'വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാന': നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു
ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാന. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തോമസ് കെ. തോമസ് എം എല്‍ എയും സിനിമ-സീരിയല്‍ താരം ഗായത്രി അരുണും ചേര്‍ന്ന് എന്‍ ടി ബി ആര്‍. സൊസൈറ്റി ചെയര്‍പേഴ്സണായ ജില്ല കളക്ടര്‍ ഹരിത വി. കുമാറിന് നല്‍കിയാണ് ഭാഗ്യചിഹ്നം പ്രകാശനം നിര്‍വഹിച്ചത്. ഓഗസ്റ്റ് 12 നാണ് ഇത്തവണത്തെ വള്ളംകളി മത്സരം നടക്കുന്നത്.
വള്ളംകളിയെക്കുറിച്ചുള്ള കുട്ടിക്കാല ഓര്‍മകള്‍ ചേര്‍ത്തലക്കാരികൂടിയായ നടി ഗായത്രി പങ്കുവെച്ചു. വള്ളംകളിയുടെ ചിഹ്നം പതിച്ച തൊപ്പി അച്ഛന്‍ കൊണ്ടുവരുന്നതിനായി കുട്ടിക്കാലത്ത് കാത്തിരുന്നിട്ടുണ്ടെന്നും അവര്‍ ഓര്‍ത്തു. ഇടുക്കി കുളമാവ് സ്വദേശിയായ കല്ലടപ്പറമ്പില്‍ പി. ദേവപ്രകാശാണ് (ആര്‍ട്ടിസ്റ്റ് ദേവപ്രകാശ്) ഭാഗ്യചിഹ്നം വരച്ചത്. സമ്മാനത്തുകയായി 5001 രൂപ ലഭിക്കും. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തില്‍ 250 ഓളം എന്‍ട്രികളാണ് ലഭിച്ചത്. ചിത്രകാരന്‍മാരായ സതീഷ് വാഴവേലില്‍, സിറിള്‍ ഡോമിനിക്, ടി. ബേബി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്.

ചടങ്ങില്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സൂരജ് ഷാജി, നഗരസഭ കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, സുവനീര്‍ കമ്മറ്റി കണ്‍വീനറായ എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, ഇന്‍ഫാസ്ട്രക്ചര്‍ കമ്മറ്റി കണ്‍വീനര്‍ എം.സി. സജീവ് കുമാര്‍, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ എബി തോമസ്, കെ. നാസര്‍, റോയ് പാലത്ര, എ. കബീര്‍, രമേശന്‍ ചെമ്മാപറമ്പില്‍, പ്രസ് ക്ലബ് പ്രസിഡന്റ് എസ്. സജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
വള്ളംകളി സാഹിത്യ രചനാമത്സരം
69-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി സുവനീര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹിത്യ രചനാമത്സരങ്ങള്‍ ജൂലൈ 31-ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ ഉദ്ഘാടനം ചെയ്യും.ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. മത്സര ദിവസം രാവിലെ വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9061481390.
റീല്‍സ് തയ്യാറാക്കി സമ്മാനം നേടാം
വള്ളംകളിയോട് അനുബന്ധിച്ച് പബ്ലിസിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. നെഹ്റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ റീല്‍സാണ് സമര്‍പ്പിക്കേണ്ടത്. മത്സരാര്‍ത്ഥികള്‍ ഒരു മിനിട്ടില്‍ താഴെയുള്ള റീല്‍സ് തയ്യാറാക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഇന്‍സ്റ്റഗ്രാം പേജിലേക്ക് (i_and_prd_alappuzha_) മെസ്സേജായി അയക്കണം.
വള്ളംകളിയുമായി ബന്ധപ്പെട്ടതല്ലാത്ത റീലുകള്‍ പരിഗണിക്കുന്നതല്ല. ഒരാള്‍ക്ക് ഒന്നിലേറെ റീലുകള്‍ തയ്യാറാക്കാം. ജൂലൈ 22ന് വൈകിട്ട് അഞ്ച് മണി വരെ റീലുകള്‍ അയക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച റീലിന് പുന്നക്കൽ ജുവല്ലറി നൽകുന്ന സ്വർണനാണയം സമ്മാനമായി നല്‍കും. ഫോൺ: +91 477-2251349












Click it and Unblock the Notifications