അൻവർ പെട്ടു, നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് തന്നെ സ്ഥാനാർത്ഥി..പ്രഖ്യാപനം ഉടൻ
മലപ്പുറം: പിവി അൻവറിനെ തള്ളി നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ യുഡിഎഫ്. ഷൗക്കത്തിന്റെ പേര് കെപിസിസി ഇന്ന് ഹൈക്കമാന്റിന് കൈമാറും. വൈകീട്ട് തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് നീക്കം. 24 മണിക്കൂറിനുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. അതേസമയം ഇനി അൻവർ എന്ത് നിലപാടെടുക്കുമെന്നാണ് ഉറ്റുനോക്കുന്നത്.
സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിന്റേയും ഡിസിസി അധ്യക്ഷൻ വിഎസ് ജോയിയുടേയും പേരുകളായിരുന്നു കോൺഗ്രസിൽ ഉയർന്ന് വന്നത്. ആരെ സ്ഥാനാർത്ഥിയാക്കിയാലും പിന്തുണയ്ക്കുമെന്ന നിലപാടാണ് അൻവർ ആദ്യം സ്വീകരിച്ചത്. എന്നാൽ കോൺഗ്രസിൽ ആര്യാടൻ ഷൗക്കത്തിന് പിന്തുണ ഏറിയതോടെ അൻവർ ഇടഞ്ഞു. വിഎസ് ജോയിക്ക് വേണ്ടി അൻവർ ആവശ്യം ശക്തമാക്കി. കോൺഗ്രസ് വഴങ്ങുന്നില്ലെന്നായതോടെ കഴിഞ്ഞ ദിവസം അൻവർ വാർത്താസമ്മേളനം നടത്തി തുറന്നടിച്ചു.

ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കാനല്ല താന്‍ രാജിവെച്ചതെന്നായിരുന്നു അൻവറിന്റെ പറഞ്ഞത്. സീറ്റ് മോഹികൾക്ക് വേണ്ടിയാണെങ്കിൽ 10 മാസം കഴിഞ്ഞ് നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും 140 സീറ്റുകളുണ്ടല്ലോയെന്നും വാർത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു. ഇതിന് പിന്നാലെയാണ് അൻവറിന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലേക്ക് കോൺഗ്രസ് എത്തിയത്.
ജോയിക്ക് തദ്ദേശതിരഞ്ഞെടുപ്പ് ചുമതല
എം എൽ എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ തന്നെ നിലമ്പൂരിൽ കോൺഗ്രസിനാണ് തന്റെ പിന്തുണയെന്ന് പി വി അൻവർ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർത്ഥിയായി വി എസ് ജോയിയെ പ്രഖ്യാപിക്കണമെന്ന നിർദേശവും അൻവർ മുന്നോട്ട് വെച്ചു. മണ്ഡലത്തിൽ വലിയ സ്വീകാര്യതയുള്ള നേതാവാണ് വിഎസ് ജോയി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയടക്കം പിന്തുണയും ജോയിക്കുണ്ടായിരുന്നു. എന്നാൽ അടുത്തിടെ നടന്ന കോൺഗ്രസ് പുനഃസംഘടനയോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ജോയിക്ക് ഇനിയും മത്സരിക്കാൻ സമയം ഉണ്ടെന്നും മികച്ച ഡി സി സി അധ്യക്ഷൻ കൂടിയായ അദ്ദേഹം തദ്ദേശ തിരഞ്ഞെടുപ്പ് ഏകോപിപ്പിക്കട്ടെയെന്നുമാണ് ഇപ്പോഴത്തെ കോൺഗ്രസ് നിലപാട്.
അതേസമയം പിവി അൻവറിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. അൻവർ നടത്തുന്ന ഏത് നീക്കങ്ങളും കോൺഗ്രസിന് നിർണായകമാകും. സ്വതന്ത്രനായി അദ്ദേഹം മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഇതുവരെ അൻവർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അത്തരമൊരു തീരുമാനം അൻവർ സ്വീകരിച്ചാൽ നിലമ്പൂരിൽ പൊടി പാറുന്ന പോരാട്ടത്തിനാകും കളമൊരുങ്ങുക. എന്നാൽ അനവർ അതിന് മുതിർന്നേക്കില്ലെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. എങ്ങനെയെങ്കിലും യു ഡി എഫിൽ കയറിപ്പറ്റാനുള്ള നീക്കമായിരിക്കും അൻവർ സ്വീകരിച്ചേക്കുകയെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications