നീറ്റ് പരീക്ഷാ ക്രമക്കേട്: പുനഃപരീക്ഷ എന്ന് ? വിദ്യാർത്ഥികൾ പുതുതായി ഫീസ് അടക്കേണ്ട
പുതിയ നീറ്റ് പരീക്ഷ എന്നാകും എന്ന ആശങ്കയിലാണ് രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ. മെയ് 3-ന് നടന്ന നീറ്റ്-യുജി 2026 പരീക്ഷ പേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും സംബന്ധിച്ച ഗുരുതര ആരോപണങ്ങളെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) റദ്ദാക്കിയതോടെയാണ് അനിശ്ചിതത്വം ശക്തമായത്. പുതിയ പരീക്ഷാ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.
പരീക്ഷാ പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് അന്വേഷണ ഏജൻസികൾ ആശങ്ക അറിയിച്ചതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ പരീക്ഷ റദ്ദാക്കാനുള്ള നിർണായക തീരുമാനം എടുത്തത്. വിദ്യാർത്ഥികൾ ഇനി പുതിയ അപേക്ഷ സമർപ്പിക്കുകയോ അധിക ഫീസ് നൽകുകയോ വേണ്ടതില്ലെന്ന് ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള രജിസ്ട്രേഷനും പരീക്ഷാ നഗര ഓപ്ഷനുകളും സാധുവായിരിക്കും. പുതിയ ഷെഡ്യൂൾ തീരുമാനിച്ച ശേഷം പുതിയ അഡ്മിറ്റ് കാർഡുകളും സിറ്റി ഇൻ്റിമേഷൻ സ്ലിപ്പുകളും പുറത്തിറക്കും.

അതേസമയം ചോദ്യപേപ്പർ ചേർച്ചയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ മറ്റൊരാളെ കൂടി കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ അഹില്ല്യാ നഗരിൽ നിന്ന് ധനഞ്ജയ് ലോഖണ്ഡെ എന്നയാളെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. ചോർന്ന ചോദ്യപ്പേപ്പർ മുഖ്യപ്രതിയായ ശുഭം ഖേർനാറിന് എത്തിക്കുന്നതിൽ ലോഖണ്ഡെയ്ക്ക് പ്രധാന പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വലിയ രീതിയിലുള്ള സംഘടിത പരീക്ഷാ തട്ടിപ്പ് ശൃംഖലയാകാമെന്നുമാണ് സി.ബി.ഐ സംശയിക്കുന്നത്. കേസന്വേഷണത്തിനായി വിവിധ സംസ്ഥാനങ്ങളിലായി പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകൾ, ബാങ്ക് ഇടപാടുകൾ, വാട്ട്സ്ആപ്പ് ചാറ്റുകൾ, ഡിജിറ്റൽ വിവര കൈമാറ്റങ്ങൾ എന്നിവ വിശദമായി പരിശോധിച്ചുവരികയാണ്.
പരീക്ഷയ്ക്ക് മുമ്പ് ചോദ്യപ്പേപ്പർ എങ്ങനെ ചോർന്നു, അത് വിദ്യാർത്ഥികളിലേക്കും ഇടനിലക്കാരിലേക്കും എങ്ങനെ എത്തി തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ സംഘം അന്വേഷക്കുന്നത്. പരിശീലന കേന്ദ്രങ്ങൾ, കൗൺസിലിംഗ് ഏജന്റുമാർ, ഡിജിറ്റൽ മെസ്സേജിംഗ് ഗ്രൂപ്പുകൾ എന്നിവ വഴിയാണ് പേപ്പർ പ്രചരിച്ചതെന്ന സംശയവും ഉയരുന്നുണ്ട്.കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ ലോഖണ്ഡെയെ വിശദമായി ചോദ്യം ചെയ്യാനാണ് സി.ബി.ഐയുടെ നീക്കം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്നാണ് സൂചന.
നീറ്റ് പരീക്ഷ റദ്ദാക്കിയത് രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ പ്രതിഷേധത്തിനും ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്. വർഷങ്ങളായി മെഡിക്കൽ പ്രവേശനത്തിനായി തയ്യാറെടുത്ത വിദ്യാർത്ഥികൾക്ക് ഇത് വലിയ മാനസിക സമ്മർദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. പരീക്ഷാ സുരക്ഷ, ഡിജിറ്റൽ ചോർച്ചാ ശൃംഖലകൾ, ദേശീയ പ്രവേശന പരീക്ഷകളിലെ സുതാര്യത എന്നിവയെക്കുറിച്ചും വിവാദം ഗൗരവമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
അതേസമയം, സോഷ്യൽ മീഡിയയിലൂടെയും അനൗദ്യോഗിക വൃത്തങ്ങളിലൂടെയും പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് എൻടിഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ഔദ്യോഗിക അറിയിപ്പുകളും എൻടിഎയുടെ ഔദ്യോഗിക ചാനലുകളിലൂടെയായിരിക്കും പുറത്തുവിടുക.












Click it and Unblock the Notifications