നിലമ്പൂരില്‍ ബിജെപിയുടെ ചടുല നീക്കം; ഡിസിസി ജനറല്‍ സെക്രട്ടറി ബീനയെ സ്ഥാനാർത്ഥിയാക്കാന്‍ ആലോചന
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയെ നിർത്തുന്നില്ലെന്ന നിലപാടാണ് തുടക്കം മുതല്‍ തന്നെ സ്വീകരിച്ച നിലപാട്. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് അനാവശ്യമായ ഒന്നാണെന്നും ഈ തിരഞ്ഞെടുപ്പിലൂടെ ഈഗോ കാണിക്കാനാണ് എല്‍ ഡി എഫും യു ഡി എഫും ശ്രമിക്കുന്നതെന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ചത്.
ബി ജെ പി മത്സരത്തില്‍ നിന്നും പിന്മാറിയതോടെ സീറ്റ് ബി ഡി ജെ എസിന് നല്‍കാന്‍ ധാരണയായി എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. സ്ഥാനാർത്ഥിയുടെ കാര്യത്തില്‍ ബി ഡി ജെ എസ് സംസ്ഥാന എക്സിക്യൂട്ടീവും, എൻ ഡി എ കമ്മിറ്റിയും ചേർന്ന ശേഷം രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് ബി ഡി ജെ എസ് മലപ്പുറം ജില്ല പ്രസിഡന്‍റ് ഗിരീഷ് മേക്കാട് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നിലമ്പൂരില്‍ ബി ജെ പി ഒരു 'മാസ്റ്റർ സ്ട്രോക്കിന്' ഒരുങ്ങുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്താനാണ് ബി ജെ പിയുടെ ആലോചന. ഇതിനായി ഡി സി സി ജനറല്‍ സെക്രട്ടറിയുമായി വരെ ബി ജെ പി നേതാക്കള്‍ ചർച്ച നടത്തി കഴിഞ്ഞു. മലപ്പുറം ജില്ലയിലെ ഡി സി സി ജനറല്‍ സെക്രട്ടറിയും നിലമ്പൂർ സ്വദേശിയുമായ അഡ്വ ബീന ജോസഫുമായി ബി ജെ പിയുടെ മുതിർന്ന നേതാവ് എംടി രമേശ് ചർച്ച നടത്തി കഴിഞ്ഞു. മഞ്ചേരിയില്‍ എത്തി എംടി രമേശ് ബീന ജോസഫിനെ നേരില്‍ കാണുകയായിരുന്നു.
കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിന് വേണ്ടി ശ്രമിച്ചിരുന്ന ബീന ജോസഫ് മണ്ഡലത്തിലെ മണിമൂളി സ്വദേശിയും മലയോര മേഖലയില്‍ സ്വാധീനമുള്ള വ്യക്തിയുമാണ്. മഞ്ചേരി നഗരസഭാഗം കൂടിയായ ബീന ഇടക്കാലത്ത് വൈസ് ചെയർപേഴ്സണ്‍ കൂടിയായിരുന്നു. മലയോര മേഖലയിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടി നിർണ്ണായകമായ മണ്ഡലത്തില്‍ ബീന ജോസഫ് ബി ജെ പി സ്ഥാനാർത്ഥിയാകുകയാണെങ്കില്‍ അത് യു ഡി എഫിന് കനത്ത തിരിച്ചടിയായി മാറിയേക്കും.
എംടി രമേശ് തന്നെ വന്നു കണ്ട കാര്യം കെ എസ് യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും രാഷ്ട്രീയത്തിൽ എത്തിയ ബീന ജോസഫ് തുറന്ന് സമ്മതിക്കുന്നുമുണ്ട്. എംടി രമേശ് ഒരു കേസുമായി ബന്ധപ്പെട്ടാണ് തന്റെ അരികില്‍ വന്നതെങ്കിലും രാഷ്ട്രീയവും സംസാരിച്ചിരുന്നുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ബീന വ്യക്തമാക്കിയത്. എന്നാല്‍ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുമോയെന്ന കാര്യം അവർ തുറന്ന് വ്യക്തമാക്കുന്നില്ല.
കാലങ്ങളായി ഡി സി സി ജനറല്‍ സെക്രട്ടറിയാണ്. പാർട്ടിക്ക് വേണ്ടി അത്രയധികം പ്രവർത്തിക്കുന്നു. ഞാന്‍ മത്സരിക്കാന്‍ യോഗ്യയാണോ അല്ലയോ എന്ന് പറയേണ്ടിയിരുന്നത് എന്റെ പാർട്ടിയാണ്. മലയോര മേഖലയുടേയും കർഷകരുടേയും പ്രശ്നങ്ങള്‍ തിരിച്ചറിയുന്നവരും പരിഹരിക്കാന്‍ സാധിക്കുന്നവരുമായിരിക്കണം മുന്നോട്ട് വരേണ്ടത്. നിലമ്പൂർ പോലുള്ള ഒരു പ്രദേശത്ത് പ്രത്യേഗിച്ച് അക്കാര്യം പരിഗണിക്കണമായിരുന്നു. പക്ഷെ സ്ഥാനാർത്ഥിയുടെ കാര്യത്തില്‍ നമ്മളോടൊന്നും ചർച്ച നടത്തിയിരുന്നില്ലെന്നും ബീന തുറന്ന് പറയുന്നു.
അതേസമയം എംടി രമേശുമായി നടത്തിയ ചർച്ചയുടെ കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയാന്‍ അവർ തയ്യാറായില്ല. ഒരു പ്രൊഫഷണല്‍ കൂടിയായ ഞാന്‍ പുറത്ത് പറയരുതെന്ന് പറഞ്ഞ കാര്യം വെളിപ്പെടുത്തുന്നത് ശരിയല്ല. രഹസ്യങ്ങള്‍ എപ്പോഴും അതുപോലെയിരിക്കട്ടെ. പെട്ടെന്നുള്ള ഒരു ചോദ്യമാകുമ്പോള്‍ അതിന് മറുപടി നല്‍കാന്‍ നമ്മള്‍ റഡിയല്ല. പലരോടും ചോദിക്കേണ്ടതുണ്ട്. എന്റെ ആഗ്രഹം എപ്പോഴും കോണ്‍ഗ്രസുകാരിയായി നില്‍ക്കാനാണെന്നും ബീന തുറന്ന് പറയുന്നു. അതേസമയം തുടർചർച്ചയുണ്ടാകുമോയെന്ന ചോദ്യത്തിന് ഞാന്‍ അങ്ങോട്ട് പോകില്ല, അവർ ഇങ്ങോട്ട് വരുമോ എന്ന് അറിയില്ലെന്നായിരുന്നു അവരുടെ മറുപടി.












Click it and Unblock the Notifications