ആത്മഹത്യാ ഭീഷണിക്കിടെ പൊള്ളലേറ്റ ഗൃഹനാഥന് മരിച്ചു; പൊലീസിനെതിരെ നടപടി വേണമെന്ന് മക്കള്‍
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര പോങ്ങയില്‍ കോടതി ഉത്തരവ് പ്രകാരം കയ്യേറ്റം ഒഴിപ്പിക്കുന്നതിനെത്തിയവര്ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണിക്കിടെ പൊള്ളലേറ്റ ദമ്പദികളില്‍ ഭര്‍ത്താവ് മരിച്ചു. നെട്ടത്തോട്ടം കോളനിക്ക് സമീപം 47 വയസുകാരനായ രാജനാണ് മരിച്ചത്. പൊലീസിനെ പിന്തിരിപ്പിക്കാനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ലൈറ്റര്‍ പൊലീസ് തട്ടിമാറ്റിയപ്പോഴാണ് തീ ആളിപ്പടര്‍ന്നതെന്നും രാജന് മരണത്തിന് മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞിരുന്ന രാജന് അന്‍പത് ശമാനത്തിലേറെ പൊള്ളലേറ്റിരുന്നു. രാജനൊപ്പം പൊള്ളലേറ്റ ഭാര്യ അമ്പിളി ചികിത്സയിലാണ്. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് രാജനേയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ പൊലീസ് എത്തിയത്. തുടര്‍ന്നായിരുന്നു ആത്മഹത്യാ ശ്രമം.
പിതാവിന്റെ മരണത്തിനിടയാക്കിയ പൊലീസുകാരനേയും അയല്‍വാസിയായ വസന്തക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കള്‍ ആവശ്യപ്പെട്ടു. തങ്ങളുടെ പിതാവിനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് രാജന്റെ മക്കള്‍ മുഖ്യമന്ത്രിയെട് അപേക്ഷിച്ചു.
ഒരു വര്‍ഷം മുന്‍പ് തൊട്ടടുത്ത അയല്‍വാസി വസന്ത തന്റെ മൂന്ന് സെന്റ് പുരയിടം രാജന് കയ്യേറിയതായി കാണിച്ച് കേസ് നല്‍കുകയും നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാജന് ഈ പുരയിടത്തില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തിയതിനാല്‍ ജൂണില്‍ കോടതി കമ്മിഷനെ നിയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ച പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാന്‍ ശ്രമം നടത്തിയപ്പോഴാണ് തീ കൊളുത്തിയത്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച എഎസ്ഐ അനില്‍ കുമാറിനും പരിക്കേറ്റു. പൊലീസുകാര്‍ ലൈറ്റര്‍ തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നാണ് രാജന്റെ മക്കളും നല്കുന്ന വിശദീകരണം. പൊള്ളലേറ്റ ഭാര്യ അമ്പിളിയുടെ നിലയും അതീവ ഗുരുതരമായി തുടരുകയാണ്.