പാർട്ടിക്ക് കൊടുത്ത കത്ത് ചോർത്തി, പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമിക്കുന്നു';വിശദീകരിച്ച് നിജേഷ് അരവിന്ദ്
രാജി വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി കോഴിക്കോട് ഡി സി സി സെക്രട്ടറിയായ നിജേഷ് അരവിന്ദ്. നേതൃത്വത്തിലെ ഉത്തരവാദിത്തപ്പെട്ടവർക്ക് അയച്ച കത്ത് മാധ്യമങ്ങൾക്ക് ചോർത്തി നൽകി അസത്യവും അർദ്ധസത്യവും പ്രചരിപ്പിച്ച് ആടിനെ പട്ടിയാക്കി മാറ്റി പുകച്ചു പുറത്തു ചാടിക്കാൻ ശ്രമിക്കുകയാണെന്ന് നിജീഷ് ആരോപിച്ചു. വഴി തെറ്റിയോ രാഷ്ട്രീയ ഭാഗ്യേന്വേഷണത്തിൻ്റെ ഭാഗമായോ കോൺഗ്രസ്സുകാരനായി മാറിയതല്ല താനെന്നും വ്യക്തികളേക്കാൾ പ്രസ്ഥാനത്തെ സ്നേഹിക്കുന്നത് കൊണ്ടുതന്നെ പ്രസ്ഥാനത്തിന് പ്രയാസമുണ്ടാക്കുന്ന ചെറിയൊരു ചലനം പോലും തന്നിൽ നിന്ന് ഉണ്ടാവില്ലെന്നും നിജീഷ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം
'പ്രിയമുള്ളവരെ, സംഘടനപരമായ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് KPCC പ്രസിഡണ്ട് ഉൾപ്പെടെയുള്ള ചില നേതാകൾക്ക് തെരത്തെടുപ് കഴിഞ്ഞ ഉടനെ തന്നെ കത്തയച്ചിരുന്നു. പരസ്യപ്പെടുത്തേണ്ട വിഷയങ്ങൾ അല്ലാതിരുന്നതു കൊണ്ടുതന്നെ മാധ്യമങ്ങൾക്ക് നൽകാനോ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ കത്തിൻ്റെ ഉള്ളടക്കം പുറത്തു പറയുകയോ ചെയ്തിരുന്നില്ല. വ്യക്തികളേക്കാൾ പ്രസ്ഥാനത്തെ സ്നേഹിക്കുന്നതു കൊണ്ടുതന്നെ പ്രസ്ഥാനത്തിന് പ്രയാസമുണ്ടാക്കുന്ന ചെറിയൊരു ചലനം പോലും എന്നിൽ നിന്ന് ഉണ്ടാവില്ല.നേതൃത്വത്തിലെ ഉത്തരവാദിത്തപ്പെട്ടവർക്ക് അയച്ച കത്ത് മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയും അസത്യവും അർദ്ധസത്യവും പ്രചരിപ്പിച്ച് ആടിനെ പട്ടിയാക്കി മാറ്റി പുകച്ചു പുറത്തു ചാടിക്കാൻ ശ്രമിക്കുന്ന കുടില ബുദ്ധിയെ നമിക്കുന്നു.

സ്ഥാനമാനങ്ങളിൽ അഭിരമിക്കുന്നവർ മാത്രമല്ല പാർട്ടി എന്ന ഉത്തമബോധ്യമുള്ളത് കൊണ്ടു തന്നെ എൻ്റെ നിലപാടുകൾ ഇനിയും പാർട്ടിക്ക് അകത്ത് തന്നെ പറയാനും ചർച്ച ചെയ്യാനും കഴിയുമെന്ന ഉറച്ച വിശ്വാസം ഇപ്പോഴുമുള്ള കോൺഗ്രസ്സ് പ്രവർത്തകനാണ് ഞാൻ. വഴി തെറ്റിയോ രാഷ്ട്രീയ ഭാഗ്യേന്വേഷണത്തിൻ്റെ ഭാഗമായോ കോൺഗ്രസ്സുകാരനായി മാറിയതല്ല ഞാൻ എന്നതു കൊണ്ടുതന്നെ എനിക്ക് കോൺഗ്രസ്സ് പ്രസ്ഥാനത്തിനോടുള്ള ബന്ധം മുറിച്ചു മാറ്റാൻ കഴിയാത്തതാണ്. തത്വശാസ്‌ത്രപരമാണ്. പക്ഷെ തിരുത്തേണ്ടതും തിരുത്തപ്പെടേണ്ടതും തിരുത്തി തന്നെ പോവണം എന്ന നിലപാടിൻ മാറ്റവുമില്ല.
മാറ്റമില്ലാത്ത കോൺഗ്രസ്സുകാരനായി നാളെയും ഇവിടെത്തന്നെ കാണും. മരണം വരെ കോൺഗ്രസ്സ് അല്ലാത്ത മറ്റൊരു രാഷ്‌ട്രീയവുമില്ല', നിജീഷ് കുറിച്ചു.
വെള്ളിയാഴ്ചയാണ് നിജേഷ് അരവിന്ദ് രാജിക്കത്ത് കെ പി സി സിക്ക് കൈമാറിയെന്ന വാർത്തകൾ പുറത്തുവന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് നിജേഷ് രാജിക്കത്ത് നൽകിയതെന്നായിരുന്നു റിപ്പോർട്ടുകൾ. എലത്തൂർ സീറ്റിലേക്ക് ആദ്യം സ്ഥാനാർത്ഥിയായി പരിഗണിച്ചെങ്കിലും പിന്നീട് തഴയപ്പെട്ടു. തുടർന്ന് ബാലുശ്ശേരിയിൽ പ്രചാരണ ചുമതല നൽകിയെങ്കിലും കാര്യമായ ഉത്തരവാദിത്തങ്ങളൊന്നും ഏൽപ്പിക്കാതിരുന്നതുമാണ് രാജിക്ക് കാരണമായെന്നായിരുന്നു വാർത്തകൾ.












Click it and Unblock the Notifications