നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ രണ്ട് പോലീസുകാര്‍ അറസ്റ്റില്‍... കുഴഞ്ഞ് വീണ് എസ്‌ഐ സാബു
തൊടുപുഴ: നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണത്തില്‍ രണ്ട് പോലീസുകാര്‍ അറസ്റ്റില്‍. എസ്‌ഐ കെഎ സാബുവും സിവില്‍ പോലീസ് ഓഫീസര്‍ ആയ സജീവ് ആന്റണിയും ആണ് അറസ്റ്റിലായത്. കസ്റ്റഡി മരണം സംബന്ധിച്ച് കൃത്യമായ മൊഴികള്‍ ലഭിച്ച സാഹചര്യത്തില്‍ ആയിരുന്നു അറസ്റ്റ്.
അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ എസ്‌ഐ സാബു കുഴഞ്ഞു വീണു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം ആയിരുന്നു എസ്‌ഐയേയും സിപിഒയേയും അറസ്റ്റ് ചെയ്തത്. ഇവര്‍ കുറ്റ സമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ട്.

ചിട്ടിതട്ടിപ്പ് കേസിലെ പ്രതിയായ രാജ് കുമാറിനെ ഇവര്‍ ജൂണ്‍ 12 മുതല്‍ 15 വരെ ക്രൂരമായി മര്‍ദ്ദിത്തു ന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകും എന്നാണ് സൂചന. മദ്യപിച്ചതിന് ശേഷം ആയിരുന്നു പോലീസുകാരില്‍ പലരും രാജ്കുമാറിനെ മര്‍ദ്ദിച്ചത് എന്ന വിവരവും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
രാജ്കുമാറിനെ കസ്റ്റഡിയില്‍ കിട്ടിയ ദിവസങ്ങളില്‍ ഉറങ്ങാനും പോലീസ് അനുവദിച്ചിരുന്നില്ല. മാത്രമല്ല മുളക് അരച്ച് രഹസ്യ ഭാഗങ്ങളില്‍ പുരട്ടിയും ചെയ്തിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ പ്രതികളായ പോലീസുകാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്തായാലും കേസിലെ ആദ്യ അറസ്റ്റ് ആണ് ഇപ്പോള്‍ നടന്നിട്ടുള്ളത്.
ചിട്ടി തട്ടിപ്പ് സംബന്ധിച്ച പരാതിയില്‍ 2019 ജൂണ്‍ 13 ന് ആയിരുന്നു രാജ്കുമാറിനെ പോലീസ് പിടികൂടുന്നത്. ഒടുവില്‍ ജൂണ്‍ 21 ന് ആയിരുന്നു മരണം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ കാരണം ക്രൂരമര്‍ദ്ദനം ആണെന്ന് കണ്ടെത്തിയിട്ടുണ്ടായിരുന്നു.












Click it and Unblock the Notifications