കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ വരുമാനം ആറുകോടി കടന്നു; നീലിമലപാത ഉടൻ തുറക്കും; പൊലീസ് സേനയുടെ പുതിയ ബാച്ച് ചുമതലയേറ്റു

Google Oneindia Malayalam News

പമ്പ/ സന്നിധാനം: മണ്ഡല - മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നീലിമല പാത തുറക്കേണ്ടി വരുമെന്ന് ബന്ധപ്പെട്ട അധികൃതർ. പരമ്പരാഗത കാനനപാത തുറക്കുന്നതിൻ്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയിട്ടുണ്ട്. പൊലീസിൻ്റെ സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ അന്തിമതീരുമാനം സർക്കാരിൻ്റേതായിരിക്കും.

നിലവിൽ സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് അയ്യപ്പഭക്തരുടെ മലകയറ്റവും മലയിറക്കവും. ഇരുപതിനായിരത്തോളം അയ്യപ്പഭക്തർ ദിനംപ്രതി ശബരിമലയിൽ വന്നുപോകുന്ന സാഹചര്യത്തിൽ ഒരേ പാതയിലൂടെയുള്ള മലകയറ്റവും മലയിറക്കവും ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതേസമയം, രണ്ടാംഘട്ട സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പുതിയ ബാച്ച് കഴിഞ്ഞദിവസം ചുമതലയേറ്റു.

1

തീർത്ഥാടനം തുടങ്ങിയ ദിവസങ്ങളിൽ സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർ കുറവായിരുന്നെങ്കിൽ ഇപ്പോൾ ദിനംപ്രതി ഇരുപതിനായിരത്തോളം പേർ വരെ എത്തുന്നുണ്ടെന്നാണ് കണക്കുകൾ. നിലവിൽ സ്വാമിഅയ്യപ്പൻ റോഡ് വഴിയാണ് അയ്യപ്പഭക്തർ മല കയറുന്നതും ഇറങ്ങുന്നതും. ഇത് ഭക്തർക്ക് ദുസ്സഹമാക്കുന്ന സാഹചര്യത്തിലാണ് പരമ്പരാഗത കാനനപാതയായ നീലിമല തുറക്കണമെന്ന് അഭ്യർത്ഥന സർക്കാരിന് മുന്നിലേക്ക് വരുന്നത്. നീലിമല തുറക്കുന്നതിൻ്റെ ഭാഗമായി പൊലീസിൻ്റെ സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായി.

നീലിമല, അപ്പാച്ചിമേട് തുടങ്ങിയ ഇടങ്ങളിൽ കാർഡിയോളജി സെൻ്ററുകൾ തുറക്കുന്ന കാര്യത്തിൽ ദേവസ്വം - ആരോഗ്യവകുപ്പുകൾ തീരുമാനമെടുത്തിട്ടുണ്ട്. നീലിമലയിൽ പൂർത്തിയാക്കേണ്ട റോഡുകളുടെ അറ്റകുറ്റപ്പണി പുരോഗമിച്ചു വരികയാണ്. എന്നാൽ, കരിമല, പുല്ലുമേട് വഴിയുള്ള പരമ്പരാഗത കാനന പാതകളിലൂടെയുള്ള ഭക്തരുടെ യാത്രകൾ ഇനിയും വൈകും. പാത ഒരുക്കുന്ന നടപടിക്രമങ്ങൾ പോലും ഇനിയും ഇവിടങ്ങളിൽ ആരംഭിച്ചിട്ടില്ല.

2

അതേസമയം, ശബരിമലയിൽ ഇതുവരെയുള്ള വരുമാനം ആറ് കോടി കടന്നു. ശർക്കര വിവാദം അപ്പത്തിൻ്റെയും അരവണയുടെയും വിൽപ്പനയെ കാര്യമായി ബാധിച്ചിട്ടില്ല. നാളികേരം ലേലം കൊള്ളാത്തതിനാൽ ദിവസവും വൈകുന്നേരം സന്നിധാനത്ത് തൂക്കി വിൽക്കുകയാണ്. പലതവണ ലേലം നടത്തിയെങ്കിലും ലേലത്തിൻ്റെ കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല.

