വ്യജ ഡിഗ്രി വിവാദം; എംഎസ്എം കോളേജിന് സംഭവിച്ചത് ഗുരുതര വീഴ്ച; വിശദീകരണം തേടുമെന്ന് കേരള സർവ്വകലാശാല വിസി
തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ കാര്യത്തിൽ കായംകുളം എംഎസ്എം കോളജിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കേരള സർവകാശാല വൈസ് ചാൻസിലർ ഡോ മോഹനൻ കുന്നുമ്മൽ. വിഷയത്തിൽ കോളേജിൽ നിന്ന് വിശദീകരണം തേടും. നിഖിൽ തോറ്റകാര്യം അധ്യാപകർക്ക് അറിയാമായിരുന്നു. പിന്നെ എങ്ങനെയാണ് എംകോമിന് അതേ കോളേജിൽ നിഖിലിന് പ്രവേശനം ലഭിച്ചതെന്നും വൈസ് ചാൻസലർ ചോദിച്ചു.
'ഞങ്ങളെ സംബന്ധിച്ച് നിഖിൽ മുഴുവൻ സമയ വിദ്യാർഥിയാണ്. 75 ശതമാനം ഹാജരുണ്ട്. എല്ലാ വിഷയത്തിലും ഇന്റേണൽ മാർക്കുണ്ട്. പരീക്ഷകളൊക്കെ തോറ്റു. ഇപ്പോഴാണ് നിഖിൽ ഇതേ കാലഘട്ടത്തിൽ കലിംഗ യൂനിവേഴ്സിറ്റിൽ പഠിച്ചതായുള്ള മാർക്ക് ലിസ്റ്റ് കാണുന്നത്. ആ മാർക്ക് ലിസ്റ്റ് അനുസരിച്ച് ഫസ്റ്റ് ക്ലാസോടെ നിഖിൽ അവിടെ നിന്ന് പാസായിട്ടുണ്ട്. ആ സർട്ടിഫിക്കറ്റിന്റെ ആധികാരികതയിൽ ചെറിയ സംശയമുണ്ട്.

കാരണം കലിംഗ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ 'ബി.കോം ഹോണേഴ്സ് ബാങ്കിങ് ആൻഡ് ഫിനാൻസ്' എന്നാണ് പറയുന്നത്. എന്നാൽ ഇവിടെ നൽകിയ സർട്ടിഫിക്കറ്റിൽ 'ബി.കോം ഹോണേഴ്സ്' എന്ന വാക്ക് ഇല്ല.അന്നത്തെ കാലത്ത് അത് അങ്ങനെയായിരുന്നോ എന്നത് അറിയില്ല.
മറ്റൊന്ന് കോളേജിന്റെ വെബൈസ്റ്റിൽ പറയുന്നത് സെമസ്റ്റർ കോഴ്സുകളാണെന്നാണ്. എന്നാൽ നിഖിൽ സമർപ്പിച്ച സർട്ടിഫിക്കറ്റിൽ വാർഷികം എന്നാണ് കാണിച്ചിട്ടുള്ളത്. ഇത് നേരത്തെ എങ്ങനെ ആയിരുന്നു എന്ന കാര്യം അറിയില്ല. നിഖിൽ ഞങ്ങളെ സംബന്ധിച്ച് ഇവിടെ പഠിച്ചിട്ടുണ്ട്. 75 ശതമാനം ഹാജർ നേടി പരീക്ഷ എഴുതിയിട്ടുണ്ട്, ആദ്യ സെമസ്റ്ററിൽ എല്ലാ പരീക്ഷയിലും പാസായിട്ടുണ്ട്. രണ്ടാം സെമസ്റ്റർ തൊട്ട് ചില പരീക്ഷകളിൽ തോറ്റിട്ടുണ്ട്.
റായ്പൂരിലും കായംകുളത്തും എങ്ങനെ ഒരേ സമയം പഠിക്കാൻ സാധിക്കും?. അദ്ദേഹം കേരള സർവകലാശാലയിൽ പരീക്ഷയെഴുതണമെങ്കിൽ ഇവിടെ അറ്റന്റൻസ് വേണം. അത് നിഖിലിനുണ്ട്. അത് നൽകുന്നത് പഠിപ്പിച്ച അധ്യാപകരാണ്. അതിനാൽ കേരള സർവ്വകലാശാലയിൽ നിഖിൽ പഠിച്ചെന്ന് വ്യക്തമാണ്. നിഖിലിന്റെ എംകോം പ്രവേശന വിഷയത്തിൽ എംഎസ്എം കോളേജിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് കരുതുന്നത്. അത് കോളേജ് വിശദീകരിക്കേണ്ടി വരും',വൈസ് ചാൻസിലർ പറഞ്ഞു.
അതേസമയം കോളേജിനെ സംബന്ധിച്ചുള്ള വൈസ് ചാൻസിലറുടെ ആരോപണം നിഷേധിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്നും എംഎസ്എം കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് താഹ പ്രതികരിച്ചു. ന്വേഷണം നടത്തിയ ശേഷം മാത്രമേ കോളേജിന്റെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടുണ്ടോ ഇല്ലയോ എന്ന് പ്രതികരിക്കാനാകൂ. നിഖില്‍ ഹാജരാക്കിയ മാര്‍ക്ക് ലിസ്റ്റ് വ്യാജമാണോ എന്ന ചോദ്യത്തിന് യൂണിവേഴ്‌സിറ്റിയാണ് അക്കാര്യം പരിശോധിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം നിഖിലിനെ പൂർണമായും പിന്തുണച്ച് കൊണ്ടാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പ്രതികരിച്ചത്. മുഴുവൻ ഡോക്യുമെന്റുകളും നിഖിൽ എസ് എഫ് ഐക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. കലിംഗ യൂണിവേഴ്സിറ്റിയിൽ പഠിച്ചതും പാസായതും രേഖകളിൽ വ്യക്തമാണ്, എല്ലാം പരിശോധിച്ച് നിഖിലിന്റേത് വ്യാജ ഡിഗ്രിയല്ലെന്ന് ഉറപ്പാക്കിയെന്നും ആർഷോ അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications