കൊല്ലത്ത് മൂന്നിടത്ത് ഉയരപ്പാത പൊളിച്ചുനീക്കുന്നു; ഇനി ഫ്‌ളൈ ഓവര്‍, 90 കോടി അധികം വേണം
കൊല്ലം ജില്ലയിലെ മൂന്ന് സ്ഥലങ്ങളില്‍ ഉയരപ്പാത പൊളിച്ചുനീക്കുന്നു. ഫ്‌ളൈ ഓവര്‍ നിര്‍മാണത്തിന് വേണ്ടിയാണ് ഉയരപ്പാത പൊളിച്ച് മാറ്റുന്നത്. 90 കോടി രൂപ അധിക ചെലവില്‍ മൈലക്കാട്, മേവറം, കടവൂര്‍ എന്നിവിടങ്ങളിലാണ് ഉയരപ്പാത നിര്‍മിക്കുന്നത്. ദേശീയപാത 66 ന്റെ നിര്‍മാണം മൈലക്കാടില്‍ അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ ഉയരപ്പാത തകര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മണ്ണിന്റെ ബലക്ഷയമാണ് തകര്‍ച്ചയ്ക്ക് കാരണം എന്ന് കണ്ടെത്തി.
ചതുപ്പ് പ്രദേശമായ മൂന്നിടങ്ങളിലാണ് ബലക്ഷയം കണ്ടെത്തിയത്. ഇതോടെ ഇവിടങ്ങളില്‍ ഫ്‌ളൈ ഓവര്‍ അഥവാ വയഡക്ട് നിര്‍മിക്കാന്‍ തീരുമാനിച്ചു. ഫ്‌ളൈ ഓവര്‍ നിര്‍മാണം സംബന്ധിച്ച് തിരുവനന്തപുരം മേഖല ഓഫിസില്‍ നിന്നും ദേശീയപാത അതോറിറ്റിക്ക് ശുപാര്‍ശ ലഭിച്ചിരുന്നു. ഈ ശുപാര്‍ശ എന്‍എച്ച്‌ഐ അംഗീകരിച്ചതോടെ ഉയരപ്പാത ഭാഗികമായി പൊളിച്ചു നീക്കുന്ന നടപടിയും ആരംഭിച്ചു.

മൈലക്കാട്ടെ പൈലിംഗ് നടപടികളും കടവൂര്‍, മേവറം എന്നിവിടങ്ങളിലെ നിര്‍മാണ നടപടികളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മൈലക്കാട്ട് നിലവിലുള്ള വയഡക്ടില്‍ നിന്ന് കൊട്ടിയം ഭാഗത്തേക്ക് 120 മീറ്റര്‍ നീളത്തിലും മേവറത്ത് നിലവിലുള്ളതിന്റെ ഇരുവശത്തുമായി 80 മീറ്റര്‍ വീതം നീളത്തില്‍ ഫ്‌ലൈ ഓവറും ആണ് നിര്‍മിക്കുക. കടവൂരില്‍ 440 മീറ്റര്‍ നീളത്തിലാണ് ഫ്‌ളൈ ഓവര്‍ നിര്‍മാണം.
മേവറത്ത് നിന്നു കൊട്ടിയം ഭാഗത്തേക്കുള്ള ഉയരപ്പാത ഏകദേശം 200 മീറ്റര്‍ നീളത്തില്‍ പൊളിച്ചിട്ടുണ്ട്. ആര്‍ഇ പാനല്‍ ഇളക്കി മാറ്റിയാണ് ഇപ്പോള്‍ മണ്ണ് നീക്കം ചെയ്യുന്നത്. ചിലയിടങ്ങളില്‍ മണ്ണിട്ട് ഉയര്‍ത്തിയ റോഡ് പൂര്‍ണമായി നീക്കം ചെയ്ത് കഴിഞ്ഞു. നേരത്തെ 25 അടിയിലേറെ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തിയാണ് പാത നിര്‍മാണം നടത്തിയത്. മേവറത്ത് റോഡിനു കുറുകെ ഒഴുകുന്ന കൈത്തോടിന്റെ കലുങ്കിന്ു മുകളിലാണ് മണ്ണിട്ട് ഉയര്‍ത്തിയായിരുന്നു നിര്‍മാണം.
അതേസമയം ചാത്തന്നൂര്‍, കൊട്ടിയം, അയത്തില്‍, കല്ലുംതാഴം എന്നിവിടങ്ങളില്‍ ഉയരപ്പാത പൊളിച്ചുനീക്കി ഫ്‌ളൈ ഓവര്‍ നിര്‍മിക്കണം എന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ദേശീയപാത അതോറിറ്റി ഇത് അംഗീകരിച്ചിട്ടില്ല. കൊട്ടിയത്തെ ഉയരപ്പാതയില്‍ ഇതിനോടകം ഗതാഗതം ആരംഭിച്ചിട്ടുണ്ട്. ചാത്തന്നൂരില്‍ ഉയരപ്പാത സുരക്ഷിതമാണെന്ന് പാലക്കാട് ഐഐടിയിലെ വിദഗ്ധ സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
അതിനാല്‍ ഇവിടെ ഫ്‌ളൈ ഓവര്‍ നിര്‍മാണം പ്രായോഗികമല്ല എന്നാണ് തിരുവനന്തപുരം മേഖലാ പ്രോജക്ട് ഡയറക്ടര്‍ ഹൈക്കോടതിയെ അറിയിച്ചത്.












Click it and Unblock the Notifications