രാജ്യത്തെ നടുക്കി ആകാശദുരന്തം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് പറന്നുയർന്ന് നിമിഷങ്ങൾക്കകം എയർ ഇന്ത്യ വിമാനം തകർന്ന് വീണത്. 232 യാത്രക്കാരും 10 ജീവനക്കാരും ഉൾപെടെ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാളൊഴികെ എല്ലാവരും മരിച്ചു. അത്ഭുതകരമായി രക്ഷപ്പെട്ട 38 കാരനായ രമേശ് വിശ്വാസ് കുമാർ ചികിത്സയിലാണ്. എമർജൻസി എക്സിറ്റ് വഴി പുറത്തു ചാടാനായതാണ് രമേശിന് ജീവൻ തിരിച്ചുനൽകിയത്. ജനവാസമേഖലയിലാണ് ലണ്ടനിലേക്ക് പുറപ്പെട്ട AI-171 വിമാനം തകർന്ന് വീണത്. ഉച്ചക്ക് 1:39ന് പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലാണ് അപകടം. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ATCയിൽ വിമാനത്തിൽ നിന്നുള്ള അപായസന്ദേശം അഥവാ MAYDAY Call കിട്ടുന്നു. പിന്നാലെ ആശയവിനിമയം കട്ടാവുന്നു. നിമിഷങ്ങൾക്കകം എയർ ഇന്ത്യയുടെ 11 വർഷം പഴക്കമുള്ള ബോയിങ് 787 ഡ്രീം ലൈനർ വിമാനം തകർന്ന് വീണു.
അപകടത്തിൽ മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ട്. പത്തനംതിട്ട സ്വദേശി രഞ്ജിതയും അപകടത്തിൽ മരിച്ചു. ലണ്ടനിൽ നഴ്സായിരുന്ന രഞ്ജിത അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. വിമാനം ഇടിച്ചിറങ്ങിയത് ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ്. ഇവിടത്തെ അഞ്ച് എംബിബിഎസ് വിദ്യാത്ഥികൾ മരിച്ചെന്നാണ് വിവരം. നിരവധി വിദ്യാർത്ഥികൾ പരിക്കുമായി ചികിത്സയിലാണ്.
ഹൃദയഭേദകമായ ദുരന്തമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോകരാജ്യങ്ങൾ ദുരന്തത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി.
Jun 13, 2025, 12:39 am IST
പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക്
പ്രധാനമന്ത്രി മോദി ജൂൺ 13 വെള്ളിയാഴ്‌ച അഹമ്മദാബാദിലേക്ക് പോകുകയും എയർ ഇന്ത്യ വിമാനാപകട സ്ഥലം സന്ദർശിക്കുകയും ചെയ്യുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ രക്ഷാപ്രവർത്തനം പൂർത്തിയായെന്ന വാർത്തകൾക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ഇവിടേക്ക് വരുന്നുവെന്ന റിപ്പോർട്ടുകൾ കൂടി ലഭ്യമാവുന്നത്.
അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ഇതുവരെ 265 മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചു.
Jun 12, 2025, 11:46 pm IST
ഔപചാരിക അന്വേഷണം ആരംഭിച്ചു; വിദഗ്‌ധ സമിതി രൂപീകരിക്കുമെന്നും വ്യോമയാന മന്ത്രി
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി, എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ ഔപചാരിക അന്വേഷണം ആരംഭിച്ചു. കൂടാതെ, ഈ വിഷയം വിശദമായി പരിശോധിക്കുന്നതിനായി വിദഗ്‌ധരെ ഉൾപ്പെടുത്തി ഒരു ഉന്നതതല സമിതിയും സർക്കാർ രൂപീകരിക്കും; വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.
Jun 12, 2025, 11:04 pm IST
സഹപൈലറ്റ് ക്ലൈവ് കുന്ദറിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ വിക്രാന്ത് മാസി
അഹമ്മദാബാദിൽ പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണ് 200ലധികം പേരുടെ മരണത്തിന് കാരണമായ എയർ ഇന്ത്യ വിമാനത്തിന്റെ സഹപൈലറ്റും തന്റെ ബന്ധുവുമായ ക്ലൈവ് കുന്ദറിന്റെ മരണത്തിൽ നടൻ വിക്രാന്ത് മാസി ദുഃഖം രേഖപ്പെടുത്തി.
Jun 12, 2025, 10:49 pm IST
സാധ്യമായ സഹായങ്ങൾ എല്ലാം നൽകുമെന്ന് ഡൊണാൾഡ് ട്രംപ്
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയ്ക്ക് അദ്ദേഹം എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്‌തു. "ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ അവരെ അറിയിച്ചു, ഞങ്ങൾ ഉടൻ അവിടെയെത്തും" സാധ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക തയ്യാറാണെന്നും ട്രംപ് പറഞ്ഞു.
Jun 12, 2025, 10:08 pm IST
അഹമ്മദാബാദ് അപകടം; മരണസംഖ്യ ഡിഎൻഎ പരിശോധനയ്ക്ക് ശേഷമെന്ന് അമിത് ഷാ
വിമാനത്തിലെ യാത്രക്കാരുടെ കുടുംബങ്ങളുടെ ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണസംഖ്യ പറയാൻ കഴിയൂ എന്ന് അമിത് ഷാ. ഇന്ധനം കത്തുന്നതിനാൽ വിമാനത്തിനുള്ളിൽ താപനില വളരെ ഉയർന്നതോടെ ആരെയും രക്ഷിക്കാനുള്ള സാധ്യത വളരെ കുറവായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
Jun 12, 2025, 9:48 pm IST
അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ 53 ബ്രിട്ടീഷ് പൗരന്മാരുൾപ്പെടെ 242 പേരുമായി ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം തകർന്നതിനെത്തുടർന്ന് ബ്രിട്ടനിലെ രാജാവ് ചാൾസ് മൂന്നാമനും പ്രധാനമന്ത്രി കെയർ സ്‌റ്റാർമറും ഞെട്ടൽ രേഖപ്പെടുത്തി.
Jun 12, 2025, 9:21 pm IST
അഹമ്മബദാബാദ് അപകടത്തിൽ ഗുജറാത്ത് സർക്കാരിനെയും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് ഏജൻസികളെയും സഹായിക്കുന്നതിനായി പശ്ചിമ റെയിൽവേ തങ്ങളുടെ ദുരന്ത നിവാരണ സംഘത്തെയും മെഡിക്കൽ ഉദ്യോഗസ്ഥരെയും ആർപിഎഫ് ജീവനക്കാരെയും അയച്ചിട്ടുണ്ട്.
Jun 12, 2025, 9:08 pm IST
വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി വെസ്‌റ്റേൺ റെയിൽവേ അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും രണ്ട് സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും.
Jun 12, 2025, 8:42 pm IST
അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ ഫ്ലൈറ്റ് AI171 ലെ ജീവനക്കാരിൽ മണിപ്പൂരിൽ നിന്നുള്ള രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നതായി സൂചന.
Jun 12, 2025, 8:30 pm IST
യാത്രക്കാരുടെ അടുത്ത ബന്ധുക്കൾക്കും എയർ ഇന്ത്യ ജീവനക്കാർക്കും വേണ്ടി ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്ക് രണ്ട് ദുരിതാശ്വാസ വിമാനങ്ങൾ ഏർപ്പെടുത്തിയതായി എയർ ഇന്ത്യ അറിയിച്ചു.
Jun 12, 2025, 8:24 pm IST
അഹമ്മദാബാദിൽ ഉണ്ടായ ദാരുണമായ വിമാനാപകടത്തിന്റെ വാർത്ത കേട്ടപ്പോൾ ഹൃദയം തകർന്നുവെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഈ ഭയാനകമായ സംഭവത്തിൽ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട എല്ലാവരോടും എന്റെ പ്രാർത്ഥനകൾ ഉണ്ട്. സംഭവവികാസങ്ങൾ ഞങ്ങൾ തുടർന്നും നിരീക്ഷിക്കുകയും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ പ്രവർത്തിക്കുന്ന അടിയന്തര പ്രതികരണ സേനയ്‌ക്കൊപ്പം നിൽക്കുകയും ചെയ്യുന്നു; മാർക്കോ റൂബിയോ പറഞ്ഞു.
