Get Updates
Get notified of breaking news, exclusive insights, and must-see stories!

News Updates Today Live: ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാന തീരത്ത് സമീപത്ത് വീണ്ടും കപ്പൽ അപകടമുണ്ടായതിന്റെ ഞെട്ടലിലാണ് കേരളം. കണ്ണൂർ തീരത്തിന് സമീപമാണ് ചരക്ക് കപ്പലിന് തീപിടിച്ചത്. അഴീക്കലിനും തലശ്ശേരിക്കുമിടയിൽ പുറംകടലിലാണ് അപകടമുണ്ടായത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലാണ് തീ പിടിച്ചത്. തീയണക്കാനുള്ള തീവ്രശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് തീരസംരക്ഷണസേനയാണ്. കപ്പലിൽ നിന്ന് ഏറെ കണ്ടെയ്നറുകൾ കടലിലേക്ക് വീണിട്ടുണ്ട്. കണ്ടെയ്നറുകളിൽ തീയാളാൻ സാധ്യതയുള്ള വസ്തുക്കളുണ്ട് എന്നതാണ് ആശങ്കയേറ്റുന്നത്.

ഇതിനിടയിലും ലോകത്തെ ഏറ്റവും വലിയ കണ്ടെയ്ൻർ കപ്പലായ എംഎസ് സി ഐറിന വിഴിഞ്ഞത്ത് എത്തിയത് സന്തോഷവാർത്തയുമായി. രാജ്യത്താദ്യമായി ഐറിന എത്തുന്ന തുറമുഖമാണ് വിഴിഞ്ഞം. തീരദേശത്തെ ആശങ്ക വലിയ ചർച്ചയാകുമ്പോഴും നിലമ്പൂർ തെരഞ്ഞെടുപ്പ് ചൂടിലാണ്. കാട്ടുപന്നിക്കായി വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് പതിനഞ്ചുവയസ്സുകാരൻ മരിച്ചതും പിന്നാലെ വനംമന്ത്രി നടത്തിയ ഗൂഢാലോചന പ്രസ്താവനയുമെല്ലാമാണ് ഇപ്പോൾ പ്രധാന വിഷയം. പിന്നെയുമുണ്ട് വാർത്തകൾ. ഇന്ന് ഇതുവരെ നടന്നത് എന്തൊക്കെയാണെന്ന് നോക്കാം

News Updates

Jun 10, 2025, 12:16 am IST

ഐസിസിയുടെ ഹാൾ ഓഫ് ഫെയിമിൽ ഇടംനേടി എംഎസ് ധോണി

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടി ഇന്ത്യയുടെ മുൻനായകൻ എംഎസ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരമിച്ചെങ്കിലും ഇപ്പോഴും ധോണി ഐപിഎല്ലിൽ തുടരുന്നുണ്ട്. അതിനിടയിലാണ് ഈ അംഗീകാരം തേടി എത്തുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത് ഇന്ത്യക്കാരനാണ് ധോണി.
Jun 09, 2025, 11:38 pm IST

അപകടത്തിൽപെട്ട കപ്പൽ കത്തിയമരുന്നു; ജീവനക്കാരെ മംഗളൂരുവിൽ എത്തിച്ചു

കേരള തീരത്തിനടുത്തായി തീപിച്ച സിംഗപ്പൂർ കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ ജീവനക്കാരെ മംഗളൂരുവില്‍ എത്തിച്ചു. ആകാശത്തുനിന്ന് രാസവസ്‌തുക്കള്‍ ഇട്ട് തീയണയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ദൗത്യം നാളെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കപ്പല്‍ കൂടുതല്‍ ശക്തിയായി കത്തിയമരുന്നതിനാലാണ് ദൗത്യം പ്രതിസന്ധിയിൽ ആയത്.
Jun 09, 2025, 11:34 pm IST

ബഹുകക്ഷി പ്രതിനിധി സംഘത്തിലെ അംഗങ്ങളെ പ്രധാനമന്ത്രി കാണും

ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്നുള്ള ഇന്ത്യയുടെ നിലപാട് അറിയിക്കാൻ ലോക തലസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്‌ത ബഹുകക്ഷി പ്രതിനിധി സംഘത്തിലെ അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകുന്നേരം കൂടിക്കാഴ്‌ച നടത്തുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇതിനകം പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Jun 09, 2025, 11:16 pm IST

