എം സ്വരാജ് നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി: വിജയം ഉറപ്പെന്ന് സിപിഎം
നിലമ്പൂർ: നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ എം സ്വരാജ് എല്‍ ഡി എഫ് സ്ഥാനാർത്ഥിയാകും. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എം സ്വാരാജിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായ പ്രഖ്യാപിച്ചു. ഡോ.ഷിനാസ് മുഹമ്മദ് അടക്കമുള്ളവരെ സ്വതന്ത്രസ്ഥാനാർത്ഥികളായി മത്സരിപ്പിക്കാന്‍ എല്‍ ഡി എഫ് പരിഗണിച്ചിരുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ സ്വരാജിനെ മത്സരിപ്പിക്കാന്‍ സി പി എം തീരുമാനിക്കുകയായിരുന്നു.
നിലമ്പൂർ മണ്ഡലത്തില്‍ നിന്നുള്ള പാർട്ടി നേതാവ് കൂടിയായ എം സ്വരാജ് നേരത്തെ തൃപ്പൂണിത്തുറയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അന്നത്തെ മന്ത്രിയായിരുന്ന കെ ബാബുവിനെ പരാജയപ്പെടുത്തിയുള്ള എം സ്വരാജിന്റെ വിജയം ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ 2016 ല്‍ എം സ്വരാജിനെ തന്നെ 500 ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കെ ബാബു മണ്ഡലം തിരിച്ച് പിടിച്ചു.

ആരാണ് എം സ്വരാജ്
എസ് എഫ് ഐ പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച എം സ്വരാജ് മലപ്പുറം ജില്ലാ സെക്രട്ടറിയായും പിന്നീട് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനായി മികച്ച പ്രവർത്തനം കാഴ്ചവെച്ച അദ്ദേഹം, പിന്നീട് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി പദവികള്‍ വഹിച്ചു. ഇക്കഴിഞ്ഞ മാർച്ചില്‍ കൊല്ലത്ത് നടന്ന സി പി എം സംസ്ഥാന സമ്മേളനത്തിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, നിലമ്പൂരില്‍ ഇടതിന് മികച്ച വിജയ സാധ്യതയാണെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ വാർത്ത സമ്മേളനത്തില്‍ എം സ്വരാജ് പറഞ്ഞു. കേരളം ഭരിക്കാന്‍ നല്ലത് ഇടതുപക്ഷമാണെന്ന അഭിപ്രായം വിമർശകർക്ക് ഇടയില്‍ പോലും ശക്തിപ്പെട്ടിട്ടുണ്ട്. അതിന് കാരണം സർക്കാർ നടപ്പിലാക്കിയ ക്ഷേമ പ്രവർത്തനങ്ങളാണ്. ജനങ്ങള്‍ക്ക് എല്‍ ഡി എഫ് സർക്കാറിനോട് വലിയ താല്‍പര്യവും മമതയുമുണ്ട്. ഇത് നിലമ്പൂരിലെ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. എല്‍ ഡി എഫ് സർക്കാറിന്റെ പ്രവർത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഈ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറും.
ഉയർച്ച മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട്, രാജ്യത്ത് വർഗീയ ദ്രൂവീകരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ക്കെതിരായി സി പി എം ഉയർത്തിപ്പിടിക്കുന്ന നിലപാട് എല്ലാ മതനിരപേക്ഷ വാദികള്‍ക്കും പ്രതീക്ഷ നല്‍കുന്ന നിലപാടാണ്. അതെല്ലാം തന്നെ ഈ തിരഞ്ഞെടുപ്പില്‍ ചർച്ചാ വിഷയമാകും. ഇതെല്ലാം കൊണ്ട് തന്നെ നല്ല ഉറച്ച ആത്മവിശ്വാസം നിലമ്പൂരില്‍ എല്‍ ഡി എഫിനുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് തുടർ ഭരണത്തിനുള്ള ഒരു നാന്ദിയി മാറും എന്നതില്‍ ഒരു സംശയവുമില്ല.
എല്‍ ഡി എഫിന്റെ പോരാട്ടം എല്ലാ ഇടത് വിരുദ്ധ ശക്തികള്‍ക്കും എതിരെയാണ്. അല്ലാതെ ഏതെങ്കിലും ഒരു വ്യക്തിക്ക് എതിരേയല്ല. അപ്പുറത്ത് നില്‍ക്കുന്ന വ്യക്തികളോടെല്ലാം വ്യക്തിപരമായ നല്ല ബന്ധമുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് എന്ന് പറയുന്നത് നിലപാടും ആശയങ്ങളും തമ്മിലുള്ള പോരാട്ടമാണ്. അവിടെ വ്യക്തിപരമായ ഇഷ്ടാനുഷ്ടങ്ങള്‍ക്ക് സ്ഥാനമില്ല.
പിവി അന്‍വറില്‍ നിലമ്പൂരിലെ ജനങ്ങള്‍ ഒരു വിശ്വാസം അർപ്പിച്ചിരുന്നു. എന്നാല്‍ ആ വിശ്വാസം അദ്ദേഹം കാത്തുസൂക്ഷിച്ചില്ല. ഞാന്‍ ഇപ്പോഴും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല. അന്‍വറിനെ കുഴിയില്‍ ചാടിച്ചതില്‍ വലിയ പങ്കുള്ളത് കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ്. ആ വിഷയമെല്ലാം അവിടെ ചർച്ച ചെയ്യപ്പെട്ടതാണെന്നും എം സ്വരാജ് വ്യക്തമാക്കി.












Click it and Unblock the Notifications