Jun 12, 2025, 7:53 pm IST
അത്ഭുത രക്ഷപ്പെടുത്തൽ നടത്തിയ രമേശ് കുമാർ ഇരുന്നത് എവിടെ?
എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനറിലെ 11A നമ്പർസീറ്റ് ഇക്കണോമി ക്ലാസ് ക്യാബിന്റെ ആദ്യ നിരയിലാണ് സ്ഥിതി ചെയ്യുന്നത്. വിമാനത്തിന്റെ വലതുവശത്തും വിമാനത്തിന്റെ ചിറകുകൾക്ക് രണ്ട് നിര മുന്നിലുമാണ് വിൻഡോ സീറ്റ് സ്ഥിതി ചെയ്യുന്നത്. അവിടെയാണ് രക്ഷപ്പെട്ട രമേശ് വിശ്വാസ് കുമാർ ഇരുന്നിരുന്നത്.
Jun 12, 2025, 7:41 pm IST
അഹമ്മദാബാദ് അപകടത്തിൽ രക്ഷപ്പെട്ട രമേശ് വിശ്വാസ് കുമാർ
Jun 12, 2025, 7:33 pm IST
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 1 കോടി സഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്
അഹമ്മദാബാദിലെ വിമാന അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ ഏറ്റെടുക്കുമെന്നും ബിജെ മെഡിക്കൽ കോളേജ് ഹോസ്‌റ്റലിന്റെ പുനരുദ്ധാരണത്തിന് സഹകരിക്കുമെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു.
Jun 12, 2025, 7:19 pm IST
ചികിത്സയിൽ കഴിയുന്നത് 38 കാരനായ രമേശ് വിശ്വാസ് കുമാർ. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ വംശജനാണ് ഇദ്ദേഹം.
Jun 12, 2025, 7:17 pm IST
അഹമ്മദാബാദ് വിമാന അപകടത്തിൽ ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തി, 11എ സീറ്റിൽ യാത്ര ചെയ്‌ത യുവാവ് ചികിത്സയിൽ.
Jun 12, 2025, 7:09 pm IST
സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി വ്യോമയാന മന്ത്രി റാംമോഹൻ നായിഡു
അഹമ്മദാബാദിലെ അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി വ്യോമയാന മന്ത്രി റാംമോഹൻ നായിഡു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും അദ്ദേഹം അവലോകനം ചെയ്യുകയും ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡിജിസിഎ, എഎഐ, എയർ ഇന്ത്യ, എൻഡിആർഎഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിക്കുകയും ചെയ്യുന്നു.
Jun 12, 2025, 6:54 pm IST
അന്വേഷണത്തിൽ സഹകരിക്കാൻ യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും
എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിൽ സഹായം ആവശ്യപ്പെട്ട് യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡുമായി (എൻടിഎസ്‌ബി) ബന്ധപ്പെട്ടിട്ടുണ്ടെന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്സ് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ. അന്താരാഷ്ട്ര വിമാന അപകടങ്ങളുടെ കാരണങ്ങൾ നിർണ്ണയിക്കാൻ എൻടിഎസ്‌ബി എല്ലാ വർഷവും പതിവായി വിവിധ രാജ്യങ്ങളെ സഹായിക്കാറുണ്ട്.
Jun 12, 2025, 6:39 pm IST
ബിജെ മെഡിക്കൽ കോളേജിൽ ഡിഎൻഎ പരിശോധന
അപകടത്തിൽപെട്ട വിദ്യാർത്ഥികളെ തിരിച്ചറിയുന്നതിനായി ബിജെ മെഡിക്കൽ കോളേജിൽ ഡിഎൻഎ പരിശോധന നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ ബന്ധുക്കളുടെയും മറ്റ് ഡിഎൻഎ ശേഖരിച്ച ശേഷമായിരിക്കും പരിശോധന നടത്തുക.
Jun 12, 2025, 6:22 pm IST
വിമാനാപകടത്തിൽ പരിക്കേറ്റവരുടെ പട്ടിക അഹമ്മദാബാദ് പോലീസ് പങ്കുവെച്ചിട്ടുണ്ട്. എയർ ഇന്ത്യ വിമാനാപകടത്തിൽ പരിക്കേറ്റ 25 പേരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Jun 12, 2025, 6:08 pm IST
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തിൽ കൊല്ലപ്പെട്ടു
ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാന അപകടത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി കൊല്ലപ്പെട്ടു. ബൽവന്ത് റായ് മെഹ്ത്തയ്ക്ക് ശേഷം വിമാന അപകടത്തിൽ കൊല്ലപ്പെട്ട രണ്ടാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാണ് വിജയ് രൂപാണി.
Jun 12, 2025, 5:48 pm IST
വിമാനത്തിൽ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് വിവരം..യാത്രക്കാരും ജീവനക്കാരും ഉൾപെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മരണസംഖ്യ ഉയർന്നേക്കും. വിമാനം ഇടിച്ചിറങ്ങിയ മെഡി.കോളേജ് ഹോസ്റ്റലിലെ അഞ്ച് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചെന്നും സൂചന.
Jun 12, 2025, 5:44 pm IST
അഹമ്മദാബാദ് ദുരന്തത്തിൽ അനുശോചിച്ച് ലോകരാജ്യങ്ങൾ
Jun 12, 2025, 5:41 pm IST
രക്ഷപ്പെടാൻ മകന് രണ്ടാം നിലയിൽ നിന്ന് ചാടേണ്ടി വന്നു; വിദ്യാർത്ഥികളിൽ ഒരാളുടെ അമ്മ
തന്റെ മകൻ ഉച്ചഭക്ഷണ ഇടവേളയിലായിരുന്നു, സ്വയം രക്ഷിക്കാൻ അവൻ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി; അപകടം നടക്കുമ്പോൾ ഹോസ്‌റ്റലിലുണ്ടായിരുന്ന ബിജെ മെഡിക്കൽ വിദ്യാർത്ഥികളിൽ ഒരാളുടെ അമ്മയായ റമീല പറഞ്ഞത്.
Jun 12, 2025, 5:26 pm IST
അഹമ്മദാബാദ് വിമാന അപകടത്തിൽ അനുശോചനം അറിയിച്ച് വിദേശകാര്യ മന്ത്രാലയം. "പ്രിയപ്പെട്ടവരെ നഷ്‍ടപ്പെട്ട കുടുംബങ്ങൾക്ക് ഞങ്ങൾ അഗാധമായ അനുശോചനം അറിയിക്കുന്നു. വിമാനത്തിൽ ധാരാളം വിദേശികൾ ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നു. ഞങ്ങൾക്ക് പങ്കിടാൻ കഴിയുന്ന ഏറ്റവും പുതി വിവരം അതാണ്" വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Jun 12, 2025, 5:19 pm IST
അപകടത്തിൽപ്പെട്ട എയർ ഇന്ത്യ #AI171 വിമാനം VT-ANB രജിസ്ട്രേഷൻ നമ്പറും 36279 സീരിയൽ നമ്പറുമുള്ള ഒരു ബോയിംഗ് 787-8 ഡ്രീംലൈനറാണ്. വിമാനത്തിന്റെ ആദ്യ പറക്കൽ 2013-12-14ലായിരുന്നു നടന്നത്. 2014 ജനുവരിയിൽ എയർ ഇന്ത്യയ്ക്ക് കൈമാറി.
Jun 12, 2025, 5:17 pm IST
ലണ്ടനിൽ നഴ്‌സ് ആയിരുന്ന രഞ്ജിത അവധി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്.
Jun 12, 2025, 5:16 pm IST
അഹമ്മദാബാദ് വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും
വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. പത്തനംതിട്ട തിരുവല്ല സ്വദേശിയായ രഞ്ജിത ഗോപകുമാറാണ് കൊല്ലപ്പെട്ടത്.
Jun 12, 2025, 5:15 pm IST
അഹമ്മദാബാദ് വിമാനത്താവളം ഇപ്പോൾ മുതൽ (4:05 IST) വിമാന പ്രവർത്തനങ്ങൾക്ക് ലഭ്യമാണ്. വിമാന സുരക്ഷാ പ്രോട്ടോക്കോളുകൾ അതീവ ശ്രദ്ധയോടെ പാലിക്കുന്നു.
