ഹിന്ദു മഹാസഭയും പിഡിപിയും ഇടതിനൊപ്പം; വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനൊപ്പം, വിവാദം
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ ചെറുകക്ഷികളുടെ പിന്തുണയില്‍ വിവാദം. പിഡിപി പതിവ് പോലെ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനൊപ്പം നില്‍ക്കുന്നുവെന്നും അറിയിച്ചു. അഖില ഭാരത ഹിന്ദു മഹാസഭ ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ഈ മൂന്ന് പാര്‍ട്ടികളെയും വര്‍ഗീയ കക്ഷികളായിട്ടാണ് എല്‍ഡിഎഫും യുഡിഎഫും കഴിഞ്ഞകാലങ്ങളില്‍ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരെ ന്യായീകരിച്ച് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ പ്രതകരിച്ചു. ഹിന്ദുമഹാസഭയുടെ പിന്തുണ തേടിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഓരോ വോട്ടും പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ മുന്നണികളും മുന്നോട്ട് പോകുന്നത്. ചെറുകക്ഷികളുടെ പിന്തുണയില്‍ പലവിധ പ്രചാരണമുണ്ടായതോടെ നേതാക്കള്‍ പ്രതികരിച്ചു രംഗത്തുവന്നു. ഭീകരവാദികളെ താലോലിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും ചെയ്യുന്നത് എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദു-ക്രിസ്ത്യന്‍ വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
വര്‍ഗീയ കക്ഷികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറി എന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചു. കേരളത്തിലുടനീളം യുഡിഎഫ് ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നതില്‍ തര്‍ക്കമില്ല എന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെയും പിഡിപിയെയും താരതമ്യം ചെയ്യേണ്ടതില്ല. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ കക്ഷിയാണെന്നും പിഡിപി പഴയ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി സ്വന്തം നിലയ്ക്ക് യുഡിഎഫിനെ പിന്തുണയ്ക്കുകയാണെന്നും അതിന് ഞങ്ങള്‍ മറുപടി പറയേണ്ടതില്ലെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിഡിപി അങ്ങോട്ട്, വെല്‍ഫെയര്‍ ഇങ്ങോട്ട്. പിഡിപി പിന്തുണ ലഭിച്ചത് അവര്‍ മറച്ചുവയ്ക്കുകയാണ്. വെല്‍ഫെയര്‍ കുറേ കാലം അവര്‍ക്കൊപ്പമായിരുന്നു. ഇപ്പോള്‍ വിട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മതരാഷ്ട്ര വാദം ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ ഉന്നയിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. അവര്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. സിപിഎമ്മിനെ പിന്തുണച്ച വേളയില്‍ മതേതര വാദികളായിരുന്നു അവര്‍. യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയവാദികളായി. ഇതിനെയാണ് ഇരട്ടത്താപ്പ് എന്ന് പറയുന്നതെന്നും സതീശന്‍ പറഞ്ഞു.
അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിനെ പിന്തുണയ്ക്കുമെന്ന് അഖില ഭാരത ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് പറഞ്ഞു. എ വിജയരാഘവന്‍, എംവി ഗോവിന്ദന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളാത്തത് കൊണ്ട് ബിജെപിയെ പിന്തുണയ്ക്കുന്നില്ല. ഇടതുപക്ഷം മതനിരപേക്ഷത്തിനും വികസനത്തിനും ഊന്നല്‍ നല്‍കുന്നുണ്ടെന്നും സ്വാമി പറഞ്ഞു. എന്നാല്‍ ഹിന്ദുമഹാസഭയെ അറിയില്ലെന്നും ഒരു സ്വാമിയും തന്നെ കാണാന്‍ വന്നിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു.












Click it and Unblock the Notifications