പിണറായി മന്ത്രിസഭയിലെ 'കുഞ്ഞ്' മുഹമ്മദ് റിയാസ്; മരുമകനും... അറിയാം ചില വ്യത്യസ്ത കാര്യങ്ങള്‍
കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാര്‍ ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. പുതുമുഖങ്ങളുടെയും വനിതകളുടെയും സാന്നിധ്യം കൊണ്ടാണ് പുതിയ മന്ത്രിസഭ ശ്രദ്ധേയമാകുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ആരോഗ്യ മന്ത്രി കെകെ ശൈലജ പുതിയ മന്ത്രിസഭയില്‍ ഇല്ല എന്നത് മറ്റൊരു കാര്യം. ശൈലജയ്ക്ക് ഇളവ് നല്‍കുമെന്നും പിണറായിക്കൊപ്പം ശൈലജയും മന്ത്രിസഭയിലുണ്ടാകുമെന്നുമായിരുന്നു ആദ്യ വാര്‍ത്തകള്‍.
ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍
എന്നാല്‍ എല്ലാം പുതുമുഖങ്ങള്‍ വരട്ടെ എന്ന് സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടത് കോടിയേരി ബാലകൃഷ്ണനാണത്രെ. ആറ് പേര്‍ ശൈലജ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും തീരുമാനം മറിച്ചായിരുന്നു. അതുകൂടാതെ മറ്റുപല കാര്യങ്ങള്‍ കൊണ്ടും ചര്‍ച്ചയാകുകയാണ് പുതിയ മന്ത്രിസഭ...

മൂന്ന് വനിതകള്‍
മൂന്ന് വനിതകളാണുള്ളത്. സിപിഎമ്മിന്റെതായി രണ്ടു വനിതകളും സിപിഐക്ക് ഒരു വനിതയും. ആറന്‍മുളയില്‍ നിന്ന് ജയിച്ച വീണ ജോര്‍ജ്, ഇരിങ്ങാലക്കുടയില്‍ നിന്ന് ജയിച്ച ആര്‍ ബിന്ദു എന്നിവരാണ് സിപിഎം പ്രതിനിധികളായ വനിതകള്‍. സിപിഐയുടെതായി ചടയമംഗലത്ത് നിന്ന് ജയിച്ച ചിഞ്ചുറാണിയും.

ഏറ്റവും പ്രായമുള്ളവര്‍
മന്ത്രിസഭയില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി കെ കൃഷ്ണന്‍കുട്ടിയാണ്. പാലക്കാട് ചിറ്റൂര്‍ മണഡലത്തില്‍ നിന്ന് ജയിച്ച ഈ ജെഡിഎസ് നേതാവിന് 76 വയസാണ്. മുഖ്യമന്ത്രി പിണറായി വിജയന് 75 വയസും. ഇരുവരും തമ്മില്‍ മാസങ്ങളുടെ വ്യത്യാസമാണ് രേഖകളിലുള്ളത്.

മന്ത്രിസഭയിലെ 'കുട്ടികള്‍'
മന്ത്രിസഭയില്‍ ഏറ്റവും പ്രായം കുറവ് രണ്ടു പേര്‍ക്കാണ്. മുഹമ്മദ് റിയാസിനും വീണ ജോര്‍ജിനും. ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനായ റിയാസ് കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. മണ്ഡലത്തിലെ മികച്ച ഭൂരിപക്ഷത്തിലുള്ള വിജയമാണ് 44കാരനായ മുഹമ്മദ് റിയാസിന്റേത്. വീണ ജോര്‍ജും റിയാസും ജനിച്ചത് 1976ലാണ്.

മരുമകനും ഭാര്യാ പിതാവും
പിണറായി വിജയന്റെ മരുമകനാണ് മുഹമ്മദ് റിയാസ്. ഭാര്യാ പിതാവും മരുമകനും ഒരുമിക്കുന്ന മന്ത്രിസഭ എന്നത് കേരളത്തില്‍ ചരിത്രമാണ്. ഉത്തരേന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാറുണ്ടെങ്കിലും മക്കള്‍ രാഷ്ട്രീയമെന്നുള്ള ആക്ഷേപവും ഉയരാറുണ്ട്. യുവജന സംഘടനാ പ്രതിനിധിയായിട്ടാണ് റിയാസിനെ പരിഗണിച്ചത് എന്നാണ് സിപിഎം പ്രതികരണം.

ആര്‍ ബിന്ദുവിന്റെ കാര്യം
ആര്‍ ബിന്ദു മന്ത്രിയായപ്പോഴും 'ബന്ധു' ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയാണ് ആര്‍ ബിന്ദു. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം, തൃശൂര്‍ മുന്‍ മേയര്‍ എല്ലാമാണെങ്കിലും മന്ത്രിസഭയിലെത്തുമ്പോള്‍ വിജയരാഘവന്റെ ഭാര്യ എന്ന നിലയിലാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. തരൂര്‍ മണ്ഡലത്തില്‍ എകെ ബാലന്റെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കുന്ന ചര്‍ച്ചകള്‍ വന്നപ്പോള്‍ സിപിഎം തീരുമാനം മാറ്റിയിരുന്നു,

കഴിവുള്ളവര്‍ ഏറെ
അതേസമയം, ഒട്ടേറെ കഴിവുള്ളവര്‍ പുതിയ മന്ത്രിസഭയിലുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, വീണ ജോര്‍ജ് എന്നിവരടെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്. പരിചയ സമ്പന്നരും യുവ പ്രാതിനിധ്യവും പരിഗണിച്ച പുതിയ മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ ആര്‍ക്ക് എന്നതാണ് ഇനി അറിയേണ്ടത്.

മലപ്പുറത്ത് ഇത്തവണ പഴയ കോണ്‍ഗ്രസ് നേതാവ്
മലപ്പുറത്ത് നിന്ന് ഇടതുസ്വതന്ത്രന്‍ വി അബ്ദുറഹ്മാനാണ് മന്ത്രിയാകുന്നത്. നേരത്തെ കെടി ജലീല്‍ ആയിരുന്നു മന്ത്രി. കെടി ജലീല്‍ മുസ്ലിം ലീഗില്‍ നിന്ന് രാജിവച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന വ്യക്തിയാണ്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചാണ് വി അബ്ദുറഹ്മാന്‍ ഇടതുപാളയത്തിലെത്തിയത്. ഇത് മുസ്ലിം ലീഗിന്റെ തട്ടകത്തിലെ ഇതര പാര്‍ട്ടി നേതാക്കള്‍ക്കുള്ള ഒരു സൂചനയായും വിലയിരുത്തുന്നു.
നേഹാ കക്കറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications