കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വളരും തോറും പിളരും...'; തിയറ്ററുകള്‍ക്കിനി പുതിയ സംഘടന; വളരുമോ സിനിമ?

തിയറ്റര്‍ ഉടമകള്‍ പുതിയ സംഘടന രൂപീകരിക്കുന്നു. നിലവിലുള്ള സംഘനകളുടെ പ്രവര്‍ത്തനത്തോട് വിയോജപ്പുള്ളവരും സിനിമാ പ്രവര്‍ത്തകരുടെ തിയറ്ററുകളും പുതിയ സംഘടനയില്‍ അംഗങ്ങളാകും.

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: തിയറ്റര്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി തിയറ്റര്‍ ഉടമകള്‍ തുടരുന്ന സമരത്തിന് ആന്റി ക്ലൈമാക്‌സ്. ലിബര്‍ട്ടി ബഷീര്‍ പ്രസിഡന്റായ സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനാണ് തിയറ്റര്‍ സമരത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല. കാര്യങ്ങള്‍. തിയറ്റര്‍ ഉടമകളുടെ സമ്മര്‍ദ തന്ത്രത്തില്‍ നിര്‍മാതാക്കള്‍ കുലുങ്ങിയില്ല. അങ്ങനെ സമരം അന്തമില്ലാതെ നീണ്ടു.

ഇതില്‍ നഷ്ടം നേരിട്ടത് തിയറ്റര്‍ ഉടമകള്‍ക്ക് തന്നെയാണ്. ഇതിനിടെ സമരത്തില്‍ താല്പര്യമില്ലെന്ന രീതിയില്‍ പല തിയറ്റര്‍ ഉടമകളും ഒളിഞ്ഞും തെളിഞ്ഞു അഭിപ്രായം പറയാന്‍ തുടങ്ങിയതോടെ തിയറ്റര്‍ ഉടമകള്‍ക്കിടയിലെ ഭിന്നത പരസ്യമായി. ഇതിനിടെ തങ്ങളുമായി സഹകരിക്കാന്‍ താല്പര്യമുള്ള തിയറ്ററുകളില്‍ സിനിമകള്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. ഇതിലൊന്നും കുലുങ്ങാതെ തിയറ്ററുകള്‍ ഒന്നടങ്കം അടച്ചിട്ട് സമരം ചെയ്യാന്‍ തിയറ്റര്‍ ഉടമകള്‍ തീരുമാനിക്കുകയായിരുന്നു. ഈ സമരത്തില്‍ തിയറ്റര്‍ ഉടമകളെല്ലാം ഒറ്റക്കെട്ടാണെന്നായിരുന്നു ലിബര്‍ട്ടി ബഷീറിന്റെ അവകാശ വാദം. അതിനെ പിന്തള്ളിയാണ് തിയറ്റര്‍ ഉടമകള്‍ പുതിയ സംഘടന രൂപീകരിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്.

നിലിവിലെ സംഘടനകള്‍

നിലിവില്‍ തിയറ്റര്‍ ഉടമകള്‍ക്ക് രണ്ട് സംഘടനകളാണുള്ളത്. സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയയേഷനും. നിലവിലെ സമരത്തിന് നേതൃത്വം നല്‍കുന്നത് ഫെഡറേഷനാണ്. എഴുപതില്‍ അധികം എ ക്ലാസ് റിലീസിംഗ് തിയറ്ററുകളാണ് ഫെഡറേഷനിലെ അംഗങ്ങള്‍. ബാക്കിയുള്ളവര്‍ അസോസിയേഷന്‍ അംഗങ്ങളാണ്.

പുതിയ സംഘടന

നിലവിലുള്ള രണ്ട് സംഘടനകളെ കൂടാതെയാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. അസോസിയേഷന്റേയും ഫെഡറേഷന്റേയും പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരല്ലാത്ത തിയറ്റര്‍ ഉടമകള്‍ ചേര്‍ന്നാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സിനിമാ-സാങ്കേതിക പ്രവര്‍ത്തകരുടേയും നിര്‍മാതാക്കളുടേയും തിയറ്ററുകള്‍ പുതിയ സംഘടനയില്‍ അംഗങ്ങളാകും ഒപ്പം താരങ്ങളും പ്രമുഖ നിര്‍മാതാക്കളും. റിലീസിംഗ് തിയറ്ററുകളുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ അംഗങ്ങളായിരുന്നവരും അല്ലാത്തവരും പുതിയ സംഘടനയില്‍ അംഗങ്ങളാകും.

പുതിയ ചിത്രങ്ങള്‍ റിലീസിനെത്തിക്കും

ക്രിസ്തുമസിന് റിലീസ് ചെയ്യാന്‍ സാധിക്കാതിരുന്ന മലയാള ചിത്രങ്ങളും വിജയ് ചിത്രമായ ഭൈരവയും പുതിയ സംഘടനയിലെ തിയറ്ററുകള്‍ വഴി റിലീസ് ചെയ്യാനാണ് നീക്കം. വിനീത് നായകനാകുന്ന കാംബോജിയും പൃഥ്വിരാജിന്റെ എസ്രയുമാണ് ആദ്യം റിലീസ് ചെയ്യാനുദ്ദേശിക്കുന്ന മലയാള ചിത്രങ്ങള്‍. ഒപ്പം മള്‍ട്ടിപ്ലക്‌സിലും ചിത്രങ്ങള്‍ റിലീസ് ചെയ്യും. വെള്ളിയാഴ്ച 200ഓളം തിയറ്ററുകളില്‍ ഭൈരവ പ്രദര്‍ശനത്തിനെത്തും.

അംഗബലം കുറഞ്ഞ സമര മുഖം

തിയറ്ററുകള്‍ക്കായി പുതിയ സംഘടന രൂപം കൊള്ളുന്നതോടെ സിനിമ സമരത്തില്‍ അംഗബലം കുറയും. സമവായമില്ലാതെ മുന്നോട്ടു പോകുന്ന സമരത്തോട് താല്‍പര്യമില്ലാത്തവര്‍ പുതിയ സംഘടനയില്‍ ചേരും. ഇതോടെ സമരമുഖത്തുള്ള ഫെഡറേഷനില്‍ അംഗങ്ങള്‍ പരിമിതമാകും. വ്യാഴാഴ്ച മുതല്‍ തിയറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടുള്ള സമരത്തിന് ഫെഡറേഷന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ പുതിയ സംഘടന നിലവില്‍ വരുന്നതോടെ ഈ സമരം എത്രത്തോളം ഫലം കാണുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

സിനിമയ്ക്ക് കനത്ത നഷ്ടം

തിയറ്റര്‍ ഉടമകള്‍ നടത്തിയ സമരം സിനിമാ മേഖലക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. ഏറ്റവും കൂടുതല്‍ വരുമാനം സിനിമയ്ക്ക് നേടിത്തരുന്ന ക്രിസ്തുമസ് ന്യൂഇയര്‍ സീസണില്‍ സമരം കാരണം ഒറ്റ ചിത്രങ്ങള്‍ പോലും റിലീസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ജോമോന്റെ സുവിശേഷങ്ങള്‍, ഫുക്രി, എസ്ര, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ ചലച്ചിത്ര മേഖലയില്‍ ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളായിരുന്നു.

ലിബര്‍ട്ടി ബഷീറിനെതിരെ

സമരം കാരണം ഉത്സവ സീസണ്‍ വരുമാനം നഷ്ടപ്പെട്ടത് പുതിയ സിനിമകള്‍ക്ക് മാത്രമല്ല തിയറ്ററുകള്‍ക്കും കൂടെയാണ്. പുതിയ സിനിമകള്‍ ഇല്ലാത്തതിനാല്‍ ഇക്കുറി ആളുകള്‍ തിയറ്ററിലേക്ക് എത്തിയില്ല. തങ്ങള്‍ക്കും കനത്ത നഷ്ടം വരുത്തിയ സമരം എങ്ങുമെത്താതെ അനന്തമായി നീളുകയാണ് എന്നു തോന്നിയതോടെ പല തിയറ്റര്‍ ഉടമകളും സമരത്തിനു നേതൃത്വം നല്‍കിയ ലിബര്‍ട്ടി ബഷീറിനെതിരെ രംഗത്തെത്തി. ഇതോടെയാണ് സമരം പൊളിച്ച് പുതിയ സംഘടന രൂപം കൊള്ളുന്നതിനുള്ള വഴി തുറന്നത്.

English summary
Theater owners planning to form a new organisation. New movies will release through the new orgnaisation's theaters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X