നേപ്പാള്‍ മിന്നല്‍ പ്രളയം; മലയാളികളെ ബന്ധപ്പെടാന്‍ സാധിക്കാത്തവര്‍ അറിയിക്കണം, 1070 ടോള്‍ ഫ്രീ നമ്പര്‍
നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിരവധി പേര്‍ മരിക്കുകയും ഒട്ടേറെ പേരെ കാണാതാകുകയും ചെയ്തു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേപ്പാളിലുണ്ട് എന്നാണ് മനസിലാക്കുന്നത്. കാസര്‍കോട് നിന്നുള്ള സംഘം സുരക്ഷിതരാണ് എന്ന് തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യര്‍ അറിയിച്ചു. അതേസമയം, മലയാളികളെ ബന്ധപ്പെടാന്‍ സാധിക്കാത്ത കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം.
പ്രളയത്തില്‍ നൂറിലധികം ഇന്ത്യക്കാരെ കാണാതായി എന്ന പ്രാഥമിക വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. സാഹചര്യങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നു എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. വിനോദ സഞ്ചാരത്തിനായി നേപ്പാളില്‍ ഉള്ള മലയാളികളെ ബന്ധപ്പെടാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ ഉടന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം. ബന്ധപ്പെടേണ്ട നമ്പര്‍- 9447111844, 9747132147.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 1070-ല്‍ വിളിക്കുകയും ചെയ്യാം. നേപ്പാളില്‍ കുടുങ്ങി എന്ന് സംശയിക്കുന്ന മലയാളിയുടെ പേര്, യാത്ര ചെയ്ത തിയ്യതി, അവസാനം ബന്ധപ്പെട്ടത് എപ്പോള്‍, അവരുടെ കൈവശമുള്ള മൊബൈല്‍ നമ്പര്‍, യാത്ര പുറപ്പെട്ടതും തിരിച്ചുവരാന്‍ തീരുമാനിച്ചതുമായ തിയ്യതികള്‍, യാത്രാ ഏജന്‍സി എന്നിവ സഹിതമാണ് ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടേണ്ടത്. വിവരങ്ങള്‍ എംബസി മുഖാന്തിരം നേപ്പാള്‍ സര്‍ക്കാരിന് കൈമാറും.
നേപ്പാളിലെ ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍- +9779851316807, +9779709107500. വാട്‌സാപ്പ് വഴിയാണ് ഈ നമ്പറുകളില്‍ ബന്ധപ്പെടേണ്ടത്.
പ്രളയത്തില്‍ 95 പേര്‍ മരിച്ചു എന്നാണ് ഇതുവരെയുള്ള വിവരം. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. മരണ സംഖ്യ ഉയര്‍ന്നേക്കും. 133 ഇന്ത്യക്കാരെ കാണാനില്ല. ഇഷ ഫൗണ്ടേഷന്റെ 77 പേരെ കാണാനില്ലെന്ന് സദ്ഗുരു അറിയിച്ചു. അതേസമയം, അതിര്‍ത്തി സംസ്ഥാനങ്ങളായ യുപി, ബിഹാര്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
തിബത്തുമായി അതിര്‍ത്തി പങ്കിടുന്ന നേപ്പാളിലെ റുസുവ ജില്ലയില്‍ വലിയ നാശനഷ്ടമാണ് പ്രളയമുണ്ടാക്കിയത്. 384 വിനോദസ സഞ്ചാരികളെ കാണാനില്ല എന്നാണ് ഇപ്പോഴുള്ള വിവരം. ഇതില്‍ 291 പേര്‍ വിദേശികളാണ്. 93 നേപ്പാളുകാര്‍, മൂന്ന് അമേരിക്കക്കാര്‍, 12 ബ്രിട്ടീഷുകാര്‍ എന്നിവരെയെല്ലാം കാണാതായിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ഉറപ്പ് നല്‍കി. അര്‍ധരാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി അറിയിച്ചു. ഒരു ജില്ല പൂര്‍ണമായും നശിച്ച പോലെയാണ്. ഭൂചലനമാണ് പ്രളയത്തിന് കാരണം എന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രളയ ജലം ഉയരത്തില്‍ എത്തുന്നതും കെട്ടിടങ്ങളും പാലങ്ങളും ഉള്‍പ്പെടെ ഒലിച്ചുപോകുന്നതുമായ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.





Click it and Unblock the Notifications