നിലമ്പൂരിന് രണ്ടാം സ്ഥാനാര്‍ഥി; എസ്ഡിപിഐക്ക് വേണ്ടി സാദിഖ് നടുത്തൊടി മല്‍സരിക്കും
മലപ്പുറം: യുഡിഎഫിന് വേണ്ടി ആര്യാടന്‍ ഷൗക്കത്ത് പ്രചാരണം തുടങ്ങിയ പിന്നാലെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. അഡ്വ. സാദിഖ് നടുത്തൊടി മല്‍സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ സിപിഎ ലത്തീഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലും എസ്ഡിപിഐ നിലമ്പൂരില്‍ മല്‍സരിച്ചിരുന്നു.
കൂടുതലും യുഡിഎഫിനൊപ്പം നിന്നിട്ടുള്ള മണ്ഡലമാണ് നിലമ്പൂര്‍. കെ കുഞ്ഞാലി, ടികെ ഹംസ, പിവി അന്‍വര്‍ എന്നിവരാണ് വിവിധ ഘട്ടങ്ങളിലായി മണ്ഡലത്തില്‍ ചെങ്കൊടി ഉയര്‍ത്തിയിട്ടുള്ളത്. ആര്യാടന്‍ മുഹമ്മദ് ഏറെ കാലം യുഡിഎഫ് കോട്ടയായി നിലനിര്‍ത്തിയ നിലമ്പൂര്‍ മണ്ഡലത്തില്‍ മകന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വമാണ് നിലവിലെ പ്രധാന ചര്‍ച്ച.

2021ലെ നിയമസഭാ തിരഞ്ഞെടെടുപ്പിലും എസ്ഡിപിഐ സ്ഥാനാര്‍ഥി മല്‍സരിച്ചിരുന്നു. കെ ബാബു മണിക്ക് അന്ന് 3281 വോട്ടാണ് ലഭിച്ചത്. 2016ലും എസ്ഡിപിഐക്ക് വേണ്ടി മല്‍സരിച്ചത് ബാബു മണി തന്നെയായിരുന്നു. അന്ന് പക്ഷേ 4751 വോട്ട് ലഭിച്ചു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 2021ല്‍ വോട്ട് കുറയുകയാണ് ചെയ്തത്. 2011ല്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി സിജി ഉണ്ണിക്ക് 2566 വോട്ട് കിട്ടിയിരുന്നു.
മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും ചിലര്‍ മണ്ഡലത്തെ കുത്തകയാക്കി വെച്ചിട്ടും നിലമ്പൂരിലെ ജനതയ്ക്ക് വികസനം ഇന്നും കിട്ടാക്കനിയാണ് എന്ന് എസ്ഡിപിഐ അധ്യക്ഷന്‍ ലത്തീഫ് പറഞ്ഞു. ''മുന്നൂ മുന്നണികളുടെയും വികസന വായ്ത്താരികള്‍ പൊള്ളയാണെന്ന് തിരിച്ചറിയാനുള്ള വിവേകം വോട്ടര്‍മാര്‍ക്കുണ്ട്. പിവി അന്‍വറിനെ തിരഞ്ഞെടുത്തെങ്കിലും ഭരണപങ്കാളിത്തം ഉണ്ടായിട്ടു പോലും ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല.
കവളപ്പാറ ദുരന്തം കഴിഞ്ഞ് അഞ്ചു വര്‍ഷം പിന്നിട്ടിട്ടും ദുരന്തബാധിതരുടെ പുനരധിവാസം സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും സ്പോണ്‍സര്‍ ചെയ്ത നിര്‍മാണമാണ് അവിടെ നടന്നിട്ടുള്ളത്. 600 ഓളം വീടുകള്‍ സ്പോണ്‍സര്‍ ചെയ്തെങ്കിലും അതിന്റെ നാലിലൊന്നു മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. സര്‍ക്കാര്‍ നടത്തിയ 'റീബില്‍ഡ് നിലമ്പൂര്‍' പ്രഖ്യാപനം കടലാസില്‍ ഒതുങ്ങി.
2014 ല്‍ നിലമ്പൂര്‍ ബൈപ്പാസ് നിര്‍മിക്കുന്നതിന് ഭൂമി ഏറ്റെടുത്തെങ്കിലും ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും തുടങ്ങിയിടത്തു തന്നെ നില്‍ക്കുന്നു. നാടുകാണി-പരപ്പനങ്ങാടി പാത, മലനാട്-ഇടനാട്-തീരപ്രദേശം പാത തുടങ്ങി കോടികള്‍ ചെലവഴിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാനായിട്ടില്ല. എടക്കര ബൈപ്പാസ് പദ്ധതി എവിടെയുമെത്തിയിട്ടില്ല.
ജില്ലാ ആശുപത്രി വികസനത്തിന് സ്‌കൂളിന്റെ ഭൂമി ഏറ്റെടുക്കുന്നത് അനന്തമായി നീളുന്നു. ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നിവ വര്‍ഷങ്ങളായി വികസനമില്ലാതെ കിടക്കുന്നു. ഗവ. കോളജിന് സ്ഥലം അനുവദിച്ചു എന്ന് അവകാശപ്പെടുമ്പോഴും സ്ഥാപനം ഇന്നും വാടക കെട്ടിടത്തില്‍ തുടരുന്നൂ.
നിലമ്പൂരിലെ ആദിവാസി ജനവിഭാഗം നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ക്ക് നാളിതുവരെ പരിഹാരം ഉണ്ടായിട്ടില്ല. മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയ പാലം പുനര്‍നിര്‍മിക്കാനോ ബദല്‍ സംവിധാനൊരുക്കാനോ സര്‍ക്കാരിനു സാധിച്ചിട്ടില്ല. വന്യമൃഗ ശല്യം മൂലം ജനങ്ങള്‍ കൃഷി ഉപേക്ഷിക്കുകയാണ്. വിവേചനമില്ലാത്ത വികസനത്തിന് എസ്ഡിപിഐ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണം''- സിപിഎ ലത്തീഫ് അഭ്യര്‍ഥിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പിപി റഫീഖ്, സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ടി ഇഖ്റാമുല്‍ ഹഖ്, ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി സംബന്ധിച്ചു.












Click it and Unblock the Notifications