ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പ്രധാന മുൻഗണന, ബദല്‍ സമീപനം മുന്നോട്ട് വെയ്ക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന ഒരു പ്രധാന മേഖല ഉന്നതവിദ്യാഭ്യാസം ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ വാക്കുകൾ: കേന്ദ്ര സര്‍ക്കാരിന്‍റെ ഉദാവരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കപ്പെടുന്ന പ്രധാന മേഖലയാണ് ഉന്നത വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വര്‍ഗീയ - അമിതാധികാര ശക്തികളും ലക്ഷ്യം വെച്ചിട്ടുണ്ട്. ഇത്തരത്തില്‍ ദേശീയതലത്തില്‍ നടപ്പാക്കുന്ന നയങ്ങള്‍ക്ക് ബദല്‍ സമീപനം മുന്നോട്ടുവെയ്ക്കും.
ഓരോ വിജ്ഞാന ശാഖയുടെയും കാര്യക്ഷമത പരിപോഷിപ്പിക്കും. ബിരുദ ബിരുദാനാന്തര വിദ്യാഭ്യാസത്തിനും അക്കാദമിക ഗവേഷണത്തിനുതകുന്ന സമീപനങ്ങള്‍ സ്വീകരിക്കും. അതിനനുയോജ്യമായ കോഴ്സുകള്‍ ആരംഭിക്കും. ശ്രേഷ്ഠ കേന്ദ്രങ്ങളും അതേ മാതൃകയിലുള്ള ഡിപ്പാര്‍ട്ട്മെന്‍റുകളും ഇതിന്‍റെ ഭാഗമായി സജ്ജമാക്കും. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യങ്ങളോട് സുതാര്യമായി പ്രതികരിക്കുന്ന തരത്തില്‍ ഭരണപരമായ നിയന്ത്രണങ്ങളില്‍ ആവശ്യമായ അയവ് വരുത്തും.
പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ അധ്യയനം എങ്ങനെ നമ്മുടെ കലാലയങ്ങളിലും സര്‍വകലാശാലകളിലും ആവിഷ്കരിക്കാം എന്നത് സംബന്ധിച്ച് പഠനം നടത്തും. ഓണ്‍ലൈന്‍ കോഴ്സുകള്‍ വികസിപ്പിച്ചെടുക്കാന്‍ അന്തര്‍ സര്‍വകലാശാലാ ഗ്രൂപ്പുകളെ സജ്ജമാക്കും. അധ്യാപനത്തിനും ഗവേഷണത്തിനും വിദ്യാര്‍ത്ഥികളുടെ കൈമാറ്റത്തിനുള്ള (എക്സ്ചേഞ്ച്) ശൃംഖല ദേശീയ-അന്താരാഷട്ര തലത്തില്‍ തന്നെ വികസിപ്പിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നു. വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധരുടെ പൂള്‍ സജ്ജമാക്കും.

ലൈബ്രറികളുടെ നവീകരണം സാധ്യമാക്കും. ഇ-വിഭവങ്ങള്‍ കാമ്പസുകളും സ്ഥാപനങ്ങളുംപങ്കുവെക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാമൂഹിക നീതിയും പ്രാദേശിക സന്തുലിതാവസ്ഥയും ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടല്‍ നടത്തും. ഓരോ സര്‍വകലാശാലയ്ക്കും കലാലയത്തിനും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും പ്രത്യേക പദ്ധതികളും പരിപാടികളും ആവശ്യകത കണക്കിലെടുത്ത് തയ്യാറാക്കും.
ശാസ്ത്ര-സാങ്കേതിക-ഗവേഷണ സ്ഥാപനങ്ങളുടെ വിപുലമായ ശൃംഖല പ്രത്യേക ശ്രദ്ധയോടെ ശക്തിപ്പെടുത്തും. ഗവേഷണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യമൊരുക്കും. സെക്കന്‍ഡറി തലം വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന തരത്തിലുള്ള മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളും ശാസ്ത്രീയ അവബോധവും വളര്‍ത്തുന്ന പാഠ്യപദ്ധതികള്‍ ഉള്‍പ്പെടുത്തും.
കൂടുതല്‍ വൈദഗ്ധ്യമുള്ള തൊഴിലുകള്‍ നേടിയെടുക്കുന്നതിന് യുവാക്കളെ സജ്ജരാക്കും. ഏറ്റവും ആധുനികമായ ശേഷിവികസന പരിപാടികള്‍ അവര്‍ക്ക് ലഭ്യമാക്കും. ഐടി അധിഷ്ഠിത സേവനങ്ങള്‍, ഗതാഗതം, സ്റ്റോറേജ്, വാര്‍ത്താവിനിമയം, ബാങ്കിങ്, ഇന്‍ഷുറന്‍സ്, നിര്‍മാണം, ആരോഗ്യം, മെഡിക്കല്‍ എക്യുപ്മെന്‍റ്, ഭഷ്യസംസ്കരണം, വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളില്‍ കേരളത്തില്‍ വലിയ തൊഴില്‍ സാധ്യത ഉണ്ട്. ഇത് ഉപയോഗപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. പുതിയ സാധ്യത ഉയര്‍ന്നുവരുന്ന മേഖലകളില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ശേഷി വികസനം ലഭ്യമാക്കുന്നതിന് പ്രത്യേക പരിഗണന നല്‍കും.
ശേഷി വികസനവുമായി ബന്ധപ്പെട്ട നയരൂപീകരണത്തിലും സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിലും സര്‍ക്കാരിന് വലിയ പങ്കു വഹിക്കാനുണ്ട് എന്നാണ് അന്താരാഷട്ര തലത്തില്‍ വിജയകരമായിട്ടുള്ള അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് ഉള്‍ക്കൊണ്ടുകൊണ്ടുള്ള നടപടികളാണ് സ്വീകരിക്കുക. പരിശീലനത്തെ ഇപ്പോഴുള്ള തൊഴില്‍ കമ്പോളങ്ങളുടെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനോടൊപ്പം ഭാവി തൊഴിലുകള്‍ക്ക് അനുസൃതമായ വിധത്തില്‍ ശേഷികള്‍ വികസിപ്പിക്കും. യുവാക്കളുടെ പരിശീലനത്തില്‍ അടിസ്ഥാന ശേഷികള്‍ ഉള്‍പ്പെടുത്തുകയും നിലവാരമുള്ള അപ്രന്‍റീസ്ഷിപ് സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യും.
Recommended Video
തൊഴിലുമായി ബന്ധപ്പെട്ട പരിശീലനങ്ങളുടെ പ്രാപ്യത വര്‍ധിപ്പിക്കുകയും ഔദ്യോഗിക സമ്പദ്ഘടനയിലെ തൊഴിലുകളില്‍ ജോലി ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പുരുഷന്മാരെയും സ്ത്രീകളെയും സജ്ജരാക്കുകയും ചെയ്യും. കാര്യക്ഷമമായ ലേബര്‍ മാര്‍ക്കറ്റ് ഇന്‍ഫര്‍മേഷന്‍ സംവധാനവും ടെക്നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്നിങ് സംവിധാനവും ഒരുക്കും.












Click it and Unblock the Notifications