റിപ്പോർട്ടറിന് അടുത്ത അടി, സുജയ പാർവ്വതി മാത്രമല്ല, റിപ്പോർട്ടർ വിട്ട് ജിമ്മി ജെയിംസും! ബിഗ് ടിവിയിലേക്കല്ല
മലയാള വാര്‍ത്താ ചാനലുകളിലെ പ്രമുഖരെ ഒരു ഫ്രെയിമിനകത്ത് അണി നിരത്തി റേറ്റിംഗ് ഉയര്‍ത്തിയ റിപ്പോര്‍ട്ടര്‍ ടിവിക്ക് വന്‍ തിരിച്ചടിയായി സ്റ്റാര്‍ അവതാരകരുടെ കൊഴിഞ്ഞുപോക്ക്. നികേഷ് കുമാറിനും ഉണ്ണി ബാലകൃഷ്ണനും ഏറ്റവും ഒടുവില്‍ സുജയ പാര്‍വ്വതിയും റിപ്പോര്‍ട്ടര്‍ വിട്ടു. ഇപ്പോഴിതാ അടുത്തിടെ മാത്രം റിപ്പോര്‍ട്ടര്‍ ടീമിനൊപ്പം ചേര്‍ന്ന ജിമ്മി ജെയിംസും ചാനല്‍ വിടുന്നു.
റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡിജിറ്റല്‍ ഹെഡ് സ്ഥാനം രാജി വെച്ചാണ് ഉണ്ണി ബാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ ആയി ചുമതല ഏറ്റെടുത്തത്. ഉണ്ണി ബാലകൃഷ്ണന്റെ ഒഴിവിലേക്ക് ഡിജിറ്റല്‍ ഹെഡ് ആയി ജിമ്മി ജെയിംസ് എത്തി. റിപ്പോര്‍ട്ടറിലെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ അടക്കം തിളങ്ങി നില്‍ക്കവേയാണ് ജിമ്മിയുടെ രാജി.
അനില്‍ അരിയൂര്‍ തുടക്കമിടുന്ന ബിഗ് ടിവിയിലേക്കാണ് സുജയ പാര്‍വ്വതി അടക്കമുളളവര്‍ ചേക്കേറിയത് എങ്കില്‍ ജിമ്മി ജെയിംസ് പോകുന്നത് മീഡിയാ വണ്ണിലേക്കാണ്. ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പദവിയിലേക്കാണ് ജിമ്മി ജെയിംസ് എത്തുന്നത്. നേരത്തെ ഏഷ്യാനെറ്റ് ന്യൂസ്, ദി ഫോർത്ത്, ന്യൂസ് 18 അടക്കമുളള മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം മീഡിയാ വണ്ണിലെ പ്രമുഖ അവതാരകനായ അജിംസ് ചാനല്‍ വിട്ടേക്കുമെന്നും സൂചനയുണ്ട്.

സുജയ പാര്‍വ്വതിയും ഇപ്പോള്‍ ജിമ്മിയും പോകുന്നതോടെ പകരം സ്റ്റാര്‍ വാല്യൂ ഉളള അവതാരകരെ കണ്ടെത്താനുളള ശ്രമത്തിലാണ് റിപ്പോര്‍ട്ടര്‍ ടിവി. മാത്യൂഭൂമി ന്യൂസില്‍ നിന്നും അവതാരകയായ മാതു റിപ്പോര്‍ട്ടറിലേക്ക് എത്തിയേക്കും. ലക്ഷങ്ങൾ ശമ്പളം വാഗ്ദാനം നൽകിയാണ് മാതുവിനെ റിപ്പോർട്ടറിലേക്ക് കൊണ്ടുവരുന്നതെന്നാണ് സൂചന. നിലവില്‍ അരുണ്‍ കുമാര്‍, സ്മൃതി പരുത്തിക്കാട്, പിആര്‍ സുനില്‍, ആന്റോ ജോസഫ് എന്നിവരാണ് ചാനലിലെ മീറ്റ് ദ എഡിറ്റേഴ്‌സ് നയിക്കുന്നത്. ഈ നിരയിൽ ഇനി മാതുവിനേയും കാണാം.
സുജയ പാര്‍വ്വതിയും അരുണ്‍ കുമാറും തമ്മിലുളള ഏറ്റുമുട്ടലുകള്‍ ഈ പരിപാടിക്ക് വലിയ തോതില്‍ പ്രേക്ഷകരെ നേടിക്കൊടുത്തിരുന്നു. ഈ പാനലിലേക്ക് ഇനി ആരെത്തും എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ബാര്‍ക്ക് റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസുമായി കടുത്ത മത്സരം നടത്തുന്ന റിപ്പോര്‍ട്ടര്‍ ടിവിക്ക് പ്രമുഖ അവതാരകരുടെ കൊഴിഞ്ഞ് പോക്ക് തടയുകയും പുതിയ ആളുകളെ എത്തിക്കുകയും ചെയ്യല്‍ വന്‍ വെല്ലുവിളി ആയിരിക്കുകയാണ്.
2023ല്‍ റിപ്പോര്‍ട്ടറില്‍ എത്തിയ സുജയ പാര്‍വ്വതി ചാനലിന് പ്രേക്ഷകരെ സൃഷ്ടിക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലോഞ്ചിന് തയ്യാറെടുക്കുന്ന ബിഗ് ടിവിയില്‍ ചീഫ് എഡിറ്ററായാണ് സുജയ പാര്‍വ്വതി എത്തുന്നത്. വേണു ബാലകൃഷ്ണനാണ് ചാനലിന്റെ ന്യൂസ് ഡയറക്ടര്‍. ലക്ഷ്മി പദ്മ, അപര്‍ണ കുറുപ്പ്, ജോഷി കുര്യന്‍ അടക്കമുളളവരും ബിഗ് ടിവിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications