യുഡിഎഫ് 8000, എല്‍ഡിഎഫ് 3000, പിവി അന്‍വര്‍ വഴിക്കടവ് മാത്രം 10000; നിലമ്പൂരിലേക്ക് കേരളം
മലപ്പുറം: നിലമ്പൂര്‍ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ശുഭപ്രതീക്ഷയിലാണ് എല്ലാ മുന്നണികളും സ്ഥാനാര്‍ഥികളും. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. സ്വരാജിന്റെ വ്യക്തിപ്രഭാവം വോട്ടാകുമെന്ന് എല്‍ഡിഎഫ് കരുതുന്നു. എന്നാല്‍ വഴിക്കടവ് പഞ്ചായത്തില്‍ ശക്തി കാണിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പിവി അന്‍വര്‍.
നിലമ്പൂര്‍ മണ്ഡലത്തിലെ വലിയ പഞ്ചായത്താണ് വഴിക്കടവ്. ഇവിടെ അന്‍വറിന് ജനപിന്തുണ ഏറെയാണ് എന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. അഞ്ച് റൗണ്ട് വോട്ട് എണ്ണുന്നത് വഴിക്കടവ് പഞ്ചായത്തിലാണ്. ശേഷം എണ്ണുന്ന മൂത്തേടം പഞ്ചായത്തില്‍ യുഡിഎഫ് വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. വഴിക്കടവില്‍ നിന്ന് 10000 വോട്ട് വരെ ലഭിക്കുമെന്നാണ് അന്‍വറിന്റെ പ്രതീക്ഷ.

അന്‍വര്‍ പറയുന്നത് ശരിയാണെങ്കില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ആദ്യ റൗണ്ടുകളില്‍ നെഞ്ചിടിക്കും. എന്നാല്‍ മറ്റു പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഏറ്റവും ഒടുവില്‍ 8000ത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുകയാണ് അവര്‍. കുറഞ്ഞത് 15000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നാണ് നേരത്തെ വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നത്.
അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ പ്രധാനമായും എല്‍ഡിഎഫിന്റേതാകുമെന്ന് യുഡിഎഫ് ക്യാമ്പ് കരുതുന്നു. അതേസമയം, ഇരുമുന്നണികളുടെയും വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്ന് അന്‍വര്‍ പറയുന്നു. താന്‍ ജയിച്ചില്ലെങ്കില്‍ യുഡിഎഫ് ജയിക്കണം എന്നാണ് ത്ാല്‍പ്പര്യമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ജയിച്ചാലും തോറ്റാലും താന്‍ ഉയര്‍ത്തിയ വിഷയങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
3000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. 2021ല്‍ നടന്ന വോട്ടെടുപ്പില്‍ 2700 വോട്ടുകള്‍ക്കാണ് ഇടതുസ്ഥാനാര്‍ഥിയായിരുന്ന പിവി അന്‍വര്‍ ജയിച്ചത്. ചില പഞ്ചായത്തുകളില്‍ നേരിയ ഭൂരിപക്ഷം മാത്രമാണ് അന്ന് എല്‍ഡിഎഫിന് കിട്ടിയത്. ഇത്തവണ ലീഗും കോണ്‍ഗ്രസും ഒറ്റക്കെട്ടായി മല്‍സരിച്ചു എന്നു മാത്രമല്ല, നേതാക്കള്‍ കൂട്ടത്തോടെ എത്തിയത് അണികളില്‍ ആവേശമുണ്ടാക്കുകയും ചെയ്തു.
ഇതെല്ലാം അനുകൂല ഘടകമായി യുഡിഎഫ് കാണുന്നു. 2021ല്‍ ബിജെപി സ്ഥാനാര്‍ഥി ടികെ അശോക് കുമാറിന് 8500 വോട്ട് ലഭിച്ചിരുന്നു. എസ്ഡിപിഐ സ്ഥാനാര്‍ഥി കെ ബാബു മണിക്ക് 3281 വോട്ടും. ഇത്തവണ ഇവരുടെ പ്രകടനം എങ്ങനെ എന്നതും വിലയിരുത്തപ്പെടും. നാളെ രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 11 മണിയോടെ സമ്പൂര്‍ണ ഫലം വരും. ആദ്യ മണിക്കൂറില്‍ തന്നെ വിജയിയെ ഏകദേശം തീരുമാനിക്കാം.
അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്‍, വഴിക്കടവ് എന്നീ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയുമാണ് നിലമ്പൂര്‍ മണ്ഡലത്തിലുള്ളത്. കരുത്ത് തെളിയിക്കാന്‍ അന്‍വറിന് കൂടുതല്‍ വോട്ട് കിട്ടേണ്ടതുണ്ട്. യുഡിഎഫ് ജയിച്ചാല്‍ വിഡി സതീശന്‍ എന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കേരള രാഷ്ട്രീയത്തില്‍ പ്രത്യേകം ചര്‍ച്ചയാകും. എല്‍ഡിഎഫ് ജയിച്ചാല്‍ പിണറായി സര്‍ക്കാരിന് മൂന്നാമൂഴം ഉറപ്പിക്കാമെന്ന പ്രതീക്ഷ ഇടതുക്യാമ്പിലുണ്ട്.












Click it and Unblock the Notifications