ദേശീയ പാതകളില്‍ എഐ ക്യാമറ വണ്ടികള്‍ ഇറങ്ങും: ഹെല്‍മറ്റ് പിടിക്കാനല്ല; റോഡിലെ കുണ്ടും കുഴിയും കണ്ടെത്താന്‍
ഡല്‍ഹി: ദേശീയ പാതകളിലെ അപാകതകള്‍ കണ്ടെത്താന്‍ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നൂതന ഉപകരണങ്ങള്‍ രംഗത്ത് ഇറക്കുന്നു. മനുഷ്യ ഇടപെടലുകളില്ലാതെ റോഡിലെ അപാകതകൾ സ്വയമേവ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്ന സംവിധാനം വൈകാതെ തന്നെ പ്രവർത്തനം തുടങ്ങും. റോഡുകളിലെ കുഴികൾ, വിള്ളലുകൾ, മറ്റ് കേടുപാടുകൾ എല്ലാം തന്നെ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്ന അത്യാധുനിക നെറ്റ്‌വർക്ക് സർവേ വാഹനങ്ങളാണ് (NSV) ദേശീയ പാത അതോറിറ്റി പുറത്തിറക്കുന്നത്.
23 സംസ്ഥാനങ്ങളിലായി 20,933 കിലോമീറ്റർ ദേശീയപാതകളിൽ റോഡ്, നടപ്പാത എന്നിവയുടെ ഡാറ്റ ശേഖരണം, പ്രോസസ്സിംഗ്, വിശകലനം എന്നിവയ്ക്കായി NSV-കൾ വിന്യസിക്കുമെന്ന് റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 3D ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും റോഡിലെ വിള്ളലുകൾ, കുഴികൾ, പാച്ചുകൾ തുടങ്ങിയ എല്ലാ കേടുപാടുകളും നെറ്റ്‌വർക്ക് സർവേ വാഹനങ്ങള്‍ സ്വയം കണ്ടെത്തി റിപ്പോർട്ട് ചെയ്യുക.

ഉയർന്ന റെസല്യൂഷനുള്ള 360 ഡിഗ്രി ക്യാമറകൾ, ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (DGPS), ഇനർഷ്യൽ മെഷർമെന്റ് യൂണിറ്റ് (IMU), ഡിസ്റ്റൻസ് മെഷറിംഗ് ഇൻഡിക്കേറ്റർ (DMI) എന്നിവ ഉപയോഗിച്ചാണ് എന്‍ എസ് വികള്‍ പ്രവർത്തിക്കുക. ഈ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഡാറ്റ ശേഖരണ, പ്രോസസ്സിംഗ് സോഫ്റ്റ്‌വെയർ റോഡും നടപ്പാതയുടെ അവസ്ഥയും കൃത്യമായി പരിശോധിച്ച് രേഖപ്പെടുത്തും.
"എന്‍ എസ് വി സർവേകൾ വഴി ശേഖരിക്കപ്പെടുന്ന ഡാറ്റ, ദേശീയപാതകളുടെ അവസ്ഥയിലെ പ്രശ്നങ്ങള്‍ കൃത്യമായി വ്യക്തമാക്കും. ഇത് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യക്ക് പാതകളുടെ മെച്ചപ്പെട്ട പരിപാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സഹായം നല്‍കുന്നു," കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 2, 4, 6, 8 വരി റോഡുകൾ ഉൾപ്പെടുന്ന എല്ലാ പദ്ധതികളിലും എന്‍ എസ് വി ഉപയോഗിച്ച് ജോലി തുടങ്ങുന്നതിന് മുമ്പും പിന്നീട് ആറ് മാസത്തിലൊരിക്കലും ഡാറ്റ ശേഖരിക്കും. പദ്ധതി നടപ്പിലാക്കുന്നതിനായി ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ യോഗ്യതയുള്ള കമ്പനികളിൽ നിന്ന് ടെൻഡറുകളും ഇതിനോടകം ക്ഷണിച്ചിട്ടുണ്ട്.
എഐ ടെക്നോളജി
എന്‍ എസ് വി സർവേയിലൂടെ ശേഖരിക്കപ്പെടുന്ന ഡാറ്റ NHAI-ന്റെ AI-അധിഷ്ഠിത 'ഡാറ്റ ലേക്ക്' പോർട്ടലിൽ അപ്‌ലോഡ് ചെയ്യപ്പെടും. ഇവിടെ വിദഗ്ധ സംഘം ഡാറ്റ വിശകലനം ചെയ്ത് വേണ്ട തീരുമാനങ്ങൾ എടുക്കും. ഗവൺമെന്റ് മാർഗനിർദേശങ്ങൾ പ്രകാരം ശേഖരിക്കപ്പെടുന്ന ഡാറ്റ, റോഡ് അസറ്റ് മാനേജ്മെന്റ് സിസ്റ്റത്തിൽ ഭാവിയിലെ സാങ്കേതിക ആവശ്യങ്ങൾക്കായി സംരക്ഷിക്കപ്പെടും.
എന്താണ് എന്‍ എസ് വി
നെറ്റ്‌വർക്ക് സർവേ വാഹന സിസ്റ്റം, അത്യാധുനിക സെൻസറുകളും ഡാറ്റ ശേഖരണ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രത്യേക ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ് ഉപകരണമാണ്. ദേശീയപാതകളുടെ അവസ്ഥയും ഇൻവെന്ററിയും ശേഖരിക്കുന്ന ഈ വാഹനങ്ങൾ, നടപ്പാത പരിപാലനം, ആസ്തി മാനേജ്മെന്റ്, ഇൻഫ്രാസ്ട്രക്ചർ ആസൂത്രണം എന്നിവയ്ക്ക് ആവശ്യമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നു. ഇത് രാജ്യത്തെ ദേശീയപാത ശൃംഖലയുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കും.
കേരളത്തിലെ ദേശീയ പാത
കേരളത്തിലെ ദേശീയപാത ഒന്നാം റീച്ചായ തലപ്പാടി - - ചെങ്കള 39 കിലോമീറ്റർ ആറുവരിപ്പാതയുടെ നിർമാണ പ്രവൃത്തി പൂർത്തിയാക്കി ദേശീയപാത അതോറിറ്റി ഏറ്റെടുത്തു. ദേശീയപാത 66ൽ നിർമാണം പൂർത്തിയാകുന്ന ആദ്യ റീച്ചാണിത്. 2021 ഡിസംബറിലാണ് ഊരാളുങ്കൽ പ്രവൃത്തി ആരംഭിച്ചത്. ഡിസൈനിങ്ങിലെ മാറ്റങ്ങളും അധിക പ്രവൃത്തികളും നീണ്ടുനിന്ന മഴക്കാലവും ഉൾപ്പെടെയുള്ള പ്രതിബന്ധങ്ങൾ മറികടന്നാണ് അതിവേഗം പ്രവൃത്തി പൂർത്തിയാക്കിയത്.












Click it and Unblock the Notifications