇരട്ടി ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങാനാണ് റെയില്‍വെയുടെ ആലോചന. ഇതിനായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലെ കോച്ചിങ് ടെര്‍മിനലുകള്‍ വികസിപ്പിക്കും. എറണാകുളം നോര്‍ത്ത് - ടൗണ്‍ സ്റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ 150.2 കോടി രൂപ ചിലവില്‍ നടക്കുന്നതാണ്. നിലവില്‍ രണ്ട് ഘട്ടങ്ങളിലാണ് നിര്‍മാണം പുരോഗമിക്കുകയാണ്.
ആദ്യഘട്ടം 2026 മേയില്‍ പൂര്‍ത്തിയാക്കും. സ്റ്റേഷന്റെ തെക്കുഭാഗത്താണ് ഒന്നാം ഘട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിലേക്കുള്ള ആകാശ ഇടനാഴി അടക്കമുള്ള പദ്ധതികളടക്കമുണ്ടെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ അന്തിമ ഘട്ടത്തിലാണ്.
എറണാകുളം നഗരത്തിലുള്ള റെയില്‍വേ സ്റ്റേഷനുകളുടെ ബഫര്‍ സ്റ്റേഷനായി പരിഗണിക്കാവുന്നതാണ് തൃപ്പൂണിത്തുറ എന്നതിനാല്‍ തന്നെ സ്റ്റേഷന്‍ വികസനം നിര്‍ണായകമാണ്. മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ആകാശപ്പാതയും പരിഗണനയിലുണ്ട് എന്നാണ് വിവരം. നിലവില്‍ രണ്ട്് പ്ലാറ്റ്‌ഫോം മാത്രമുള്ള ഇവിടെ മൂന്നാമതൊരു പ്ലാറ്റ്‌ഫോം കൂടി നിര്‍മിക്കുന്നതിനെ കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്.
പ്രതിവര്‍ഷം 1.96 കോടിയിലധികം യാത്രക്കാരാണ് എറണാകുളം ജംഗ്ഷനില്‍ എത്തുന്നത് എന്നാണ് കണക്ക്. കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഷനുകളില്‍ ഒന്നാണ് ഇത്. അതേസമയം നെടുമ്പാശ്ശേരിയിലെ റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികളും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഗതിശക്തിയുടെ മേല്‍നോട്ടത്തിലായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. നിലവിലുള്ള റെയില്‍വേ ലൈനിന് കിഴക്കുഭാഗത്തായി റെയില്‍വേയ്ക്ക് സ്ഥലമുണ്ട്. വിമാനത്താവളത്തിന് അടുത്തായതിനാല്‍ റെയില്‍വേ സ്‌റ്റേഷന്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ നിരവധി യാത്രക്കാര്‍ക്ക് ഗുണപരമാകും.












Click it and Unblock the Notifications