Get Updates
Get notified of breaking news, exclusive insights, and must-see stories!

നീറ്റ് പരീക്ഷാ ക്രമക്കേട് ഗൗരവകരമായ വിഷയം; കേന്ദ്രം എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിനും പരീക്ഷാ നടത്തിപ്പുകാരായ എന്‍ടിഎയ്ക്കും സുപ്രീംകോടതി നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമാണിതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ക്രേമക്കേട് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായി ഇടപെടാത്തത് ആശ്ചര്യമുണ്ടാക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. നേരത്തെ സംസ്ഥാന തലത്തിലാണ് മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ നടത്തിയിരുന്നത്. കേന്ദ്ര സര്‍ക്കാരാണ് ദേശീയ തലത്തിലേക്ക് നീറ്റ് പരീക്ഷ കൊണ്ടുവന്നത്. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രത്തിന് സാധിച്ചില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറയുന്നു.

ചെറിയ ശതമാനം വീഴ്ചയാണ് ഉണ്ടായതെങ്കില്‍ പോലും നടപടി വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്‍ടിഎ രണ്ടാഴ്ച്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന ഘട്ടത്തിലാണ് സുപ്രീംകോടതി ഇടപെടല്‍. നീറ്റ് യുജിയില്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചിരുന്നു. ഇത്രയേറെ പേര്‍ക്ക് ഒന്നാം റാങ്ക് ലഭിക്കുന്നത് ആദ്യമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

pinarayivijayan-neetexam

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം വായിക്കാം...

''മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള നീറ്റ്-യുജി പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനും നീറ്റ് പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയ്ക്കും (എന്‍ടിഎ) സുപ്രീം കോടതി ഇന്ന് നോട്ടീസ് അയച്ചിരിക്കുകയാണ്. നീറ്റ് യുജി പരീക്ഷാ ഫലത്തെപ്പറ്റി ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന കാര്യമാണ്.

പരീക്ഷയുടെ നടത്തിപ്പില്‍ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായ ഇടപെടലിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തത് ആശ്ചര്യജനകമാണ്. നേരത്തെയുണ്ടായിരുന്ന സംസ്ഥാനതലത്തിലുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ നിര്‍ത്തലാക്കി ദേശീയതലത്തില്‍ നീറ്റ് പരീക്ഷ കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരുകള്‍ കുറ്റമറ്റ രീതിയിലായിരുന്നു മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തിയത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച വിവാദവും ഉള്‍പ്പെടെ ഗുരുതരവീഴ്ചകളാണ് ഈ വര്‍ഷം നീറ്റ് പരീക്ഷയില്‍ പലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതു സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാനും വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാനും കേന്ദ്ര സര്‍ക്കാരിനോ പരീക്ഷാ നടത്തുന്ന ഏജന്‍സിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.

രാജ്യത്തെ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ചു പന്താടുന്ന സമീപനമാണ് അധികാരികള്‍ തുടരുന്നത്. ഒളിച്ചുകളി അവസാനിപ്പിച്ച് വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് അടിയന്തിരമായി പരിഹാരം കാണാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+