അൻവറിന് വഴങ്ങിയില്ല; ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിലെ സ്ഥാനാർത്ഥി, ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഡിഎഫ്
മലപ്പുറം: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് യു ഡി എഫ്. വിഎസ് ജോയിക്ക് വേണ്ടിയുള്ള പിവി അൻവറിന്റെ സമ്മർദ്ദ തന്ത്രങ്ങളെല്ലാം തള്ളിക്കൊണ്ടാണ് നേതൃത്വം ഷൗക്കത്തിന സ്ഥാനാർത്ഥിയാക്കിയത്. അതേസമയം കോൺഗ്രസിന്‌റെ നീക്കത്തിൽ കടുത്ത അതൃപ്തിയിലാണ് അൻവർ എന്നാണ് സൂചന. ഇനി അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്.

അതേസമയം യു ഡി എഫ് മണ്ഡലത്തിൽ സുജ്ജമാണെന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 'തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നാളെ തന്നെ ആരംഭിക്കും. യുഡിഎഫ് സുജ്ജമാണ്. ആയിരത്തിലധികം പ്രവർത്തകരെ മണ്ഡലത്തിൽ നിയോഗിച്ചിട്ടുണ്ട്. വലിയ ഭൂരിപക്ഷം തന്നെ നേടും.
പിവി അൻവർ യു ഡി എഫിന്റെ ഭാഗമാകുമെന്ന് യു ഡി എഫ് വ്യക്തമാക്കിയിട്ടുണ്ട്. അത് എങ്ങനെ വേണമെന്ന് നേതൃത്വം ആലോചിക്കുകയാണ്. അദ്ദേഹം നിലമ്പൂരിൽ യു ഡി എഫ് വേദിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരെ സ്ഥാനാർത്ഥിയാക്കിയാലും പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതാണ്. അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ മാധ്യമസൃഷ്ടി മാത്രമാണ്.
ബി ജെ പി മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമോയെന്ന് കാണട്ടെ. അവർക്ക് മണ്ഡലത്തിൽ കാര്യമായ സ്വാധീനമില്ല. ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെല്ലാം അവർ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. ഇവിടെ നിർത്തിയില്ലെങ്കിൽ അത് എന്തുകൊണ്ടാണെന്ന് ചോദിക്കും. നിലമ്പൂരിലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നിന്നും മാധ്യമങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ട. ഞങ്ങൾ ഒറ്റക്കെട്ടായി പോരാടും', വിഡി സതീശൻ പറഞ്ഞു.
അതേസമയം കോൺഗ്രസ് തനിക്ക് തന്ന അവസരം നല്ല രീതിയിൽ വിനിയോഗിക്കുമെന്നും ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. 'കോൺഗ്രസിന് രണ്ട് തവണയായി നഷ്ടപ്പെട്ട നിലമ്പൂരിനെ തിരിച്ചുപിടിക്കും. എന്റെ പിതാവ് മൂന്നരപതിറ്റാണ്ടുകാലം നിലമ്പൂരിൽ ഉണ്ടാക്കിയ വികസനത്തിന് തുടർച്ച കൊണ്ടുവരാനും ഏകദേശം ഒരുപതിറ്റാണ്ട് കാലം നിലമ്പൂരിൽ ഉണ്ടായ വികസന മുരടിപ്പ് ചർച്ച ചെയ്തുകൊണ്ടും തിരഞ്ഞെടുപ്പിനെ നേരിടും. ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നെ പോലെ തന്നെ മത്സരിക്കാൻ യോഗ്യതയുള്ള പലരും ഇവിടെ കോൺഗ്രസിൽ ഉണ്ട്. എന്നാൽ ഒരാൾക്കേ ഇവിടെ മത്സരിക്കാൻ സാധിക്കുകയുള്ളൂ. ആര് സ്ഥാനാർത്ഥി ആയാലും നിലമ്പൂരിൽ ഞങ്ങൾ ഐക്യത്തോടെയേ പ്രവർത്തിക്കൂവെന്ന് വ്യക്തമക്കിയതാണ്. അതനുസരിച്ച് തന്നെ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വളരെ മികച്ച രീതിയിൽ പൂർത്തിയാക്കാൻ മണ്ഡലത്തിൽ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. നിലമ്പൂരിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ തന്നെ മനസിലാകും. യുഡിഎഫിന് നിലമ്പൂരിൽ വലിയ മുന്നേറ്റം കഴിഞ്ഞ കാലങ്ങളിൽ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ആ കണക്കുകൾ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് തുണയാകും', ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
അതേസമയം അൻവർ ഒപ്പം നിൽക്കുമെന്നാണ് വിശ്വാസം എന്ന് കോൺഗ്രസ് പങ്കുവെയ്ക്കുന്നുണ്ടെങ്കിലും താൻ ചതിക്കപ്പെട്ടുവെന്ന തോന്നലിലാണ് അദ്ദേഹം എന്നാണ് തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. അൻവറിന്റെ പിന്തുണ വേണം, അൻവറിന്റെ വോട്ട് വേണം എന്നാൽ അൻവറിനെ മുന്നണിയിലെടുക്കാൻ സാധിക്കില്ല എന്ന് പറയുന്നത് എന്ത് നിലപാടാണെന്നും നേതാക്കൾ ചോദിക്കുന്നു. യു ഡി എഫ് പ്രഖ്യാപനത്തിൽ ഇതുവരെ അൻവർ പ്രതികരിച്ചിട്ടില്ല. യു ഡി എഫിനെ വെല്ലുവിളിച്ച് അൻവർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. എന്നാൽ നിലമ്പൂരിൽ കനത്ത പോരിനായിരിക്കും കളമൊരുങ്ങുക.












Click it and Unblock the Notifications