തൃണമൂൽ ദേശീയ നേതാക്കൾ നിലമ്പൂരിലേക്ക്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിവി അന്‍വറിന്റെ പ്രചാരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യൂസഫ് പഠാന്‍ ഉൾപ്പെടെയുള്ള നേതാക്കൾ എത്തും. ജൂണ്‍ 15ന് യൂസഫ് പഠാന്‍ എത്തുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചത്. ബഹാറംപൂര്‍ മണ്ഡലത്തില്‍നിന്നുള്ള ലോക്‌സഭാ എംപിയാണ് യൂസുഫ് പഠാന്‍.
Jun 09, 2025, 10:56 pm IST

തുടർച്ചയായ കപ്പലപകടം; പ്രതിഷേധവുമായി കോൺഗ്രസ്

കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് . കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ ജൂണ്‍ 11 പ്രതിഷേധ പ്രകടനം നടത്തുമെന്നാണ് കെപിസിസി അധ്യക്ഷൻ അറിയിച്ചിരിക്കുന്നത്.
Jun 09, 2025, 10:54 pm IST

ബേപ്പൂർ കപ്പലപകടം; കണ്ടെയ്‌നറുകൾ തീരത്തടിയുമെന്ന് മുന്നറിയിപ്പ്

കേരളാ തീരത്തിന് അടുത്ത് വെച്ച് തീപിടിച്ച വാൻഹായ് 503 ചരക്ക് കപ്പലിലെ കണ്ടെയ്‌നറുകൾ തീരത്തടിയുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 ദിവസത്തിനുള്ളിൽ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ ഇവ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളതീരത്തിന്റെ സമാന്തരദിശയിൽ നീങ്ങാനും സാധ്യതയുണ്ട്.
Jun 09, 2025, 9:35 pm IST

ആക്‌സിയം 4 വിക്ഷേപണം നീട്ടി

ആക്‌സിയം 4 വിക്ഷേപണം ഒരുദിവസത്തേക്ക് നീട്ടിയതായി ഇസ്രോ. കാലാവസ്ഥ പ്രതികൂലമായതിനാൽ, ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ലയെയും മറ്റ് മൂന്ന് പേരെയും വഹിച്ചുകൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കാനിരുന്ന ആക്‌സിയം -4 ദൗത്യത്തിന്റെ വിക്ഷേപണം ജൂൺ 11ലേക്ക് മാറ്റിവച്ചതായാണ് ഇസ്രോ അറിയിച്ചത്.
Jun 09, 2025, 9:22 pm IST

ദിയ കൃഷ്‌ണയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ്

തട്ടികൊണ്ടുപോയെന്ന ജീവനക്കാരികളുടെ പരാതിയിൽ ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്. സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ കൃഷ്‌ണകുമാറിന്റെയും മകൾ ദിയയുടെയും ദിയയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
Jun 09, 2025, 8:20 pm IST

സ്‌കൂളുകളിൽ നാളെ കുട്ടികളുടെ തലയെണ്ണൽ

സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെ കുട്ടികളുടെ തലയെണ്ണൽ നടക്കും. സ്‌കൂൾ തുറന്ന് ആറാം പ്രവൃത്തി ദിവസമായ ഇന്ന് ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ കണക്കാണ് ശേഖരിക്കുന്നത്. സമ്പൂർണ്ണ പോർട്ടൽ വഴി വൈകീട്ട് അഞ്ച് മണിവരെ കുട്ടികളുടെ വിവരങ്ങൾ സ്‌കൂളധികൃതർക്ക് അപ് ലോഡ് ചെയ്യാം. തിരിച്ചറിയൽ രേഖ ഉള്ള കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാവും തസ്‌തിക നിർണയം നടക്കുക.
Jun 09, 2025, 7:39 pm IST

പ്ലസ് വണ്‍ പ്രവേശനം; രണ്ടാം അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. നാളെ രാവിലെ 10 മണി മുതല്‍ ബുധനാഴ്‌ച വൈകീട്ട് അഞ്ചുമണി വരെ വിദ്യാർത്ഥികൾക്ക് സ്‌കൂളുകളില്‍ പ്രവേശനം നേടാവുന്നതാണ്.
Jun 09, 2025, 7:15 pm IST

സിഎംആര്‍എല്‍-എക്‌സാലോജിക് കരാറിൽ സിബിഐ അന്വേഷണം വേണ്ട; മുഖ്യമന്ത്രി

സിഎംആര്‍എല്‍-എക്‌സാലോജിക് കരാറിലെ സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച്. സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയത്. പൊതുതാത്പര്യ ഹര്‍ജിയിലെ ആക്ഷേപങ്ങളില്‍ അടിസ്ഥാനമിലെന്നും പിണറായി പറഞ്ഞു.
Jun 09, 2025, 6:28 pm IST

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രി സെല്ലിലേക്ക് മാറ്റി

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയില്‍ തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് അഫാനെ സെല്ലിലേക്കു മാറ്റിയത്. ജയിലില്‍ ജീവനൊടുക്കാനുള്ള ശ്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിയുകയായിരുന്നു അഫാൻ. നിലവിൽ ഇയാളുടെ ഓർമ്മശക്തി ഉൾപ്പെടെ തിരിച്ചുകിട്ടിയെന്നാണ് ലഭ്യമായ വിവരം.
Jun 09, 2025, 5:50 pm IST

50 കണ്ടെയ്‌നറുകൾ കടലിൽ വീണു; മന്ത്രി വിഎൻ വാസവൻ

കേരള തീരത്ത് അപകടത്തില്‍പ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത് നാല്‍പതോളം പേരെന്ന് തുറമുഖവകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. പതിനെട്ട് പേര്‍ കടലില്‍ ചാടി രക്ഷപ്പെട്ടുവെന്നും ഇവരെ കോസ്‌റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്ന് രക്ഷപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. തീപടര്‍ന്നതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. 50 കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Jun 09, 2025, 5:11 pm IST

തീപിടിച്ച കപ്പലിൽ 157 കണ്ടെയ്‌നറുകളിൽ അപകടകരമായ വസ്‌തുക്കൾ

ബേപ്പൂരിനടുത്തായി തീപിടിച്ച കപ്പലിലെ 157 കണ്ടെയ്‌നറുകളിൽ അപകടകരമായ വസ്‌തുക്കളുണ്ടെന്നാണ് ലഭ്യമായ വിവരം. വിവിധ തരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡർ, ടർപെന്റൈൻ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്‌തുക്കൾ കണ്ടെയ്‌നറുകളിലുണ്ടെന്നാണ് സൂചന. കപ്പലിന്റെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ബിഎസ്എം കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെട്ടു.
Jun 09, 2025, 4:44 pm IST

നിലമ്പൂർ തിരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിന് പിന്തുണയുമായി വെൽഫെയർ പാർട്ടി

നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി. കേരളത്തിലെ ഇടത് സർക്കാരിനെതിരായ ജനവിധിയാകും തിരെഞ്ഞെടുപ്പ് ഫലമെന്നാണ് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിയുടെ പ്രതികരണം. പോലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Jun 09, 2025, 4:33 pm IST

കാലാവസ്ഥ

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. . . . പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM
Jun 09, 2025, 4:24 pm IST

ബേപ്പൂർ കപ്പലപകടം; സ്ഫോടന സാധ്യതയെന്ന് മുന്നറിയിപ്പ്

ബേപ്പൂർ-അഴീക്കൽ തുറമുഖത്തിന് അടുത്തായി കപ്പൽ തീപിടിച്ച സംഭവത്തിൽ സ്ഫോടന സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മറ്റ് കപ്പലുകൾക്ക് നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു. അതിനിടെ അപകടത്തിൽ പരിക്കേറ്റ കപ്പൽ ജീവനക്കാരെ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
Jun 09, 2025, 3:15 pm IST

