ഡ്രൈവിങ് ടെസ്റ്റ് കർശനമാകും; പരിഷ്ക്കാര നിർദ്ദേശത്തിനായി 10 അംഗസമിതി
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകൾ കൂടുതൽ കഠിനമാകും. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ കുമാറിന്റെ പ്രതേക നിർദ്ദേശ പ്രകാരം ആണ് ഡ്രൈവിങ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും പരിഷ്ക്കരിക്കുന്നത് എന്നാണ് വിവരം. താരതമ്യേന എളുപ്പമാണ് നിലവിലെ ഡ്രൈവിങ് ടെസ്റ്റ് എന്നതും അപകടങ്ങൾ വർധിക്കുന്നതിന് കാരണം ഡ്രൈവിംഗിൽ മികവ് ഇല്ലാത്തത് കൊണ്ടാണെന്ന നിഗമനത്തിലുമാണ് മന്ത്രി പരിഷ്ക്കാരങ്ങൾക്ക് നിർദ്ദേശം നൽകിയത്.
പരിഷ്ക്കാരം സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ഗതാഗത വകുപ്പ് പത്തംഗ കമ്മീഷനെ നിയമിച്ചു. സീനിയർ ഡപ്യൂട്ടി ട്രാൻസ്പോട്ട് കമ്മീഷണർ അധ്യക്ഷനായാണ് പുതിയ സമിതി. ഇവരോട് ഒരാഴ്ചക്കുള്ളിൽ നിർദ്ദേശങ്ങൽ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം വലിയ തരത്തിലുള്ള പരിഷ്ക്കാരങ്ങൾ കൊണ്ട് വരാനാണ് മന്ത്രിയുടെ നീക്കം.

കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി പ്രാവർത്തികമായാൽ മൂന്ന് മാസത്തിനകം ശമ്പള പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും കെ ബി ഗണേഷ് കുമാർ പറയുന്നു. അതേ സമയം വൈദ്യുത ബസ്സുകൾ നഷ്ടമാണെന്ന് മന്ത്രി പറഞ്ഞിരുന്നു.
കൂടിയ വിലക്ക് ബസ്സ് വാങ്ങി പത്ത് രൂപ ടിക്കറ്റ് നിരക്കിൽ ബസ്സ് ഓടിക്കുക ഒരിക്കലും ലാഭകരമല്ലെന്നും മന്ത്രി പറഞ്ഞിരുന്നു, ഇനി വൈദ്യുത വങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇ ബസ്സുകളിൽ ടിക്കറ്റ് നിരക്ക് കൂട്ടുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ലാഭകരമല്ലാത്ത റൂട്ടുകൾ കണ്ടെത്താൻ ഓരോ ബസ്സിന്റെയും കോസ്റ്റ് ഓഡിറ്റിംഗ് നടപ്പാക്കുമെന്നും വിവിധ യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മന്ത്രി അറിയിച്ചു.
അനാവശ്യമായി ജോലിക്ക് ഹാജരാകാതെ ഡിപ്പോയിൽ ട്രിപ്പ് മുടങ്ങിയാൽ ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം ആ ജീവനക്കാരിൽ നിന്ന് തന്നെ തിരിച്ച് പിടിക്കുമെന്നും അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഉത്തരവാദിത്തമില്ലാതെ ജോലി ചെയ്യാനും ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാനും ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കെ എസ് ആർ ടി സി ഡിപ്പോകളിലെ വെള്ളം വൈദ്യുതി ചെലവുകൾ കുറയ്ക്കാനുള്ള നടപടികളും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications