നെയ്യാറ്റിന്‍കര ഗോപന്റെ സമാധി സ്ഥലം ഇനി 'ഗോപന്‍ സ്വാമി' ക്ഷേത്രം; ഓണത്തിനു ശേഷം നിര്‍മാണം
നെയ്യാറ്റിന്‍കര: കേരളത്തില്‍ ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു നെയ്യാറ്റിന്‍കര ഗോപന്റെ മരണവും അതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും. അച്ഛനെ സമാധിയിരുത്തിയെന്ന് അവകാശപ്പെട്ട് മക്കള്‍ രംഗത്തു വന്നതാണ് വലിയ വിവാദങ്ങള്‍ക്കു തുടക്കമായത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയമാണ് ആദ്യം ഉയര്‍ന്നത്.
പിന്നീട് വീട്ടുകാരുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുകയും പോസ്റ്റുമോര്‍ട്ടത്തില്‍ മരണത്തില്‍ ദുരൂഹതയില്ലെന്നു തെളിയുകയും ചെയ്തു. നിരവധി രോഗങ്ങള്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. തുടര്‍ന്ന് സംഭവത്തിലെ ദുരൂഹത നീങ്ങുകയും ഗോപന്റെ മൃതദേഹം വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ വീണ്ടും സംസ്‌കരിക്കുകയും ചെയ്തു. സംഭവം ഏറെ നാളുകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ, നെയ്യാറ്റിന്‍കര ഗോപന്റെ സമാധി സ്ഥലം ക്ഷേത്രമാക്കാന്‍ തീരുമാനമായിരിക്കുകയാണ്. ഓണത്തിന് ശേഷം ക്ഷേത്രത്തിന്റെ പണികള്‍ ആരംഭിക്കാനാണ് നിലവിലുള്ള തീരുമാനം. ഗോപന്റെ മരണം സംഭവിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സമാധി ക്ഷേത്രമാക്കാന്‍ തീരുമാനമായിരിക്കുന്നത്.
നിലവില്‍ സമാധി പീഠം പുതുക്കി പണിയുകയും അതിന് മുകളിലായി ശിവലിംഗം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഋഷി പീഠം എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഇവിടെ പൂജ നടക്കുന്നുണ്ട് എന്നാണ് കുടുംബം പറയുന്നത്. പൂജയില്‍ പങ്കെടുക്കാന്‍ നിരവിധി ആളുകള്‍ എത്തുന്നുണ്ട് എന്നും കുടുംബം അവകാശപ്പെടുന്നു.
ജനുവരി 16നായിരുന്നു കേരളത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ സംഭവങ്ങള്‍ക്കു തുടക്കമാകുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്റെ മരണം ചര്‍ച്ചയായത്. മൃതദേഹം പുറത്തെടുക്കാനായി പൊളിച്ച സമാധിത്തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ സമാധി ക്ഷേത്രമാക്കാന്‍ ഒരുങ്ങുന്നത്.












Click it and Unblock the Notifications