Get Updates
Get notified of breaking news, exclusive insights, and must-see stories!

News Updates Today Live: ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ അറിയാം

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം കാലവർഷം വീണ്ടും സജീവമാവുകയാണ്. ഇന്ന് മുതൽ മഴ മുന്നറിയിപ്പുകൾ മാറുകയാണ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ നിലവിലുണ്ട്. ബേപ്പൂരിൽ തീപിടിച്ച കപ്പലിൽ ഇപ്പോഴും രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. തുടർച്ചയായ കപ്പൽ അപകടങ്ങൾ ആശങ്ക ഉയർത്തുന്നുമുണ്ട്.

അതിനിടെ നിലമ്പൂരിൽ തിരഞ്ഞെടുപ്പ് ചൂടേറുകയാണ്. ഇരു മുന്നണികളും ഒപ്പത്തിന് ഒപ്പമാണ് പ്രചാരണം നയിക്കുന്നത്. പിവി അൻവറും ബിജെപിയും മറുവശത്തുണ്ട്. ദേശീയ-അന്തർദേശീയ തലത്തിൽ വേറെയും സംഭവവികാസങ്ങൾ നടക്കുന്നുണ്ട്. ഇന്നത്തെ മറ്റ് പ്രധാനവാർത്തകൾ അറിയാം.

News Updates

Jun 11, 2025, 12:10 am IST

വേടന്റെ പാട്ടും ഇനി പഠനത്തിന്

റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാലയില്‍ പാഠ്യ വിഷയമായി ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മൈക്കിള്‍ ജാക്‌സനൊപ്പമാണ് വേടന്റെ പാട്ടും കൂടി സിലബസിൽ ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സന്റെ 'ദേ ഡോണ്ട് കെയര്‍ അസ്' എന്ന പാട്ടിനൊപ്പം വേടന്റെ ' ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ടും താരതമ്യ പഠനത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
Jun 10, 2025, 11:59 pm IST

ആ പ്രഖ്യാപനം യുഡിഎഫിനെ സഹായിക്കാൻ; എ വിജയരാഘവൻ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അഖില ഭാരത ഹിന്ദുമഹാസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് എ വിജയരാഘവന്‍. ഇല്ലാത്ത ഒരു രാഷ്ട്രീയപാര്‍ട്ടി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ട് വര്‍ഗീയമാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് യുഡിഎഫിനെ സഹായിക്കാനാണെന്നാണ് എ വിജയ രാഘവന്‍ പറഞ്ഞത്.
Jun 10, 2025, 11:33 pm IST

കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റു

കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങളായ രണ്ടുപേര്‍ക്ക് വെട്ടേറ്റു. കെഎസ്എസ് വാടക സ്‌റ്റോര്‍ ഉടമകളായ ഊരംവീട്ടില്‍ നാസര്‍, സഹോദരന്‍ സലീം എന്നിവര്‍ക്കാണ് വെട്ടേറ്റത്. അയല്‍വാസിയായ ചിറക്കുനി ബഷീര്‍ ആണ് ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രാത്രി എട്ടരയോടെയായിരുന്നു സംഭവം.
Jun 10, 2025, 11:12 pm IST

റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കരിങ്കല്ലത്താണി മരുതലയിലെ കിളിയച്ചൻ ഹംസയാണ് മരിച്ചത്. പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ കുഴിയിൽ വീണായിരുന്നു അപകടം ഉണ്ടായത്. ഗുരുതര പരിക്കുകളോടെ ഹംസയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
Jun 10, 2025, 10:33 pm IST

സ്വത്തുവിവരം മറച്ചുവെച്ചുവെന്ന ഹർജി; പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ്

വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌തുള്ള ഹര്‍ജിയില്‍ പ്രിയങ്ക ഗാന്ധി എംപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നോട്ടീസ്. പ്രിയങ്ക ഗാന്ധി സ്വത്തുവിവരം മറച്ചുവച്ചുവെന്ന് ഹർജിയിൽ ആരോപണം ഉണ്ടായിരുന്നു.
Jun 10, 2025, 10:04 pm IST

കെനിയയിലെ വാഹനാപകടം: അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണമടഞ്ഞ മലയാളികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്കായി ഹെൽപ്പ് ഡെസ്‌ക് നമ്പറും പങ്കുവെച്ചിട്ടുണ്ട്. നോർക്ക റൂട്സ് വഴി ലോകകേരള സഭാംഗങ്ങൾ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
Jun 10, 2025, 9:36 pm IST

സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം

സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്‌തു. പാലക്കാട് ചാലിശ്ശേരിയിൽ എലിപ്പനി ബാധിച്ച് മധ്യവയസ്‌കനാണ് മരിച്ചത്. തണ്ണീർക്കോട് കൊല്ലഴിപ്പാടി സ്വദേശി കൃഷ്‌ണനാണ് ചികിത്സയിൽ കഴിയവേ മരിച്ചത്. 50 വയസായിരുന്നു. കടുത്ത പനി ബാധിച്ച് ശനിയാഴ്‌ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Jun 10, 2025, 9:06 pm IST

അറബിക്കടലിൽ അപകടത്തിൽപെട്ട കപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീപടര്‍ന്നു

അറബിക്കടലില്‍ കോഴിക്കോടിന് അടുത്തായി കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായ തുടരുന്നു. തീപിടിച്ച ചരക്കുകപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് ശ്രമം. എന്നാല്‍ കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീപടര്‍ന്നതും പൊട്ടിത്തെറി സാധ്യതയും കപ്പലിന് അടുത്തേക്ക് പോകുന്നതിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
Jun 10, 2025, 8:23 pm IST

പ്രവേശനോത്സവത്തിൽ മുകേഷ് എം നായർ മുഖ്യാതിഥി; ഹെഡ്‌മാസ്‌റ്റർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം ഫോർട്ട്‌ ഹൈസ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തിൽ നടപടി. സ്‌കൂൾ ഹെഡ്‌മാസ്‌റ്ററെ സസ്‌പെൻഡ് ചെയ്‌തു. ടിഎസ് പ്രദീപ്‌ കുമാറിനെയാണ് സ്‌കൂൾ മാനേജർ സസ്‌പെൻഡ് ചെയ്‌തത്‌. നേരത്തെ സംഭവത്തിൽ നടന്ന അന്വേഷണത്തിൽ വീഴ്‌ച കണ്ടെത്തിയിരുന്നു.
Jun 10, 2025, 7:47 pm IST

'അനധികൃത പ്രവേശനം അനുവദിക്കില്ല'; ഇന്ത്യയിലെ യുഎസ് എംബസി

നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ നിലപാട് ആവർത്തിച്ച് ഇന്ത്യയിലെ യുഎസ് എംബസി. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമോ വിസ ദുരുപയോഗമോ അനുവദിക്കില്ലെന്നാണ് അവർ വ്യക്തമാക്കിയത്. നിയമാനുസൃത യാത്രക്കാരെ സ്വാഗതം ചെയ്യുന്നത് അമേരിക്ക ഇനിയും തുടരുമെന്നും അവർ എക്‌സിലൂടെ പറഞ്ഞു. യുഎസിലെ വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കൈവിലങ്ങ് അണിയിച്ച വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.
Jun 10, 2025, 7:21 pm IST

കപ്പലിന് തീപിടിച്ച സംഭവം; എണ്ണ ചോർച്ചയ്ക്ക് സാധ്യത, ജാഗ്രത

കപ്പൽ തീപിടിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് തീരമേഖലയിൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കളക്‌ടറുടെ നിർദ്ദേശം. എണ്ണ ചോർച്ചയ്ക്ക് അടക്കം സാധ്യതയുള്ളതിനാൽ പൊല്യൂഷൻ റെസ്പോൺസ് ടീം തയ്യാറായിരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ തീര ശുചീകരണത്തിന് വേണ്ടി ഏകോപനം ഉറപ്പുവരുത്താനും കളക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Jun 10, 2025, 6:48 pm IST

സിപിഎമ്മിന് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കേണ്ടതുണ്ട്; റസാഖ് പാലേരി

പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരായ വിധിയെഴുത്താവണം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരി. സിപിഎമ്മിനെ കേടുകൂടാതെ നിലനിര്‍ത്താന്‍ കൂടിയാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്ന് റസാഖ് പാലേരി പറയുന്നു. സിപിഎമ്മിന് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Jun 10, 2025, 6:27 pm IST

കെനിയയില്‍ ബസ് മറിഞ്ഞ് 5 മലയാളികള്‍ മരിച്ചു

കെനിയയില്‍ ബസ് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു. മരിച്ചവരില്‍ ഒരു പിഞ്ചുകുഞ്ഞും മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ദോഹയില്‍ നിന്ന് വിനോദസഞ്ചാരത്തിന് പോയ ഇന്ത്യന്‍ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മാവേലിക്കര സ്വദേശിനി ഗീത ഷോജി ഐസക് (58) ജസ്‌ന കുറ്റിക്കാട്ടുചാലില്‍ (29), റൂഹി മെഹ്‌റിന്‍ മുഹമ്മദ് (18 മാസം), ഒറ്റപ്പാലംകാരായ റിയ ആന്‍ (41), ടൈറ റോഡ്രിഗ്വസ് (എട്ട്) എന്നിവരാണ് മരിച്ചത്.
Jun 10, 2025, 6:02 pm IST

