സതീശനെതിരെ തുറന്നടിച്ച് പിവി അന്‍വർ: കാല് പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുന്നു; ഇനി കാല് പിടിക്കില്ല
നിലമ്പൂർ: തൃണൂല്‍ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കാത്ത യു ഡി എഫിനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ രൂക്ഷ വിമർശനവുമായി പിവി അന്‍വർ. യു ഡി എഫില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുമെന്നും പ്രചരണത്തിന് മമത ബാനർജി അടക്കമുള്ള പാർട്ടിയുടെ പ്രമുഖ നേതാക്കളെ പ്രചരണത്തിന് എത്തിക്കുമെന്നും അന്‍വർ പറയുന്നു.
താന്‍ നിലപാട് പലതവണ വ്യക്തമാക്കിയതാണ്, എന്നിട്ടും നിലപാട് വ്യക്തമാക്കട്ടേയെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. വിഡി സതീശന്‍ തന്നെ ചെളിവാരിയെറിഞ്ഞ് ദയാവധത്തിന് വിട്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ താന്‍ അധിക പ്രസംഗിയാണ്. കാല് പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. ഇനി താന്‍ ആരുടേയും കാല് പിടിക്കാനില്ല. തന്നെ കത്രിക പൂട്ടിട്ട് പൂട്ടി. അതായത് രണ്ട് വശത്ത് നിന്നും പൂട്ടി. പ്രതിപക്ഷ നേതാവിനെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നു. കൂടുതല്‍ മുന്നോട്ട് പോയാല്‍ അക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തേണ്ടി വരും. ഇനി പ്രതീക്ഷയുള്ളത് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലില്‍ ആണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

തൃണമൂൽ കോൺഗ്രസിനെ യു ഡി എഫ് മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ എന്താണ് പ്രശ്നം? എന്റെ പാർട്ടിയെ മുന്നണിയിൽ ഉള്‍പ്പെടുത്താതിരിക്കാന്‍ എന്ത് ന്യായീകരണമാണ് ഉള്ളത്? തൃണമൂലിനെ ഘടകകക്ഷിയാക്കുകയാണെങ്കിൽ അവരുടെ ദേശീയ നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പാർട്ടി നേതൃത്വം എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിലെ കെ സുധാകരൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നിവരടക്കമുള്ള നേതാക്കൾ എന്നെ ബന്ധപ്പെടുന്നുണ്ട്. മുന്നണിയിൽ ഒരു അസോസിയേറ്റഡ് അംഗമായി ഉൾപ്പെടുത്തിയാലും മതി. എന്നാല്‍ അത് ഉടൻ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറയുന്നു.
യു ഡി എഫ് പ്രവേശനം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കത്ത് നല്‍കിയിട്ട് നാല് മാസമായി. മെയ് 2-ന് നടന്ന യു ഡി എഫ് യോഗത്തിന് ശേഷം, കൺവീനർ എം എം ഹസൻ പത്രസമ്മേളനം നടത്തി, കാര്യങ്ങൾ തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. എന്നാല്‍ അന്ന് വി ഡി സതീശനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മെയ് 15-ന് വി ഡി സതീശനുമായി ചർച്ച നടത്തിയപ്പോൾ, രണ്ട് ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. എന്നാൽ, പിന്നീടും തുടർനടപടികളൊന്നും ഉണ്ടായില്ല. സർക്കാരിനെ താഴെയിറക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യം. മുന്നണിയിൽ ചേരാൻ തയ്യാറാണെന്ന് അറിയിച്ചപ്പോൾ യു ഡി എഫ് സമ്മതം അറിയിച്ചു. എന്നാല്‍ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേയ്ക്ക് വിടുകയാണ് ചെയ്തതെന്നെന്നും അദ്ദേഹം വിമർശക്കുന്നു.
കെസി വേണുഗോപാലിന്റെ ഭാഗത്ത് നിന്നും നീതി ലഭിച്ചില്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥിയുണ്ടാകും എന്ന കാര്യം ഉറപ്പാണ്. ആ സ്ഥാനാർത്ഥിയുടെ പ്രചരണത്തിനായി മമത ബാനർജിയും ബംഗാളിലെ മന്ത്രിമാരും എംപിമാരുമൊക്കെ വരും. പച്ചയായ രാഷ്ട്രീയം അപ്പോള്‍ പറയും എന്ന കാര്യത്തില്‍ ഒരു തർക്കവും വേണ്ടതില്ല. ചൊറി പിടിച്ച അന്‍വറിനെ വേണ്ട എന്നാണ് അവരുടെ തീരുമാനമെങ്കില്‍ ഞാന്‍ ജനങ്ങളിലേക്ക് ഇറങ്ങും.
വിഎസ് ജോയിയെ നിലമ്പൂരില്‍ സ്ഥാനാർത്ഥിയാക്കാമെന്ന ഉറപ്പ് യു ഡി എഫ് നേതാക്കള്‍ നേരത്തെ എനിക്ക് തന്നിരുന്നു. എന്നാല്‍ യു ഡി എഫ് ആരെ തീരുമാനിച്ചാലും ഞാന്‍ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. യു ഡി എഫിന്‍റെ ഭാഗമാക്കിയിരുന്നെങ്കിൽ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നു. ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നു എന്നുള്ളതാണ് പ്രശ്നം. ജനങ്ങള്‍ എന്ത് സഹിച്ചാലും ഒരു അഡ്ജസ്മെന്റ് രാഷ്ട്രീയത്തിലൂടെ മുന്നോട്ട് പോകാനാണ് ചിലർ ആഗ്രഹിക്കുന്നത്. അതിന് എനിക്ക് സാധിക്കില്ല. കെസി വേണുഗോപാലിലും കോണ്‍ഗ്രസിന്റെ മറ്റ് മുതിർന്ന നേതാക്കളിലും യു ഡി എഫ് ഘടകകക്ഷി നേതാക്കളിലും തനിക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications