മൂവാറ്റുപുഴ ജില്ലയേക്കാള്‍ അനിവാര്യം മലപ്പുറത്ത് പുതിയ ജില്ല; രണ്ട് ജില്ലകളും പിറക്കണം എന്ന് പികെ നവാസ്
മലപ്പുറം: എറണാകുളം വിഭജിച്ച് മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല വരുമെന്ന സൂചന നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി വിഡി സതീശന്‍. മൂവാറ്റുപുഴയില്‍ ഓണാഘോഷത്തിന് എത്തിയ വേളയിലാണ് മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചത്. ഇതിന് വേണ്ടി പ്രത്യേക കമ്മീഷനെ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. പുതിയ ജില്ല വേണം എന്ന് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ട പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല വേണം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എറണാകുളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മലയോര മേഖലയിലേക്ക് എത്തുന്നില്ല എന്ന ആക്ഷേപവും ഏറെകാലമായി. പുതിയ ജില്ല രൂപീകരിച്ചാല്‍ പ്രതിസന്ധി പരിഹരിക്കാമെന്നാണ് മേഖലയിലെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പറയുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ അനുകൂല പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

അതേസമയം, നിലവില്‍ കേരളത്തില്‍ മൂന്ന് ജില്ലകള്‍ക്കാണ് പ്രധാനമായും ആവശ്യം ഉയരുന്നത്. എറണാകുളം വിഭജിച്ച് മൂവാറ്റുപുഴ ജില്ല, മലപ്പുറം വിഭജിച്ച് തിരൂര്‍ ജില്ല, തിരുവനന്തപുരം വിഭജിച്ച് നെയ്യാറ്റിന്‍കര ജില്ല എന്നിവയ്ക്കാണ് ആവശ്യം. മൂവാറ്റുപുഴ ജില്ല പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ അനിവാര്യമായത് മലപ്പുറത്ത് പുതിയ ജില്ല എന്നതാണ് എന്ന് താനൂര്‍ എംഎല്‍എ പികെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ കൂടുതല്‍ ജില്ലകള്‍ ആവശ്യമാണെന്നും യുഡിഎഫ് സര്‍ക്കാരിന് ഇത് നിര്‍വഹിക്കാന്‍ സാധിക്കുമെന്നും നവാസ് പറയുന്നു.
പികെ നവാസിന്റെ കുറിപ്പ് വായിക്കാം: ''മൂവാറ്റുപുഴ ജില്ല കേരളത്തിന്റെ അനിവാര്യതയാണ്. ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ നൽകാനും ഭരണസൗകര്യം വർധിപ്പിക്കാനും തീർച്ചയായും ഒരു പുതിയ ജില്ല എന്നത് ഗുണകരവും വികസനത്തിന് സൗകര്യപ്രദവുമാണ്. 32 ലക്ഷം ജനസംഖ്യ, 3,068 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം, 1,072 പേർ/ചതുരശ്ര കിലോമീറ്റർ ജനസാന്ദ്രത എന്നിവയുള്ള എറണാകുളത്ത് ഒരു പുതിയ ജില്ല യാഥാർഥ്യമാകണം. (2011 സെൻസസ്).
എന്തുകൊണ്ട് മൂവാറ്റുപുഴ ജില്ല എറണാകുളത്തിന് അനിവാര്യമാകുന്നുവോ, അത്രതന്നെ, കണക്കുകൾ പരിശോധിച്ചാൽ അതിനേക്കാൾ അനിവാര്യമാണ് , മലപ്പുറത്തും ഒരു പുതിയ ജില്ല. 41.13 ലക്ഷം ജനസംഖ്യ, 3,550 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം, 1,157 പേർ/ചതുരശ്ര കിലോമീറ്റർ ജനസാന്ദ്രതയുള്ള മലപ്പുറത്ത് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം കണക്കുകളുടെ അടിസ്ഥാനത്തിലും പ്രസക്തമാണ്. (2011 സെൻസസ്).
ആദ്യം ഏത് വേണമെന്നതിലല്ല കാര്യം. കണക്കുകളും ഭരണപരമായ ആവശ്യകതയും ഒരു പുതിയ ജില്ല അനിവാര്യമാക്കുന്നുവെങ്കിൽ, രണ്ട് ജില്ലകളും പിറക്കണം.
പത്ത് വർഷം അനീതി കാണിച്ച സർക്കാരിന് അന്ത്യം കുറിച്ചാണ് വി.ഡി.എസ്. സർക്കാർ അധികാരത്തിൽ വന്നത്. അതുകൊണ്ട് പുതിയ ഒരു ജില്ലയല്ല, ജില്ലകൾ പിറക്കുക എന്നതുതന്നെയാണ് ഈ സർക്കാരിന്റെ നീതി. മൂന്ന് മാസം കൊണ്ട് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ UDF സർക്കാരിന് ഈ ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയും.
_പി.കെ നവാസ്.''





Click it and Unblock the Notifications