കഴിഞ്ഞ വർഷത്തെ പോലെ തീർത്ഥാടകർ കുറയുമോ, വരുമാനത്തിൽ നഷ്ടം സംഭവിക്കുമോ എന്നുള്ള ആശങ്കയാണ് പലരെയും ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ കാരണം. പതിനെട്ടാം പടിക്ക് താഴെ ഉടയ്ക്കുന്ന തേങ്ങ, ആഴിയിൽ നിക്ഷേപിച്ച ശേഷമുള്ള നെയ്‌തേങ്ങ മുറി, മാളികപ്പുറത്ത് ഉരുട്ടുന്ന തേങ്ങ എന്നിവ ശേഖരിച്ച് ഓരോ ദിവസവും നട അടച്ചശേഷം സന്നിധാനത്ത് വച്ച് തന്നെ തൂക്കി വിൽക്കുകയാണ്.

മണ്ഡലകാലം ആരംഭിച്ച് 13 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ കാണിക്കയിനത്തിൽ ഒരു കോടി രൂപ വരുമാനം ലഭിച്ചു. ഒന്നേകാൽ ലക്ഷം ടിൻ അരവണയും അമ്പതിനായിരത്തോളം കവർ അപ്പവും വിറ്റുപോയി. ഒന്നേകാൽ കോടി രൂപ ഈയിനത്തിൽ തന്നെ ദേവസ്വം ബോർഡിന് വരുമാനമായി ലഭിച്ചിട്ടുണ്ട്.

3

അതിനിടെ, പൊലീസിൻ്റെ ശബരിമലയിലെ പ്രവർത്തനം ഏകോപിപ്പിക്കുന്ന സുരക്ഷാ ചുമതലയുള്ള പൊലീസ് സേനയുടെ പുതിയ ബാച്ച് ചൊവ്വാഴ്ച ചുമതലയേറ്റു. പൊലീസ് ചീഫ് കോ-ഓർഡിനേറ്റർ ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്തിൻ്റെ മേൽനോട്ടത്തിൽ കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിൽ സന്നിധാനത്തും പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് അഡീഷണല്‍ അസിസ്റ്റന്റ് ഇന്‍പെക്ടര്‍ ജനറല്‍ ആര്‍. ആനന്ദ് പമ്പയിലും ക്രൈംബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്സ് എസ്.പി കെ വി മഹേഷ്ദാസ് നിലയ്ക്കലിലും പൊലീസ് കൺട്രോൾ ഇൻസ്പെക്ടർമാരുടെ ചുമതല വഹിക്കും. ആകെ 265 പോലീസ് ഉദ്യോഗസ്ഥരാണ് സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിന് മാത്രമായി എത്തിയിരിക്കുന്നത്.

4

ഇതില്‍ 220 പോലീസുകാരും, മൂന്ന് ഡിവൈഎസ്പിമാരും, ഒന്‍പത് സിഐമാരും, 33 എസ്.ഐമാരുമുണ്ട്. ഇതിനു പുറമേ, ഇന്റലിജന്‍സ്, ബോംബ് സ്‌ക്വാഡ്, കമാന്‍ഡോസ്, ക്വിക് റെസ്‌പോണ്‍സ് ടീം എന്നിങ്ങനെ 300 പൊലീസ് ഉദ്യോഗസ്ഥരും ആന്ധ്രാ, തമിഴ്‌നാട് പൊലീസ്, കേന്ദ്ര ദ്രുതകര്‍മ്മ സേന, ദുരന്ത നിവാരണ സേന തുടങ്ങിയ വിഭാഗങ്ങളും സേവനത്തിനായി ശബരിമലയിലും വിവിധ കേന്ദ്രങ്ങളിലും നിലയുറപ്പിച്ചിട്ടുണ്ട്.

15 ദിവസമാണ് പുതിയ പൊലീസ് ബാച്ചിന്റെ സന്നിധാനത്തെ സുരക്ഷാ ചുമതല. സന്നിധാനം നടപന്തലില്‍ നടന്ന ചടങ്ങില്‍ പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥര്‍ക്ക് ഉന്നത ഉദ്യോഗസ്ഥർ നിർദേശങ്ങൾ നൽകി. മൂന്നാംഘട്ടത്തിൽ സുരക്ഷചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ ഡിസംബർ 14 ന് ചുമതലയേറ്റ് 26 വരെ ഉണ്ടാകും. ഉദ്യോഗസ്ഥരുടെ നാലാംഘട്ടം ഡിസംബർ 29 മുതൽ ജനുവരി ഒൻപതു വരെയും അഞ്ചാം ഘട്ടം ജനുവരി ഒൻപത് മുതൽ 20 വരെയുമാണ് ക്രമീകരിച്ചിട്ടുള്ളത്.

ബാഹുബലിയിലെ ശിവകാമി ദേവിയാണോ ഇത്; ശ്വേത മേനോന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം

English summary
Neelimala Path will have to be reopened due to increasing number of pilgrims at Sabarimala, which opens for the Mandala Makaravilakku festival.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X