ആശങ്ക ഉയർത്തി കോവിഡ്

രാജ്യത്ത് ഇന്നുവരെ വരെ 6491 സജീവ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65 മരണങ്ങളും സ്ഥിരീകരിച്ചു. സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ്. 1957 സജീവ കേസുകളാണ് കേരളത്തിലുള്ളത്. തൊട്ടുപിന്നാലെ ഗുജറാത്തും പശ്ചിമ ബംഗാളും ഉണ്ട്, എന്നാൽ ഇവിടങ്ങളിലെ കൃത്യമായ കണക്കുകൾ വ്യക്തമാക്കിയിട്ടില്ല. രാജ്യവ്യാപകമായി കോവിഡ് വ്യാപനം നിയന്ത്രണാതീതമല്ലെങ്കിലും, കേരളത്തിലെ ഉയർന്ന കേസുകൾ ആശങ്കയുണർത്തുന്നതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.
Jun 09, 2025, 2:45 pm IST

18 പേരെ രക്ഷപ്പെടുത്തി

തീ പിടുത്തമുണ്ടായ വാൻ ഹായ് 503 എന്ന ചരക്കുകപ്പലിൽ നിന്ന് ജീവൻ രക്ഷിക്കാൻ കടലിലേക്ക് ചാടിയ 18 പേരെ കോസ്റ്റ് ഗാർഡും നേവിയും ചേർന്ന് രക്ഷപ്പെടുത്തി. നാല് പേർ കാണാതായതായി റിപ്പോർട്ടുണ്ട്. രക്ഷപ്പെടുത്തിയവരിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കാണാതായവരിൽ രണ്ട് പേർ തായ്‌വാൻ സ്വദേശികളും ബാക്കി രണ്ട് പേർ ഇന്തോനേഷ്യയിൽ നിന്നും മ്യാൻമറിൽ നിന്നുമാണ്. കപ്പലിൽ ഇന്ത്യക്കാർ ഇല്ലെന്നാണ് വിവരം
Jun 09, 2025, 2:26 pm IST

ചൂരല്‍മലയോട് ചേര്‍ന്നുള്ള മലയില്‍ മണ്ണിടിച്ചില്‍

കനത്ത മഴയെ തുടര്‍ന്ന് ചൂരല്‍മലയോട് ചേര്‍ന്നുള്ള കരിമറ്റം വനത്തിനുള്ളില്‍ മണ്ണിടിച്ചില്‍. ശക്തമായ മഴ പെയ്ത മെയ് 28നാണ് മണ്ണിടിഞ്ഞത്. എന്നാല്‍ അധികൃതര്‍ വിവരമറിഞ്ഞത് മെയ് 30 നാണ്. അപകടത്തെ തുടര്‍ന്ന് ജിയോളജിസ്റ്റ് വനം വകുപ്പ് സംഘങ്ങള്‍ മേഖലയില്‍ പരിശോധന നടത്തി. മലപ്പുറം ഭാഗത്തെ മലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്‌
Jun 09, 2025, 2:10 pm IST

ബെംഗളൂരു ദുരന്തം

ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ തങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് നെറ്റ്വര്‍ക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡും ഐപിഎല്‍ ക്രിക്കറ്റ് ഫ്രാഞ്ചൈസി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
Jun 09, 2025, 1:39 pm IST

ആരോപണപ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

വഴിക്കടവില്‍ അനന്തുവിന്റെ മരണത്തിനിടയാക്കിയ പന്നിക്കെണി അപകടത്തില്‍ പരസ്പരം കുറ്റപ്പെടുത്തി യുഡിഎഫും എല്‍ഡിഎഫും ബിജെപിയും. അപകടത്തിന് കാരണം പഞ്ചായത്തിന്റെ വീഴ്ചയെന്ന് ആരോപിച്ച് എല്‍ഡിഎഫ് വഴിക്കടവ് പഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എന്നാല്‍ കെഎസ്ഇബിയുടെ വീഴ്ചയാണിതെന്ന് ആരോപിച്ച് യുഡിഎഫ് വഴിക്കടവ് കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വനം വകുപ്പ് ഓഫീസിന് മുന്നില്‍ ബിജെപിയും പ്രതിഷേധിക്കുന്നു
Jun 09, 2025, 1:26 pm IST