ഭാരതീയൻ എന്ന നിലയിലാണ് താൻ സംസാരിച്ചത്; ശശി തരൂർ

വിദേശ രാജ്യങ്ങളിൽ ഭാരതീയൻ എന്ന നിലയിലാണ് താൻ സംസാരിച്ചതെന്ന് ശശി തരൂർ. ഒരു ഭാരതീയനായി ഭാരതത്തിനു വേണ്ടി സംസാരിക്കാൻ പോയി, അതായിരുന്നു തന്റെ കടമ. അത് താൻ നിറവേറ്റി. രാഷ്ട്രീയ വിവാദങ്ങൾക്ക് സമയമാകുമ്പോൾ മറുപടി നൽകുമെന്നും തരൂർ വ്യക്തമാക്കി. പറയാനുള്ളതെല്ലാം കേൾക്കേണ്ടവരെ കേൾപ്പിക്കണമെന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Jun 10, 2025, 5:25 pm IST

വെൽഫെയർ പാർട്ടി പിന്തുണ; ചോദ്യം ഉയരുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് ആര്യാടൻ ഷൗക്കത്ത്

മുൻ തിരഞ്ഞെടുപ്പുകളിൽ വെൽഫെയർ പാർട്ടി കോൺഗ്രസിന് വോട്ട് ചെയ്‌തിരുന്നുവെന്നും അന്നൊന്നും ഇല്ലാത്ത ചോദ്യം ഇന്ന് ഉയരുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ലെന്നും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്ത്. 2019-ലും 2024-ലും വെൽഫെയർ പാർട്ടി രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്‌തുവെന്നാണ് ഷൗക്കത്ത് ചൂണ്ടിക്കാട്ടിയത്, നേരത്തെ വെൽഫെയർ പാർട്ടി എൽഡിഎഫിനും വോട്ട് ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Jun 10, 2025, 4:52 pm IST

സ്‌കൂളില്‍ വെടിവയ്പ്പ്; ഏഴു കുട്ടികള്‍ കൊല്ലപ്പെട്ടു

ഓസ്ട്രിയയിലെ ഒരു സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ അക്രമി ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏഴു പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ മുതിര്‍ന്നയാളുമാണ്. അകമി സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമാണ് ഗ്രാസിലാണ് സംഭവം.
Jun 10, 2025, 4:41 pm IST

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുന്നു

ജൂൺ 12 മുതൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള ഒഡിഷയുടെ വടക്കൻതീരം, ഗംഗതട പശ്ചിമ ബംഗാൾ എന്നിവയുടെ മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. അതിനാൽ തന്നെ കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
Jun 10, 2025, 4:17 pm IST

ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

10/06/2025 (ഇന്ന്) & 11/06/2025 (നാളെ) തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും; 12/06/2025 & 13/06/2025 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും; 14/06/2025 തീയതിയിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Jun 10, 2025, 2:43 pm IST

തീ പിടിച്ച കപ്പല്‍ 15 ഡിഗ്രി ചെരിഞ്ഞു

കോഴിക്കോട് തീരത്ത് അറബിക്കടലില്‍ തീ പിടിച്ച കപ്പല്‍ 15 ഡിഗ്രി ചെരിഞ്ഞു. കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കുന്നത് തുടരുകയാണ്. രക്ഷപ്പെടുത്തിയ നാവികരില്‍ രണ്ടു പേര്‍ക്ക് 35 മുതല്‍ 40 ശതമാനം പൊള്ളലേറ്റു.
Jun 10, 2025, 1:53 pm IST

മലയാളി വിനോദയാത്രാ സംഘം അപകടത്തില്‍പ്പെട്ടു

കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം അപകടത്തില്‍പ്പെട്ടു. ഖത്തറില്‍ നിന്ന് കെനിയയിലേക്ക് പോയ മലയാളികള്‍ അടങ്ങിയ വിനോദയാത്ര സംഘമാണ് അപകടത്തില്‍പ്പെട്ടത്. ആറ് പേര്‍ മരിച്ചതായി വിവരം. 26 പേര്‍ക്ക് പരിക്ക്.
Jun 10, 2025, 1:41 pm IST

പ്രചരണത്തില്‍ മുന്‍തൂക്കം

നിലമ്പൂരില്‍ പ്രചരണത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് സിപിഎം. സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണകരമായി. പിവി അന്‍വര്‍ മത്സരിക്കുന്നത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്നും സിപിഎം വിലയിരുത്തല്‍
Jun 10, 2025, 1:12 pm IST

മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും ദിയയും

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ദിയയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികള്‍ നല്‍കിയ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.
Jun 10, 2025, 1:02 pm IST

ഉക്രെയ്‌നില്‍ റഷ്യയുടെ ഡ്രോണ്‍ ആക്രമണം

ഉക്രെയിനിലെ വിവിധ മേഖലകളില്‍ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആശുപത്രി തകര്‍ന്നു. ഒഡേസയിലെ ഒരു ആശുപത്രിയിലെ പ്രസവ വാര്‍ഡ് പൂര്‍ണമായി തകര്‍ന്നു. ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ല.
Jun 10, 2025, 12:36 pm IST

കത്രീന കൈഫ് മാലിദ്വീപിന്റെ ആഗോള ടൂറിസം അംബാസഡര്‍

ബോളിവുഡ് നടി കത്രീന കൈഫിനെ മാലിദ്വീപിന്റെ ആഗോള ടൂറിസം അംബാസഡറായി തിരഞ്ഞെടുത്തു. കത്രീന കൈഫിനെ മാലിദ്വീപിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡറായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മാലിദ്വീപ് മാര്‍ക്കറ്റിംഗ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് കോര്‍പ്പറേഷന്‍ (എംഎംപിആര്‍സി/ വിസിറ്റ് മാലിദ്വീപ്) അറിയിച്ചു.
Jun 10, 2025, 12:17 pm IST

ജമാഅത്തെ പിന്തുണയെ ന്യായീകരിച്ച് സതീശന്‍

മൂന്ന് പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടിയവരാണ് സിപിഎം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎമ്മിനെ എതിര്‍ക്കുന്ന എല്ലാവരേയും തീവ്രവാദികളാക്കുന്നത് ശരിയല്ല. വെല്‍ഫയര്‍ പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് സതീശന്‍
Jun 10, 2025, 11:53 am IST

അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതി

ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതി. അഫാന്‍ എഴുന്നേറ്റ് നടക്കുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. അഫാന് മനോരോഗ വിദഗ്ധന്റെ ചികിത്സ നല്‍കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ ആത്മഹത്യ ചെയ്യുമെന്ന് പലതവണ അഫാന്‍ പറഞ്ഞിരുന്നു.
Jun 10, 2025, 11:04 am IST

അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ തീപിടുത്തം

ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 13 ലെ ഷബാദ് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം. അപ്പാര്‍ട്ട്‌മെന്റിന്റെ മുകളിലത്തെ നിലയില്‍ ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. ഇത് താമസക്കാരില്‍ പരിഭ്രാന്തി പരത്തി. എട്ട് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
Jun 10, 2025, 10:31 am IST

ചരക്ക് കപ്പല്‍ അപകടം, കേരള തീരത്ത് ജാഗ്രത

കേരള തീരത്തെ അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ ഉണ്ടായ ചരക്ക് കപ്പല്‍ തീപിടുത്തത്തില്‍ സംസ്ഥാനത്തും ജാഗ്രത നിര്‍ദേശം. തൃശൂര്‍, എറണാകുളം ജില്ലകളുടെ തീരത്തേക്ക് കണ്ടെയ്‌നറുകള്‍ ഒഴുകിയെത്താന്‍ സാധ്യത. അത്യന്തം അപകടകരമായ വസ്തുക്കളാണ് കണ്ടെയ്‌നറിലുള്ളത്. കടലിലെ ഒഴുക്ക് തെക്ക് കിഴക്കന്‍ ദിശയിലെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍
Jun 10, 2025, 9:49 am IST

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനം

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാര്‍ യാത്രികരുടെ മര്‍ദ്ദനമേറ്റു. വയനാട് സുല്‍ത്താന്‍ ബത്തേരി ബീനാച്ചിയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഡ്രൈവര്‍ മത്തായി, കണ്ടക്ടര്‍ റിയാസ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു.
Jun 10, 2025, 9:33 am IST

വര്‍ഗീയ ശക്തികളുടെ കൂട്ടുകെട്ട്

വര്‍ഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജമാഅത്തെ ഇസ്ലാമി പിന്തുണ നല്‍കിയ സാഹചര്യത്തിലാണ് ഗോവിന്ദന്റെ പ്രതികരണം. യുഡിഎഫ് പ്രത്യാഘാതം അനുഭവിക്കും. ജമാഅത്തെ ഇസ്ലാമിയും പിഡിപിയും ഒരുപോലെയല്ലെന്നും എംവി ഗോവിന്ദന്‍
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+