READ MORE
7:11 AM, 12 Jun
മഴ അറിയിപ്പ്
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കാസറഗോഡ് ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
7:13 AM, 12 Jun
ഡല്‍ഹിയില്‍ ചൂട്
ഡൽഹിയിൽ കനത്ത ചൂട് തുടരുകയാണ്. ഇന്ന് താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
7:57 AM, 12 Jun
എംഡിഎംഎയുമായി പിടിയില്‍
സിനിമാമേഖലയിലെ മൂന്ന് ബൗൺസർമാരെ എംഡിഎംഎയുമായി എക്സൈസ് പിടികൂടി. തൃശൂർ സ്വദേശികളായ ഷെറിൻ തോമസ്, വിപിൻ വിൽസൺ, ആലുവ സ്വദേശി വിനാസ് പരീത് എന്നിവരാണ് അറസ്റ്റിലായത്.
9:31 AM, 12 Jun
മുന്നറിയിപ്പ്
കൊച്ചി പുറംകടലില്‍ അപകടത്തില്‍പ്പെട്ട ലൈബീരിയന്‍ കപ്പല്‍ കമ്പനിക്ക് ശക്തമായ മുന്നറിയിപ്പ് നല്കി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. അവശിഷ്ടങ്ങള്‍ മാറ്റുന്ന നടപടിക്രമങ്ങളില്‍ എംഎസ്സി കമ്പനി ഗുരുതര വീഴ്ച വരുത്തിയെന്നാണ് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ കമ്പനി കാലതാമസം വരുത്തിയെന്നും ഷിപ്പിങ് മന്ത്രാലയം കമ്പനിക്ക് അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു.
10:01 AM, 12 Jun
ഓറഞ്ച് അലർട്ട്
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശൂർ (ORANGE ALERT : അടുത്ത മൂന്നു മണിയ്ക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറപ്പെടുവിച്ച സമയവും തീയതിയും 09.00 AM; 12/06/2025
11:20 AM, 12 Jun
മോദിയെ കണ്ട് തരൂർ
ശശി തരൂര്‍ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി തന്നെ തരൂരിനെ വിളിപ്പിക്കുകയായിരുന്നു. നേരത്തെ വിദേശ പര്യടനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തരൂര്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.
11:21 AM, 12 Jun
വോട്ട് വേണ്ടെന്ന് പറയില്ല
വെല്‍ഫെയര്‍ പാര്‍ട്ടിയെ മുന്നണിക്കൊപ്പം കൂട്ടുകയോ അസോസിയേറ്റ് അംഗമാക്കുമെന്ന് വാഗ്‌ദാനം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
12:11 PM, 12 Jun
പ്രതി മരിച്ച നിലയില്‍
പടിയൂര്‍ കൊലപാതക കേസിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാളുടെ മൃതദേഹം ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലുള്ള ഒരു വിശ്രമ കേന്ദ്രത്തിലാണ് കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
12:56 PM, 12 Jun
ഒളിക്യാമറ വെച്ച പൊലീസുകാരന് പിടിയില്‍
പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരന് പിടിയില്‍. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലെ വൈശാഖാണ് പിടിയിലായത്.
2:10 PM, 12 Jun
ദിയ കൃഷ്ണയുടെ പരാതി
തന്റെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണം ക്രൈബ്രാഞ്ചിന് നല്‍കിയത് നല്ല കാര്യമെന്ന് ദിയ കൃഷ്ണ. ഡിജിപിയുടെ നിർദ്ദേശനുസരണമാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും എല്ലാ തെളിവുകളും കൊടുത്തുകഴിഞ്ഞുവെന്നും ദിയ വ്യക്തമാക്കി.
2:11 PM, 12 Jun
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
2:43 PM, 12 Jun
കോവിഡ് കേസുകളില്‍ വർധനവ്
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധനവ്. ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 7,154-ലേക്ക് ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. എന്നാൽ, കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു. 2165 രോഗികളാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്.
