രാപ്പകലുകളുകളുടെ വിയർപ്പു ഗന്ധമുള്ള വിജയമെന്ന് ഷൗക്കത്ത്: കുറിപ്പുമായി വിവി പ്രകാശിന്റെ മകളും
നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് മികച്ച വിജയം സമ്മാനിച്ച വോട്ടർമാർക്കും വിജയത്തിനായി പരിശ്രമിച്ച നേതാക്കള്‍ക്കും മുന്നണി അണികള്‍ക്കും നന്ദി പറഞ്ഞ് ആര്യാടന്‍ ഷൗക്കത്ത്. 'നമുക്കിടയിൽ നേതാക്കളും പ്രവർത്തകരും എന്നില്ലായിരുന്നു. എല്ലാവരും ഒരേ മനസ്സോടെ മണ്ഡലത്തിൽ നിറഞ്ഞു നിന്നു.ഇത് നമ്മുടെ ഓരോരുത്തരുടെയും വിജയമാണ്. നിങ്ങളിൽ ഒരുവനായി, നല്ല സുഹൃത്തായി, നല്ല സഹപ്രവർത്തകനായി, നല്ല ജനപ്രതിനിധിയായി, നല്ല നിലമ്പൂരിനായി, നാളെയും നിങ്ങളോടൊപ്പമുണ്ടാകും' വിജയത്തിന് പിന്നാലെ ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.
ഇലക്ഷൻ പ്രഖ്യാപിച്ചത് മുതൽ നിങ്ങൾ ഓരോരുത്തരും എന്നോട് കൂടെയുണ്ടായിരുന്നു. വെയിലിൽ പൊള്ളിയും മഴയിൽ നനഞ്ഞും യു ഡി എഫിന്റെ വിജയത്തിനായി നിങ്ങൾ തെരുവിലുണ്ടായിരുന്നു. എന്റെ വിജയമെന്നത് കേവലം വ്യക്തിപരമായ ഒരു സന്തോഷമല്ല. എന്റെയും നിങ്ങളുടെയും ഈ നാടിന്റെയും സന്തോഷമാണ്. നിങ്ങൾ ഓരോരുത്തരുടെയും വിശ്രമമില്ലാത്ത രാപ്പകലുകളുകളുടെ വിയർപ്പു ഗന്ധമുണ്ട് അതിന്.

യു ഡി എഫിന്റെ മുതിർന്ന നേതാക്കൾ മുതൽ സഹപ്രവർത്തകർ,പോസ്റ്റർ ഒട്ടിച്ചവർ മുതൽ വീടുകൾ കയറിയിറങ്ങിയവർ, സോഷ്യൽമീഡിയയിൽ സജീവമായവർ , വോട്ട് ഉറപ്പിക്കാൻ ഓടിനടന്നവർ, മറുനാട്ടിലിരുന്നും യു ഡി എഫിന്റെ വിജയത്തിനായി ഒത്തുകൂടി പ്രവർത്തിച്ച പ്രവാസി സുഹൃത്തുക്കൾ, സംഘടനകൾ,തെരഞ്ഞെടുപ്പിനായി വേണ്ടി മാത്രം നാട്ടിലെത്തിയ അന്യസംസ്ഥാനത്തുള്ളവർ, പ്രവാസികൾ,സാമ്പത്തികമായും ശാരീരികമായും സഹകരിച്ചവർ. എല്ലാവരോടുമുള്ള നന്ദി വാക്കുകളിൽ ഒതുക്കുന്നില്ല ഏവരെയും ഹൃദയത്തോട് ചേർത്തുപിടിക്കുന്നുവെന്നും നിയുക്ത എം എല്‍ എ കൂട്ടിച്ചേർത്തു.
ആര്യാടൻ ഷൗക്കത്ത് വിജയമുറപ്പിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി അന്തരിച്ച മുന്‍ ഡി സി സി അധ്യക്ഷനും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടിന് പരാജയപ്പെട്ട യു ഡി എഫ് സ്ഥാനാർത്ഥി വി വി പ്രകാശിന്റെ മകളുമായ നന്ദന പ്രകാശ് രംഗത്ത് വന്നു. 'അച്ഛാ നമ്മള് ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം' എന്നാണ് വിവി പ്രകാശിന്റെ പടം ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ട് നന്ദന ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം നിലമ്പൂരിലെ വിജയത്തിന് പിന്നാലെ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി വിവി യു ഡി എഫ് നേതാക്കള്‍ രംഗത്ത് വന്നു. സംസ്ഥാന സര്‍ക്കാര്‍ ഭരണപരമായും ഭരണപക്ഷ പാര്‍ട്ടി രാഷ്ട്രീയപരമായും പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കുന്നതാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.
സര്‍ക്കാരിന്റെ ഭരണപരാജയവും ന്യൂനപക്ഷ വിരുദ്ധതയും ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യു ഡി എഫിനെ തെരഞ്ഞെടുത്തു. എല്‍ ഡി എഫിന്റെ രാഷ്ട്രീയ കുതന്ത്രങ്ങളെ തള്ളിക്കളഞ്ഞു. ജനാധിപത്യത്തിന്റെ കാവാലാളായ പൗരന്മാര്‍ക്ക് നന്ദി. തെരഞ്ഞെടുപ്പ് വിജയം സാധ്യമാക്കിയ പ്രവര്‍ത്തകര്‍ക്ക് നന്ദി. നിയമസഭയിലേക്ക് കാലെടുത്തുവെക്കുന്ന ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങ്ങളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപതിരഞ്ഞെടുപ്പില്‍ 11077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യാടന്‍ ഷൌക്കത്ത് വിജയിച്ചിരിക്കുന്നത്. യു ഡി എഫ് - 77737, എല്‍ ഡി എഫ് - 66660, പിവി അന്‍വർ 19760, ബി ജെ പി 8648 എന്നിങ്ങനെയാണ് വോട്ടുനില. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ എല്‍ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ വ്യക്തമായ മേല്‍ക്കൈ നേടാന്‍ ആര്യാടന്‍ ഷൗക്കത്തിന് സാധിച്ചിരുന്നു. ആദ്യം എണ്ണിയ വഴിക്കടവ് മുതല്‍ തന്നെ യു ഡി എഫിന്റെ കണക്ക് കൂട്ടല്‍ ശരിവെക്കുന്ന തരത്തിലുള്ള ഫലമാണ് ഉണ്ടായത്. എല്‍ ഡി എഫും യു ഡി എഫും ഒരുപോലെ വിലകുറച്ച് കണ്ട പിവി അന്‍വർ 19760 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്തി എന്നുള്ളതാണ് ഏറെ ശ്രദ്ധേയം.












Click it and Unblock the Notifications