നെഹ്‌റുവിയൻ ഇടത്, മറ്റെല്ലാ നുണകളെയും പോലെ വിഡി സതീശൻറെ ഒരു ‘നല്ല നുണ;പരിഹസിച്ച് റഹീം'
ഞങ്ങളാണ് യഥാർത്ഥത്തിൽ ഇടതുപക്ഷമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ വാക്കുകളെ അളവറ്റ് പരിഹസിച്ച് എഎ റഹീം എംപി. മത വികാരം വോട്ടക്കുന്നതാണോ നെഹ്‌റുവിയൻ നയം എന്ന് അദ്ദേഹം ചോദിച്ചു. മതവും രാഷ്ട്രീയവും തമ്മിൽ മതിയായ അകലം ഉണ്ടാകണമെന്ന് നിർബന്ധിച്ചിരുന്ന നെഹ്‌റു ഇന്നുണ്ടായിരുന്നെങ്കിൽ, കെ സി യും സംഘവും പാർലമെന്റിനു മുന്നിൽ നിന്നു "പോറ്റിയെ കേറ്റിയതാരപ്പ"പാടില്ലായിരുന്നു. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി ശബരിമലയെ 'ഉപയോഗിക്കുന്ന' കോൺഗ്രസാണ് ഞങ്ങൾ നെഹ്‌റുവിയൻ ആണെന്ന് പറയുന്നതെന്നും റഹീം പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
'ആരെയും മോഹിപ്പിക്കുന്ന ഇടതുപക്ഷം. പിന്നെ,അദ്ദേഹത്തിന്റെ മറ്റൊരു നുണയും. കോൺഗ്രസ്സ് നേതാക്കൾ പതിവില്ലാത്ത വിധം തങ്ങൾ എല്ലാവരും ഇടതാണ് എന്ന് ആവർത്തിക്കുന്നു.കോൺഗ്രസിന്റെത്, വലതു രാഷ്ട്രീയമാണ്. എന്നിട്ടും അവർ 'ഇടതെന്ന്'പറയാൻ കൊതിക്കുകയാണ്,മത്സരിക്കുകയാണ്.
അതായത് ആരെയും മോഹിപ്പിക്കുന്ന രാഷ്ട്രീയമാണ് ഇടതുപക്ഷം. നാളിത് വരെ കോൺഗ്രസ്സ് തുടർന്ന രാഷ്ട്രീയ ലൈൻ തെറ്റാണെന്നും ഇനിമുതൽ തങ്ങൾ ഇടതുപക്ഷ രാഷ്‌ട്രീയം ഉയർത്തി പിടിക്കുമെന്നും അവർ പ്രഖ്യാപിക്കുകയാണ്.മോഹിച്ചാൽ മാത്രം പോരാ,ഇടതാകാൻ ശ്രമിക്കുന്നത് തീർച്ചയായും നല്ലതാണ്.
'ഞാൻ നെഹ്‌റുവിയൻ ഇടതാണ് 'എന്നാണ് ശ്രീ വി ഡി സതീശൻ ആവർത്തിക്കുന്നത്.

നെഹ്‌റുവിയൻ ആശയങ്ങൾ പലതും പുരോഗമനപരവും തുല്യത സ്വപ്നം കാണുന്നതുമായിരുന്നു. മാർക്സ് അദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാടുകളെ സ്വാധീനിച്ചിട്ടുണ്ട്. ശ്രീ സതീശനോട് വിനയപൂർവ്വം ഓര്മപ്പെടുത്താനുള്ളത്,നിങ്ങളുടെ കോൺഗ്രസ്സ് നെഹ്‌റുവിന്റെ ഈ ആശയങ്ങൾക്ക് മുകളിൽ റീത്ത് വച്ച വർഷമാണ് 1991..!. നരസിംഹ റാവു പ്രധാനമന്ത്രിയും,മൻമോഹൻ സിംഗ് ധനകാര്യ മന്ത്രിയും ആയിരുന്ന കാലം കോൺഗ്രസ്സ് നെഹ്‌റുവിയൻ നയങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുകയും,നവലിബറൽ നയങ്ങൾ ആരംഭിക്കുകയും ചെയ്തു.
തീവ്രവലത് വിഭാഗമായ സംഘപരിവാറിന്റെ വംശീയ അതിക്രമങ്ങൾക്ക് കാവൽ നിന്നു.
എല്ലാ നെഹ്‌റുവിയൻ മൂല്യങ്ങളെയും കോൺഗ്രസ്സ് 'കർസേവ'ചെയ്ത കാലം. ഇന്ത്യയിൽ തീവ്ര വലതിന് വഴിവെട്ടിയ രഥയാത്രയ്ക്ക് നെഹ്‌റുവിന്റെ പിന്മുറക്കാർ വഴിതെളിച്ചു കാവൽ നിന്നു..
രാമായണം സീരിയലിൽ,രാമനായി വേഷമിട്ട നടനെ കോൺഗ്രസ്സ് ,സ്ഥാനാർഥി ആക്കിയപ്പോൾ അന്ന് അദ്വാനി പറഞ്ഞ കാര്യമുണ്ട്,"കോൺഗ്രസ്സ്,രാമ വേഷമിട്ട ആളെ തെരഞ്ഞെടുപ്പു കളത്തിൽ ഇറക്കുന്നു..,ഞങ്ങളിതാ സാക്ഷാൽ രാമനെ തന്നെ കളത്തിലിറക്കുന്നു!!." അങ്ങനെ 90കളിൽ പൂർണ്ണമായും നെഹ്‌റുവിയൻ ലൈൻ കൈവിട്ട കോൺഗ്രസ്സ് ഇന്നും അതുതന്നെ തുടരുന്നു...
ശ്രീ സതീശനോട്, മത വികാരം വോട്ടക്കുന്നതാണോ നെഹ്‌റുവിയൻ നയം? ? മതവും രാഷ്ട്രീയവും തമ്മിൽ മതിയായ അകലം ഉണ്ടാകണമെന്ന് നിർബന്ധിച്ചിരുന്ന നെഹ്‌റു ഇന്നുണ്ടായിരുന്നെങ്കിൽ, കെ സി യും സംഘവും പാർലമെന്റിനു മുന്നിൽ നിന്നു "പോറ്റിയെ കേറ്റിയതാരപ്പ"പാടില്ലായിരുന്നു. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി ശബരിമലയെ 'ഉപയോഗിക്കുന്ന' കോൺഗ്രസാണ് ഞങ്ങൾ നെഹ്‌റുവിയൻ ആണെന്ന് പറയുന്നത്!!. അതായത്, താൻ ഇടത് ആണെന്നും,തന്റെ ലൈൻ നെഹ്‌റുവിയൻ ആണെന്നും ശ്രീ സതീശൻ പറയുന്നത് അദ്ദേഹം ആവർത്തിക്കുന്ന മറ്റെല്ലാ നുണകളെയും പോലെ,ഒരു 'നല്ല നുണ'മാത്രമാണ്.












Click it and Unblock the Notifications