കണക്കുകൂട്ടലുകൾ തെറ്റിച്ച് വീണ്ടും ഹൈക്കമാൻഡ്; സുധാകരനല്ല, പകരം രാഹുലിന്റെ അടുപ്പക്കാരനായ യുവനേതാവ്?
കോണ്‍ഗ്രസിലേക്ക് ക്രിസ്ത്യന്‍ സമുദായത്തെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന നയവും പുതിയ നീക്കത്തിന് പിന്നിലുണ്ട്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തീരുമാനച്ചതിന്റെ ആഘാതത്തിൽ നിന്ന് കോൺഗ്രസും ഹൈക്കമാൻഡും ഇനിയും മുക്തമായിട്ടില്ല. അതുകൊണ്ട് തന്നെയാണ് കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വൈകുന്നത്. നേരത്തെ തങ്ങളുടെ നിർദേശം അവഗണിച്ച് പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിൽ ഇടഞ്ഞ് നിൽക്കുന്ന സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിനൊപ്പം തന്നെ പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്ന ഒരാളെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കുക എന്ന വലിയ ദൗത്യമാണ് ഹൈക്കമാൻഡിന് മുന്നിലുള്ളത്.
കേരളത്തിന് ആശ്വാസം: സിംഗപ്പൂരില്‍ കൊച്ചിയില്‍ ഓക്‌സിജന്‍ എത്തി- ചിത്രങ്ങള്‍ കാണാം

രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ആരുടെ പേരും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിക്കില്ല എന്ന നിലപാടിലാണ്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലെന്ന പോലെ ഇനിയും അപഹാസ്യരാകാനില്ലെന്നാണ് നേതാക്കൾ പറയുന്നത്. സംസ്ഥാനത്തെ ഈ മുതിർന്ന നേതാക്കളുടെ മൗനം ഹൈക്കമാൻഡിന് ഒരേ സമയം വെല്ലുവിളിയും അനുകൂല ഘടകവുമാണ്. അത് കൈകാര്യം ചെയ്യുന്നതുപോലെയിരിക്കുമെന്ന് മാത്രം.

നിലവിൽ നേതാക്കൾ മൗനം പാലിക്കുന്നത് സമ്മർദ്ദങ്ങളില്ലാതെ തീരുമാനത്തിലെത്താൻ ഹൈക്കമാൻഡിനെ സഹായിക്കും. എന്നാൽ ഇവർക്ക് എതിർപ്പുള്ള ഏതെങ്കിലും നേതാവാണ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതെങ്കിൽ കോൺഗ്രസിന്റെ മുഴുവൻ പ്രകടനത്തെയും പ്രവർത്തനത്തെയും അത് ബാധിക്കും. അതുകൊണ്ട് തന്നെ മൗനം തുടരുന്ന നേതാക്കളെകൂടി തൃപ്തിപ്പെടുത്തുന്ന ഒരു തീരുമാനത്തിലെത്താനുള്ള ആലോചനയിലാണ് കേന്ദ്ര നേതൃത്വം.

നിലവിൽ കെ സുധാകരന്റെ പേരാണ് ഹൈക്കമാൻഡിന്റെ പ്രഥമ പരിഗണനയിലുള്ളത്. എന്നാൽ സുധാകരനെതിരായ നിലപാടാണ് സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകൾക്കുള്ളത്. സുധാകരൻ പ്രസിഡന്റ് ആകുന്നതിൽ രണ്ട് കൂട്ടർക്കും എതിരാഭിപ്രായമാണ്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ക്യാമ്പയിനുകളടക്കം നടക്കുന്നുണ്ട്. കൊടിക്കുന്നിൽ സുരേഷിന്റെ കാര്യത്തിലും പരസ്യമല്ലാത്ത അതൃപ്തി പാർട്ടിക്കുള്ളിലുണ്ട്.

ഈ സാഹചര്യത്തിൽ തലമുറ മാറ്റമെന്ന തീരുമാനത്തിലൂന്നി യുവനേതാക്കളും ഹൈക്കമാൻഡിന്റെ പരിഗണനയിലെത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ പി.സി വിഷ്ണുനാഥിന്റെ പേരാണ് ആദ്യം ഉയർന്നു വന്നത്. എന്നാൽ എ ഗ്രൂപ്പ് തന്നെ ഇത്തരത്തിലൊരു നിർദേശം മുന്നോട്ട് വെക്കാൻ തയ്യാറായില്ല. ഇപ്പോഴിത അങ്കമാലി എംഎൽഎ കൂടിയായ റോജി എം ജോണിന്റെ പേരും ഹൈക്കമാൻഡ് പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.

കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ റോജി എൻഎസ്‌യുവിന്റെ ആദ്യ അധ്യക്ഷനുമായിരുന്നു. രാഹുൽ ഗാന്ധിയുമായി ഏറെ അടുപ്പുമുള്ള യുവനേതാക്കളുടെ സംഘത്തിലെ പ്രധാനി കൂടിയാണ് റോജി. കോണ്‍ഗ്രസിലേക്ക് ക്രിസ്ത്യന്‍ സമുദായത്തെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന നയവും റോജിയിലേക്ക് എത്താനുള്ള കാരണമായി പറയുന്നു. വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെട്ട നാലുപേരില്‍ ഒരാള്‍ കൂടിയാണ് റോജി.
Recommended Video

തലമുറ മാറ്റമാണു ഹൈക്കമാൻഡ് ഉദ്ദേശിക്കുന്നതെങ്കിൽ തന്റെ തലമുറയിലെ ആളായിട്ടു കാര്യമില്ലെന്നു നിലവിലെ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സമൂലമായ ഒരു മാറ്റം പൊതു ജനങ്ങൾക്കിടയിലും പാർട്ടിക്ക് പിന്തുണ കൂടാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. ശക്തമായ ഒരു രണ്ടാം നിര നേതാക്കൾ കോൺഗ്രസിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അഭിപ്രായമുണ്ട്.












Click it and Unblock the Notifications