രക്ഷാപ്രവര്‍ത്തനം തുടങ്ങി

ചരക്ക് കപ്പലിന് തീപിടിച്ച സംഭവത്തില്‍ നേവിയും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനം തുടങ്ങി. നാവികസേനയുടെ ഐഎന്‍എസ് സൂറത്ത് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കടലിലേക്ക് ചാടിയ കപ്പല്‍ ജീവനക്കാര്‍ക്ക് അടിയന്തര ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് നിര്‍ദേശം നല്‍കി.
Jun 09, 2025, 12:53 pm IST

ചരക്ക് കപ്പലിന് തീപിടിച്ചു

ബേപ്പൂര്‍-അഴീക്കല്‍ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്. നേവിയും കോസ്റ്റ് ഗാര്‍ഡും സംഭവസ്ഥലത്തേക്ക് തിരിച്ചു
Jun 09, 2025, 12:24 pm IST

മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നു

കോഴിക്കോട് അട്ടക്കുണ്ട് സ്വദേശി മുഹമ്മദിന്റെ മൃതദേഹം പുറത്തെടുത്ത് പരശോധിക്കുന്നു. പിതാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന മകന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും.
Jun 09, 2025, 11:59 am IST

അനന്തുവിന്റെ മരണം കേരള സര്‍ക്കാരിന്റെ വീഴ്ചയെന്ന് കേന്ദ്ര വനം മന്ത്രി

നിലമ്പൂരില്‍ വിദ്യാര്‍ത്ഥിയായ അനന്തുവിനെ പന്നിക്കെണിയില്‍ അകപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടത് കേരള സര്‍ക്കാരിന്റെ വീഴ്ച കൊണ്ടെന്ന് കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട് എന്നും കേന്ദ്രത്തിന്റെ അനുമതി വേണ്ടെന്നും ഭൂപേന്ദ്ര യാദവ്
Jun 09, 2025, 11:12 am IST

ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം സംസ്‌കരിച്ചു

വാഹനാപകടത്തില്‍ മരിച്ച ചാക്കോയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവാണ്. മുണ്ടൂര്‍ പരികര്‍മ്മല മാതാ ദേവാലയത്തില്‍ ആണ് സംസ്‌കാരം നടന്നത്.
Jun 09, 2025, 10:54 am IST

മലക്കം മറിഞ്ഞ് വനം മന്ത്രി

നിലമ്പൂരിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഗൂഢാലോചനയുണ്ട് എന്ന് പറഞ്ഞിട്ടില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. പ്രസ്താവന വളച്ചൊടിച്ചെന്നും സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നു എന്നാണ് പറഞ്ഞതെന്നും ശശീന്ദ്രന്‍
Jun 09, 2025, 10:40 am IST

മോഡല്‍ അഞ്ജലി വര്‍മോറ മരിച്ച നിലയില്‍

യുവമോഡല്‍ അഞ്ജലി വര്‍മോറയെ മരിച്ച നിലയില്‍ കണ്ടെത്തി. 23 വയസായിരുന്നു. ഗുജറാത്തിലെ സൂറത്തില്‍നിന്നുള്ള മോഡലാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അഞ്ജലിയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Jun 09, 2025, 10:33 am IST

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ വീണു

മുംബ്ര റെയില്‍വേ സ്റ്റേഷന് സമീപം ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് അഞ്ചോളം മരിച്ചതായി റിപ്പോര്‍ട്ട്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ (സിഎസ്എംടി) നിന്ന് ലഖ്നൗവിലേക്ക് പോവുകയായിരുന്ന 12534 പുഷ്പക് എക്സ്പ്രസിലാണ് അപകടമുണ്ടായത്. ട്രെയിനില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നു എന്നും തിരക്കേറിയതിനാല്‍ പത്തിലേറെ പേര്‍ താഴെ വീണു എന്നുമാണ് റിപ്പോര്‍ട്ട്
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+