നേമം തിരഞ്ഞെടുപ്പ് ഫലം: നേമം ബിജെപി പിടിക്കുന്നു? രാജീവ് ചന്ദ്രശേഖറിന് 4,000ത്തോളം വോട്ടിൻ്റെ ലീഡ്
നേമം മണ്ഡലം ബി ജെ പി പിടിക്കുന്നു. മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ 4000ത്തോളം വോട്ടുകൾക്കാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. ബി ജെ പി ഏറ്റവും അധികം പ്രതീക്ഷ പുലർത്തിയ മണ്ഡലമാണ് നേമം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയായിരുന്നു ഇവിടെ ലീഡ് ചെയ്തത്. പിന്നീട് യു ഡി എഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ മുന്നിട്ട് നിന്നെങ്കിലും അവസാന റൌണ്ടിലേക്ക് കടക്കുമ്പോ രാജീവ് ചന്ദ്രശേഖർ കുതിക്കുന്നതാണ് കാഴ്ച.
ചരിത്രത്തിലാദ്യമായി ബി ജെ പി പ്രതിനിധിയെ കേരള നിയമസഭയിലേക്കെത്തിയ മണ്ഡലമാണ് നേമം. 2016ൽ ഒ രാജഗോപാലിലൂടെയായിരുന്നു നേമം ബി ജെ പി പിടിച്ചത്. 67,813 വോട്ടുകൾ നേടിയായിരുന്നു വിജയം. എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന വി ശിവൻകുട്ടിക്ക് അന്ന് 59,142 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ 2021 ൽ വി ശിവൻകുട്ടി മണ്ഡലം പിടിച്ചെടുത്തു. 55837 വോട്ടികളാണ് ശിവൻകുട്ടി നേടിയത്. കുമ്മനം രാജശേഖരൻ ആയിരുന്നു അന്ന് ബി ജെ പിക്ക് വേണ്ടി മത്സരിച്ചത്, 51,888 വോട്ടുകളാണ് നേടാനായത്.

ഇത്തവണ എന്തുവിലകൊടുത്തും മണ്ഡലം പിടിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബി ജെ പി നേമത്ത് ഇറങ്ങിയത്. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുൻപ് തന്നെ രാജീവ് ചന്ദ്രശേഖർ തൻ്റെ സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ച് മണ്ഡലത്തിലിറങ്ങി. തുടർന്ന് എണ്ണിയിട്ട യന്ത്രം പോലെയായിരുന്നു മണ്ഡലത്തിലെ ബി ജെ പിയുടെ പ്രവർത്തനം. ആ പ്രവർത്തനങ്ങളെല്ലാം ഫലം കണ്ടുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഇത്തവണയും കാര്യമായ ആശ്വാസം ബി ജെ പിക്കില്ല. ഇത്തവണ കുറഞ്ഞത് അഞ്ച് സീറ്റുകളെങ്കിലും പിടിക്കാനാകുമെന്നതായിരുന്നു ബി ജെ പിയുടെ പ്രതീക്ഷ. 14 സീറ്റുകൾ വരെ ചില എക്സിറ്റ് പോൾ ഫലങ്ങൾ ബി ജെ പിക്ക് പ്രവചിച്ചിരുന്നു. എന്നാൽ നേമത്ത് മാത്രമാണ് പാർട്ടി ഇപ്പോൾ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ ബി ജെ പി രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന പാലക്കാട്, മഞ്ചേശ്വരം, കാസർഗോഡ് തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം കനത്ത പരാജയമാണ് ഇക്കുറിയും പാർട്ടി നേരിടുന്നത്.












Click it and Unblock the Notifications