നവജാത ശിശുവിന്റെ കൊലപാതകം: അമ്മയും അച്ഛനും അറസ്റ്റിൽ
കൊല്ലം: കാരിക്കലിൽ നവജാത ശിശുവിനെ കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ കാരിക്കൽ അശ്വതി ഭവനിൽ മഹേഷ്, ഭാര്യ അമ്പിളി എന്നിവരാണ് പിടിയിലായത്. ഭാര്യ ചെയ്ത കുറ്റം മറച്ചുവച്ചതിനാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: രണ്ട് വർഷം മുമ്പ് വിവാഹിതരായ അമ്പിളിക്കും മഹേഷിനും ഒരു കുഞ്ഞുണ്ട്. ഇനിയൊരു കുട്ടി കൂടി വേണ്ടന്ന് തീരുമാനിച്ചിരുന്നെങ്കിലും അമ്പിളി വീണ്ടും ഗർഭിണിയായി. ഗർഭച്ഛിദ്രം നടത്താൻ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. അമിതമായ മരുന്നുപയോഗം കാരണം ശിശുവിന് മാനസികമായോ, ശാരീരികമായോ വൈകല്യം സംഭവിച്ചേക്കാമെന്ന ഭീതിയിൽ കുഞ്ഞ് ജനിച്ചാലുടൻ കൊന്നുകളയാൻ അമ്പിളി തീരുമാനിച്ചു.

വെള്ളിയാഴ്ച രാത്രി വീട്ടിൽ വച്ച് പ്രസവിച്ച ഉടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്തെ കുറ്റിക്കാട്ടിൽ കുഴിച്ചിടുകയായിരുന്നു. ഭർത്താവ് മഹേഷ് തിരക്കിയപ്പോൾ ഗർഭം അലസിപ്പോയെന്നും കുഞ്ഞിന്റെ ജഡം തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിച്ചെന്നുമാണ് അമ്പിളി പറഞ്ഞത്.
വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ കുഴിച്ചിട്ട കുഞ്ഞിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചെടുത്ത് പുറത്തിട്ടതാണ് സംഭവം പുറംലോകം അറിയാൻ കാരണം. ഛിന്നഭിന്നമായ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തപ്പോൾ ആൺകുഞ്ഞിന്റേതാണെന്നാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് പൊലീസ് പ്രദേശത്തെ ഗർഭിണികളുടെ വിവരം ശേഖരിച്ചപ്പോഴാണ് അമ്പിളിയിലേക്ക് അന്വേഷണം എത്തിയത്. സംഭവത്തിന് പിന്നിൽ അമ്പിളിയുടെ അമ്മക്ക് പങ്കുണ്ടന്ന് അഭ്യൂഹം പരന്നെങ്കിലും പൊലീസ് ഇവരെ ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു












Click it and Unblock the Notifications