2:59 PM, 12 Jun
യാത്രക്കാരില്‍ വിജയ് രൂപാനിയും
തകർന്ന് വീണ വിമാനത്തിലെ യാത്രക്കാരില്‍ മുതിർന്ന ബി ജെ പി നേതാവും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ വിജയ് രൂപാനിയും ഉള്ളതായി വിവരം
3:14 PM, 12 Jun
അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ ഞെട്ടി രാജ്യം, ഉച്ചക്ക് 1:39ന് പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലാണ് അപകടം
3:14 PM, 12 Jun
ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ATCയിൽ വിമാനത്തിൽ നിന്നുള്ള അപായസന്ദേശം അഥവാ MAYDAY Call കിട്ടുന്നു. തൊട്ടുപിന്നാലെ ബന്ധം വിച്ഛേദിക്കപ്പെടുന്നു, അപകടം
3:14 PM, 12 Jun
എയർ ഇന്ത്യയുടെ 11 വർഷം പഴക്കമുള്ള ബോയിങ് 787 ഡ്രീം ലൈനർ വിമാനമാണ് തകർന്ന് വീണത്
3:14 PM, 12 Jun
രക്ഷാപ്രവർത്തനത്തിന് അർദ്ധസൈനികവിഭാഗവും എൻഡിആർഎഫ് സംഘവും സ്ഥലത്ത് എത്തി
ക്യാപ്റ്റൻ സുമീത് സഭർവാലിന് 8200 മണിക്കൂർ വിമാനം പറത്തിയ പരിചയസമ്പത്തുണ്ടെന്ന് എയർ ഇന്ത്യ അറിയിക്കുന്നത്. ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറിന് 1100 മണിക്കൂർ വിമാനം പറത്തിയ പരിചയമാണുള്ളത്
3:15 PM, 12 Jun
പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തി
പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയെ വിളിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെയും സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘവിയെയും അഹമ്മദാബാദ് പോലീസ് കമ്മീഷണറെയും ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തെ തുടർന്ന് അഹമ്മദാബാദ് വിമാനത്താവളം താൽക്കാലികമായി അടച്ചു.
3:28 PM, 12 Jun
മരണസംഖ്യ
വിമാനദുരന്തത്തിൽ നൂറിലേറെ പേർ മരിച്ചെന്ന് ആദ്യ റിപ്പോർട്ട്, മരണസംഖ്യ ഉയരാൻ സാധ്യത
3:44 PM, 12 Jun
വിമാനത്തിലെ യാത്രക്കാരില്‍ 61 പേർ വിദേശ പൗരൻമാരായിരുന്നു. 169 പേരാണ് ഇന്ത്യക്കാർ
വിമാനയാത്രക്കാരികളില് മലയാളികളും ഉള്ളതായുള്ള വിവരങ്ങള്‍ പുറത്ത് വരുന്നു
4:11 PM, 12 Jun
53 ബ്രിട്ടീഷുകാർ
അപകടത്തിൽ പെട്ട AI 171 വിമാനത്തിലുണ്ടായിരുന്നവർ : 169 ഇന്ത്യക്കാർ ,53 ബ്രിട്ടീഷുകാർ, 1കാനഡക്കാരൻ, 7 പോർച്ചുഗീസുകാർ
4:16 PM, 12 Jun
വിദ്യാർത്ഥകള്‍ക്ക് പരിക്ക്
വിമാനം ഇടിച്ചു കയറിയത് ബിജെ മെഡി.കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക്,നിരവധി വിദ്യാത്ഥികൾക്ക് പരിക്കെന്ന് റിപ്പോർട്ട്.
4:31 PM, 12 Jun
ഹൃദയഭേദകമായ ദുരന്തമെന്ന് പ്രധാനമന്ത്രി
PM Narendra Modi tweets, "The tragedy in Ahmedabad has stunned and saddened us. It is heartbreaking beyond words. In this sad hour, my thoughts are with everyone affected by it. Have been in touch with Ministers and authorities who are working to assist those affected." pic.twitter.com/HWX2yR3kZ9
അപകടത്തിൽ പരിക്കേറ്റ ബിജെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ.
4:41 PM, 12 Jun
രക്ഷാപ്രവർത്തനത്തിന് സാധ്യമായ സഹായങ്ങളെല്ലാം ഉറപ്പ് വരുത്തുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ. അപകടകാരണം വ്യക്തമായിട്ടില്ല. ദുരന്തത്തിൽ അനുശോചനമറിയിച്ച് സോഷ്യൽ മീഡിയ ഡിസ്പ്ലേ ചിത്രങ്ങളെല്ലാം കറുപ്പ് ബാനറാക്കി മാറ്റി എയർ ഇന്ത്യ.