സുരേഷ് ഗോപിക്ക് പുതിയ റോൾ; കേരളം പിടിക്കാൻ ബിജെപി തന്ത്രം, പതിവ് പൊളിച്ച് നിയമനം
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തവണ എന്ത് വിലകൊടുത്തും കേരളത്തിൽ നേട്ടമുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി ജെ പി. കേന്ദ്ര മന്ത്രിമാരെ ഇറക്കിയും മോദിയെ നേരിട്ടെത്തിച്ചുമെല്ലാം പ്രചരണം കൊഴുപ്പിക്കാനാണ് ബി ജെ പി പദ്ധതിയിടുന്നത്. വൻ നേട്ടം ലക്ഷ്യം വെച്ച് നടനും മുൻ എം പിയുമായ സുരേഷ് ഗോപിയെ പാർട്ടിയുടെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ നേതൃത്വം. പതിവുകൾ മറികടന്ന് കൊണ്ടാണ് നേതൃത്വത്തിന്റെ നീക്കമെന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 5 മണ്ഡലങ്ങളിൽ തങ്ങൾക്ക് കാര്യങ്ങൾ അനുകൂലമായിരുന്നുവെന്നായിരുന്നു ബി ജെ പി അവകാശപ്പെട്ടത്. എന്നാൽ ഫലം വന്നപ്പോൾ ഒരിടത്ത് പോലും കാര്യമായ ചലനം ഉണ്ടാക്കാൻ നേതൃത്വത്തിന് സാധിച്ചിരുന്നില്ല. എന്നാൽ ഇക്കുറി അട്ടിമറിയുണ്ടാക്കുമെന്നതാണ് ബി ജെ പി ദേശീയ നേതൃത്വം അവകാശപ്പെടുന്നത്. അഞ്ച് മണ്ഡലങ്ങൾ 'എ ക്ലാസ്' ലിസ്റ്റിൽ പെടുത്തി കേന്ദ്രമന്ത്രിമാർക്ക് പ്രത്യേക ചുമതലയും ബി ജെ പി നൽകി കഴിഞ്ഞു.

ഇവിടങ്ങളിൽ ബൂത്ത് കമ്മിറ്റികൾ ശക്തിപ്പെടുത്താനും സ്ഥാനാർത്ഥികളെ കണ്ടെത്താനുമൊക്കെയുള്ള ചർച്ചകളിലേക്കും നേതൃത്വം കടന്നിട്ടുണ്ട്. എന്നാൽ ഇത്രയൊക്കെ ചെയ്തിട്ടും സംസ്ഥാനത്തെ ബി ജെ പി നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ ഇപ്പോഴും ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്. സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ സാധിക്കാത്തത് നേതാക്കളുടെ വീഴ്ചയാണെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. മാത്രമല്ല പാർട്ടിയിലെ വിഭാഗീയതയിലും നേതൃത്വത്തിന് അമർഷം ഉണ്ട്.

ഇതോടെ കേരളത്തിലെ സംഘടന കാര്യങ്ങളിൽ ചില അറ്റകൈ പ്രയോഗങ്ങൾക്ക് ദേശീയ നേതൃത്വം തുനിഞ്ഞേക്കുമെന്നുള്ള സൂചനകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സുരേഷ് ഗോപിയെ സംഘടന ചുമതല നേതൃത്വം ഏൽപ്പിച്ചിരിക്കുന്നത്. പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രെട്ടറിമാരേയും മാത്രമാണ് പൊതുവെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താറുള്ളത്. ഇതെല്ലാം മറികടന്ന് കൊണ്ടാണ് സുരേഷ് ഗോപിയുടെ നിയമനം.

സംസ്ഥാനത്ത് നേരത്തെ ബി ജെ പി നേതൃത്വം നടത്തിയ ആഭ്യന്തര സർവ്വേയിൽ കേരളത്തിൽ ജനപ്രീതിയുള്ള ഏക ബി ജെ പി നേതാവ് സുരേഷ് ഗോപിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി സുരേഷ് ഗോപിയെ പാർട്ടിയുടെ അമരത്തേക്ക് എത്തിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു. എന്നാൽ സംഘടന ചുമതല ഏറ്റെടുക്കാൻ താത്പര്യമില്ലെന്ന് സുരേഷ് ഗോപി തന്നെ നേതൃത്വത്തെ അറിയിച്ചതിനെ തുടർന്നാണ് ദേശീയ നേതൃത്വവും പിന്നോട്ട് പോയതെന്നായിരുന്നു വാർത്തകൾ.

സംഘടന ചുമതലകൾ അല്ല തനിക്ക് രാഷ്ട്രീയ പ്രവർത്തകനായി തുടരാനാണ് താത്പര്യം എന്ന് നേരത്തേ സുരേഷ് ഗോപിയും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ നിയമനം ബി ജെ പിയുടെ 'വലിയ ലക്ഷ്യത്തിന്റെ' ഭാഗമായിട്ട് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. സുരേഷ് ഗോപിയുടെ നിയമനത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുൾപ്പെടെയുള്ളവർക്ക് അതൃപ്തിയില്ലെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം പുതിയ നിയമനത്തോടെ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിലും ബി ജെ പിയുടെ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെത്തിയേക്കുമെന്ന കാര്യം ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. തൃശ്ശൂരോ അതോ തിരുവനന്തപുരത്തോ ആയിരിക്കും സുരേഷ് ഗോപിയെ നേതൃത്വം മത്സരിപ്പിച്ചേക്കുക. കഴിഞ്ഞ തവണ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ വോട്ട് ഉയർത്താൻ സുരേഷ് ഗോപിയിലൂടെ നേതൃത്വത്തിന് സാധിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ തവണ പാർട്ടി രണ്ടാമത് എത്തിയ തിരുവനന്തപുരത്ത് സുരേഷ് ഗോപിയെ ഇറക്കണമെന്നുള്ള ആവശ്യവും ഒരു വിഭാഗം നേതാക്കൾ ഇതിനോടകം തന്നെ ഉയർത്തിയിട്ടുണ്ട്. ക്രിസ്ത്യൻ വോട്ടുകളും സുരേഷ് ഗോപിയുടെ താരമൂല്യവും തുണച്ചാൽ ഇക്കുറി തിരുവനന്തപുരം കൂടെ പോരുമെന്നാണ് നേതാക്കൾ പറയുന്നത്.












Click it and Unblock the Notifications