
കോണ്‍ഗ്രസില്‍ പുതിയ സമവാക്യം: എ ഗ്രൂപ്പ് പിളർന്നു, നേതാക്കളേറെയും സതീശന് പക്ഷത്തേക്ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയേ തുടർന്നുണ്ടായ പുതിയ കെ പി സി സി അധ്യക്ഷ, പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിലൂടെ തന്നെ സംസ്ഥാന കോണ്‍ഗ്രസിലെ പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് ഇളക്കം തട്ടി തുടങ്ങിയിരുന്നു. നേതൃത്വത്തിലേക്ക് കെ സുധാകരനും വിഡി സതീശനും എത്തിയതോടെ പല കാര്യങ്ങളിലും എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് നീങ്ങാന്‍ തുടങ്ങി.
എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ വീണ്ടും മാറി മറിയുകയാണ്. എ ഐ സി സിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലും വിഡി സതീശനും ഒറ്റക്കെട്ടായി നില്ക്കുമ്പോള് മറു ചേരിയെ നയിക്കുന്നത് രമേശ് ചെന്നിത്തല- കെ. സുധാകരൻ- കെ. മുരളീധരൻ അച്ചുതണ്ടാണ്.

എ, ഐ ധ്രൂവീകരണ കാലത്ത് ഇരുവിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെങ്കില്‍ പുതിയ സാഹചര്യത്തില്‍ ഇരുചേരികളുടേയും അമരക്കാരായി പഴയ ഐ പക്ഷം നേതാക്കളാണ് എന്നതാണ് പ്രത്യേകത. രമേശ് ചെന്നിത്തലയും മുരളീധരനും കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ എ പക്ഷത്തെ വലിയൊരു വിഭാഗം കെസി വേണുഗോപാല്‍-സതീശന് പക്ഷത്തേക്ക് ചായാനാണ് നോക്കുന്നത്.
അമ്മയേപ്പൊലെ തന്നെയുണ്ട്: വൈറലായി മീനാക്ഷി ദിലീപിന്റെ പുതിയ ചിത്രം

അതേസമയം എ ഗ്രൂപ്പിലെ പ്രബല വിഭാഗം ഇപ്പോഴും ഉമ്മന്‍ചാണ്ടിയുടെ കീഴില്‍ തന്നെ അടിയുറച്ച് നിന്ന് നിലവിലെ ബലാബല പരീക്ഷണത്തില്‍ നിന്നും മാറി നില്‍ക്കാനാണ് തീരുമാനിച്ചതെന്നാണ് സൂചന. ആദ്യം സതീശനും കെ സുധാകരനും ഒറ്റക്കെട്ടായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാല്‍ ഈ ഐക്യത്തില്‍ വിള്ളല്‍ വീണതോടെയാണ് കെ പി സി സി പ്രിസഡന്റ് രമേശ് ചെന്നിത്തലയുമായി വീണ്ടും അടുക്കുന്നത്.

ഇടക്കാലത്ത് ഐ ഗ്രൂപ്പില്‍ നിന്നും പിരിഞ്ഞ് എ പക്ഷത്തേക്ക് ചായാന്‍ ശ്രമിച്ച കെ മുരളീധരനും പുതിയ സാഹചര്യത്തില്‍ കെ സുധാകരന്-ചെന്നിത്തല പക്ഷത്തേക്ക് എത്തി. ദേശീയ തലത്തില്‍ നിന്നും കാര്യങ്ങള്‍ നിയന്ത്രിച്ച് പാർട്ടിയെ കൈപ്പിടിയില്‍ ഒതുക്കാന്‍ കെ സി വേണുഗോപാല്‍ ശ്രമിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. അതിനെ ഒന്നിച്ച് എതിർക്കാനാണ് ഇപ്പോഴത്തെ ഈ പുതിയ കൂട്ടുകെട്ടും.

ചെന്നിത്തല നയിച്ചിരുന്ന വിശാല ഐ പക്ഷത്തെ പ്രമുഖരെ അണിനിരത്തിയാണ് കെ സുധാകരന്റെ പ്രതിരോധങ്ങള്‍ക്ക് വേണുഗോപാൽ- സതീശൻ കൂട്ടുകെട്ട് മറുതന്ത്രം പണിയുന്നത്. വി.ജെ. പൗലോസ്, വി.എസ്. ശിവകുമാർ, ജോസി സെബാസ്റ്റ്യൻ പഴകുളം മധു, ഹൈബി ഈഡൻ, റോജി എം. ജോൺ തുടങ്ങിയ മുൻ ഐ പക്ഷക്കാരെല്ലാം കെസി വേണുഗോപാല്‍-സതീശന് പക്ഷത്താണ്.

എ പക്ഷത്തെ ബെന്നി ബഹ്നാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി. സിദ്ദിക്ക്, പാലോട് രവി തുടങ്ങിയവരാണ് ഈ ചേരിയിലേക്ക് വന്നവർ. ടി.എൻ. പ്രതാപൻ, എം.കെ. രാഘവൻ, ആന്റോ ആന്റണി എന്നിവരുടെ പിന്തുണയും ഇവർക്കുണ്ട്. എംപിമാരുടെ പരാതിയിലാണ് പുനഃസംഘടന നിർത്തിവെച്ചത് എന്നതും ശ്രദ്ധേയമാണ്. അതേസമയം, എംഎം ഹസന്, പിസി വിഷ്ണുനാഥ്, കെസി ജോസഫ്, ഷാഫി പറമ്പില്‍ എന്നിവർ ഇപ്പോഴം പഴ എ ഗ്രൂപ്പില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്.

വിഎസ് ശിവകുമാറും പഴകുളം മധുവു അടക്കമുള്ളവർ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു ഗ്രൂപ്പ് യോഗമെന്ന സംശയത്തില്‍ കെ പി സി സി പ്രസിഡന്റ് അന്വേഷിക്കാന്‍ ആളെ വിട്ടത്. യോഗവും അന്വേഷണവും ഇരുപക്ഷവും തള്ളുന്നുണ്ടെങ്കിലും പാർട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന യോഗം നടന്നു എന്ന് തന്നെയാണ്. എം. ലിജു, ഡി. സുഗതൻ, മാത്യു കുഴൽനാടൻ, ആർ. ചന്ദ്രശേഖരൻ, ജയന്ത് തുടങ്ങിയവരാണ് സുധാകരനൊപ്പമുള്ളത്.