Nilambur Result: അന്‍വര്‍ കരുത്ത് കാട്ടി; വാതില്‍ അടച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്, കൂടെ ഉണ്ടായെങ്കില്‍ നന്നായേനെ
മലപ്പുറം: നിലമ്പൂരില്‍ മികച്ച രീതിയില്‍ വോട്ട് പിടിച്ച പിവി അന്‍വറിനെ കൂടെ ചേര്‍ക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ ഇനിയും ചര്‍ച്ച നടന്നേക്കും. കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് ഇത് സംബന്ധിച്ച് സൂചന നല്‍കി. അന്‍വര്‍ യുഡിഎഫിന് കൂടെ നിന്നിരുന്നെങ്കില്‍ നന്നായേനെ എന്ന് സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്‍വര്‍ 10000ത്തില്‍ അധികം വോട്ട് നേടിയ വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അന്‍വറിനെ ഇനി കൂടെ ചേര്‍ക്കുമോ എന്ന കാര്യം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. അന്‍വര്‍ 15000-20000 ത്തിന് അടുത്ത് വോട്ട് പിടിച്ചേക്കാം. ആരുടെ മുന്നിലും വാതില്‍ അടച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയെ പരസ്യമായി വിമര്‍ശിക്കുകയാണ് അദ്ദേഹം ചെയ്തത്. വാതില്‍ അടച്ചാലും താക്കോലുണ്ടല്ലോ, ആവശ്യമുണ്ടെങ്കില്‍ തുറക്കാമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ആഭ്യന്തര വകുപ്പിന്റെ വീഴ്ചകളും പോലീസിന്റെ ആര്‍എസ്എസ് ചായ്‌വും ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് വിട്ട അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും യുഡിഎഫില്‍ അംഗമാകാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിഡി സതീശന്റെ എതിര്‍പ്പ് കാരണം യുഡിഎഫ് പ്രവേശനം നടന്നില്ലെന്ന് അന്‍വര്‍ സൂചിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹം സ്വതന്ത്രനായി നിലമ്പൂരില്‍ ജനവിധി തേടിയത്.
അന്‍വര്‍ കുറച്ചു വോട്ട് പിടിക്കുന്നുണ്ട്. യുഡിഎഫിന് പ്രതീക്ഷിച്ച വോട്ട് കിട്ടും. ഭരണവിരുദ്ധ വികാരം അതിശക്തമാണ്. യുഡിഎഫിന്റെ വോട്ട് അന്‍വര്‍ ചോര്‍ത്തിയോ എന്ന് പരിശോധിക്കും. ചില ഇടങ്ങളില്‍ അന്‍വറിന് കൂടുതല്‍ വോട്ട് കിട്ടിയിട്ടുണ്ട്. പോത്തുകല്ലില്‍ ട്രെന്‍ഡ് മാറി. എങ്കിലും യുഡിഎഫ് വോട്ടുകള്‍ നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കണം എന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
അന്‍വര്‍ നിലമ്പൂരില്‍ ചെറിയൊരു ഫാക്ടറാണ്. ബിജെപി സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ വോട്ട് അന്‍വര്‍ പിടിച്ചു എന്നത് യാഥാര്‍ഥ്യമാണ്. ഒമ്പതു വര്‍ഷക്കാലം നിലമ്പൂരില്‍ അന്‍വര്‍ എംഎല്‍എയായിരുന്നു. സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചാണ് അദ്ദേഹം രാജിവച്ചത്. ജനങ്ങളുമായി ബന്ധമുണ്ട് എന്ന് വോട്ടിലൂടെ തെളിയിച്ചിരിക്കുന്നു എന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, സന്തോഷകരമായ വാര്‍ത്തയാണ് നിലമ്പൂരില്‍ നിന്ന് വരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നുണ്ട്. മുമ്പില്ലാത്ത വിധം യുഡിഎഫ് കെട്ടുറപ്പോടെയാണ് നിലമ്പൂരില്‍ ഇത്തവണ മല്‍സരിച്ചത്. അതിന്റെ ഫലം ഉണ്ടാകുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
പിവി അന്‍വറിന്റെ ഫാക്ടര്‍ തിരഞ്ഞെടുപ്പിന് ശേഷം വിലയിരുത്താം. ബാക്കി കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് ഫലം സമ്പൂര്‍ണമായി വന്ന ശേഷം പറയാമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. സമാനമായ പ്രതികരണം തന്നെയാണ് പികെ കുഞ്ഞാലിക്കുട്ടിയും നല്‍കിയത്.












Click it and Unblock the Notifications